ഈശോയുടെ അവസാന പെസഹായുടേയും പീഡാസഹനത്തിന്റേയും മുൻപായി തന്റെ രാജകീയമായ ജറൂസലേം പ്രവേശനത്തിന്റെ ഓർമ്മയാണ് സഭാ വിശ്വാസികൾ പ്രാർത്ഥനാപൂർവം ഓശാന ഞായർ ദിനത്തിൽ ആചരിക്കുന്നത്. എന്നിരുന്നാലും വൈകാരികമായ ധാരാളം കാര്യങ്ങളാൽ സമ്പന്നമാണ് ഓരോ വിശ്വാസിക്കും ഓശാന എന്നത് സത്യമാണ്.
എന്റെ ഓർമ്മയിലുള്ള ഓശാന ഞായറുകൾ എന്നും ഏറെ ആഹ്ളാദത്തിന്റേതാണ്. കയ്യിൽ കുരുത്തോല വാങ്ങിയ നാളുകൾ, പിന്നീട് വൈദീകനായപ്പോൾ വിശ്വാസികൾക്ക് കുരുത്തോല വിതരണം ചെയ്തത് ഒക്കെ മായാതെ ഉള്ളിലുണ്ട്.
നാട്ടിൽ നിന്ന് മാറി നിന്നപ്പോൾ കുരുത്തോലയ്ക്ക് പകരം ഒലിവിന്റെ ശിഖരം കയ്യിൽ പിടിച്ചായിരുന്നു ഓശാന ഞായർ ആഘോഷിച്ചത് എന്ന വ്യത്യാസം മാത്രമാണ് വന്നിട്ടുള്ളത്. എല്ലാ ഓശാനയ്ക്കും ധാരാളം വിശ്വാസികളാൽ സമ്പന്നമായിരുന്നു തിരുക്കർമ്മങ്ങൾ. നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ നാം ഇന്നോളം പങ്കുചേർന്നിട്ടുള്ള ഓശാന ഞായർദിന ഓർമ്മകൾ ഇതുപോലെയോ ഇതിനു സമാനമോ ആയിരുന്നിരിക്കും.
ഇത്തരം പതിവുകൾ എല്ലാം മാറ്റിവച്ച് ഇപ്രാവശ്യം വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിലും വൈദീകർ അവരായിരിക്കുന്നിടത്തെ ദൈവാലയങ്ങളിലുമായി ഓശാന ഞായർ ആഘോഷിക്കുകയാണ്. കുറേയേറെ നവവൈദീകർക്ക് വൈദീകനായതിനു ശേഷമുള്ള ആദ്യ ഓശാനയാണ്, അതുപോലെ കുറേയധികം കുഞ്ഞുമക്കളുടെയും ആദ്യത്തെ ഓശാനയുമായിരിക്കുമിത്.
വിശുദ്ധവാരമെന്നാണ് ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ആഴ്ച ആരാധന ക്രമത്തിൽ അറിയപ്പെടുന്നത്, കാരണം വിശ്വാസ ജീവിതത്തിന്റെ ഏറ്റവും വിശുദ്ധമായ കാര്യങ്ങൾ ഈ ആഴ്ചയിൽ ഉൾചേർന്നിട്ടുണ്ട്. ഓശാന ഞായറിൽ തുടങ്ങുന്ന ആഴ്ചയിൽ ഈശോ തന്റെ പ്രിയപ്പെട്ടവരോടൊത്ത് നടത്തിയ പെസഹായും, ഒലിവുമലയിലെ പ്രാർത്ഥനയും, ഒറ്റുകൊടുക്കപ്പെടുന്നതും, പീഡകളും, തള്ളിപ്പറയപ്പെടുന്നതും, കുരിശുമരണവും, മൂന്നാം ദിനമുള്ള ഉയിർപ്പും എല്ലാമുണ്ട്.
അങ്ങിനെ ഓശാന ഞായർ വിശ്വാസികളെ സംബന്ധിച്ച് ക്രിസ്തീയ ജീവിതത്തിന്റെ മർമ്മപ്രധാനമായ നിമിഷങ്ങളിലേക്ക് ഈശോയോടൊപ്പം ഒരു യാത്ര നടത്തൽ കൂടിയാണ്. ഈശോയുടെ ജീവിതത്തിലെ വേദനയുടേയും പീഡനനത്തിന്റേയും തിരസ്കരണത്തിന്റേയുമൊക്കെ നിമിഷങ്ങൾ കൂടിച്ചേർന്ന കാര്യങ്ങളാണ് തുടർന്നുള്ള ദിനങ്ങളിൽ ആചരിക്കപ്പെടുക എന്നറിയാമെങ്കിലും, ഓശാന ഞായർ ആനന്ദവും സന്തോഷവും നൽകുന്ന ദിനമാണ്. കർത്താവായ ഈശോയെ എന്റെ ജീവിതത്തിന്റെ രക്ഷകനും രാജാവുമായി അംഗീകരിക്കുന്ന ദിനമെന്നും ഓശാനയെ വിളിക്കാൻ പറ്റും.
