ക്വാറന്റൈനും ലോക്ക് ഡൗണും ചേര്‍ന്ന് പൊതു വിശുദ്ധ കുര്‍ബാനകള്‍ നിരോധിക്കപ്പെട്ട ഇക്കാലത്ത് നമുക്കാശ്വാസം ഓണ്‍ലൈന്‍ കുര്‍ബാനകള്‍ മാത്രമാണല്ലോ. ഈ അവസരത്തില്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ ഫലദായകവും ആത്മീയനിറവുമുളളതാകാന്‍ നാം എന്തു ചെയ്യണം?
വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വിശുദ്ധമായ സ്ഥലം പോലെ നാം ആയിരിക്കുന്ന സ്ഥലവും ക്രമീകരിക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. മെഴുകുതിരികള്‍, ക്രൂശിതരൂപം, വിശുദ്ധ രൂപങ്ങള്‍ എന്നിവയെല്ലാം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലുണ്ടായിരിക്കണം. പരിശുദ്ധ കന്യാമറിയത്തിന്‌റെ രൂപം ഏറ്റവും നല്ലത്.
പള്ളിയില്‍ പോകുന്നതുപോലെ നല്ലതും മാന്യമായതുമായ വേഷമായിരിക്കണം നാം ധരിക്കേണ്ടത്. ബാഹ്യമായ മറ്റ് പല ഘടകങ്ങളില്‍ നിന്നും മനസ്സിനെ അകറ്റണം. ഏകാഗ്രതയ്ക്ക് ഭംഗംവരുത്തുന്ന യാതൊന്നും മുറിയിലുണ്ടാകരുത്. പള്ളിയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയ്‌ക്കെന്ന പോലെ നാം ഇരിക്കുകയും നില്ക്കുകയും മുട്ടുകുത്തുകയും ഒക്കെ അതാത് സന്ദര്‍ഭങ്ങളില്‍ ചെയ്യണം.
ആത്മീയമായി നാം ആ കുര്‍ബാനയുമായി സംയോഗത്തിലാവുക എന്നതാണ് ഏറ്റവും പ്രധാനം.
അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ മാധ്യസ്ഥവും നാം പ്രത്യേകമായി ചോദിക്കണം. കാരണം വിശുദ്ധ കുര്‍ബാനയുടെ മിസ്റ്റിക്കല്‍ വിഷന്‍ ആദ്യമായി അനുഭവപ്പെട്ടത് ക്ലാരയ്ക്കായിരുന്നു. രോഗിയായതുമൂലം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ക്ലാരയ്ക്ക് ദൈവം ബലിയര്‍പ്പണം മുഴുവന്‍ കണ്ണുകളില്‍ കാണിച്ചുകൊടുക്കുകയായിരുന്നു. ടെലിവിഷന്റെ മാധ്യസ്ഥയായി ക്ലാരയെ വണങ്ങുന്നതിന്റെ കാരണവും ഇതുതന്നെ.