അന്നത്തെ ജനങ്ങൾ ഒലിവിൻ ചില്ലകളും വസ്ത്രങ്ങളും വഴിയിൽ വിരിച്ച്, ഭയമോ മടിയോ കൂടാതെ ദാവീദിന്റെ പുത്രന് ഓശാന എന്ന് ആർപ്പുവിളിച്ചതുപോലെ ഞാനും പരസ്യമായി അതേ ഓർമ്മ പുതുക്കുന്ന വർഷത്തിലെ ഒരേ ഒരു ദിനം കൂടിയാണിത്.
ഈശോ ഈ മണ്ണിലേക്ക് വന്നത് നമ്മുടെ രക്ഷയ്ക്ക്‌വേണ്ടിയാണ്. അവന്റെ പരസ്യജീവിതത്തിലൂടെ ഇക്കാര്യം വെളിവാക്കപ്പെടുന്നുമുണ്ട്.
അതേ ഈശോയെത്തന്നെ വിളിച്ചുകൊണ്ട്, തങ്ങളെ രക്ഷിക്കണമേയെന്ന് ആ ജനം ആവശ്യപ്പെട്ടത് അവൻ സത്യമായും വലിയ സാധ്യതകളുള്ള ഒരാളാണെന്ന തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം കൂടിയാണ്. ഓശാന വിളികളോടെ ഈശോയുടെ സമകാലികർ പ്രതീക്ഷിച്ചത് പാപത്തിൽനിന്ന് മോചനം കൊടുക്കുന്ന രക്ഷകനെ ആയിരുന്നില്ല, പകരമൊരു രാഷ്ട്രീയ വിമോചനം പകരുന്ന ഒരു രാജാവ്, അത് മാത്രമായിരുന്നവരുടെ മനസിലുണ്ടായിരുന്നത്.
ഇതാ, ഒരിക്കൽകൂടി നമ്മളും ഹൃദയപൂർവം അവന്റെ പക്കലേക്ക് ഓശാന വിളികളോടെ മിഴികളുയർത്തുന്ന ദിനം വന്നുചേർന്നിരിക്കുന്നു. ഈ ഓശാന ഞായർ ദിവസം നാമോരുത്തരം നമ്മുടെ വീടുകളുടെ അകത്തളങ്ങളിൽ പ്രാർത്ഥനാ നിരതരാകുമ്പോഴും പ്രതീക്ഷിക്കുന്നത് അന്നത്തെ ജനത്തിന്റേതിനു സമാനമായ കാര്യങ്ങൾത്തന്നെയാണോ അല്ലയോ എന്ന ഒരന്വേഷണം വ്യക്തിപരമായി നടത്തുന്നതും നല്ലതായിരിക്കും.
അത്തരമൊരന്വേഷണം ഈ രണ്ട് കാലങ്ങളും തമ്മിലുള്ള സാമ്യവും വ്യത്യാസവും എടുത്തുകാട്ടുകയും ചെയ്യും.
അന്നത്തെ ജനത്തിന്റെ പ്രതീക്ഷകൾ പോലെയല്ല തുടർന്നുള്ള കാര്യങ്ങൾ നീങ്ങിയത് എന്ന് പുതിയ നിയമ ജനമായ നമുക്കറിയാം. എന്തെന്നാൽ ഈശോ ഒരുക്കുന്ന രക്ഷയും അത്തരത്തിലല്ല എന്നതും തിരുവചനം പറഞ്ഞുതന്നിട്ടുള്ള കാര്യമാണ്. ഓശാന വിളികളുമായി ഈശോയും ഒപ്പമുണ്ടായിരുന്ന ജനാവലിയും എത്തിചേർന്നത് ജറൂസലേം ദൈവാലയത്തിലാണ്. അവൻ ദൈവാലയത്തിൽ പ്രവേശിച്ച് പറഞ്ഞത് അന്നുവരെ മറ്റാരും പറയാത്തതും, ചെയ്തത്, മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്തതുമായ കാര്യങ്ങളുമായിരുന്നു.
“എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്” എന്ന് ശക്തമായി ഈശോ പറയുകയും ദൈവാലയം ശുദ്ധമാക്കുകയും ചെയ്യുമ്പോൾ തന്നെ പലരുടേയും അധരങ്ങളിലുണ്ടായിരുന്ന ഓശാന വിളികളും ആരവങ്ങളും നിലച്ചിട്ടുണ്ടാകും എന്നതുറപ്പാണ്.
എങ്കിലും, ഭൗതീകമായ ഒരു രാജാവായി ഈശോയെ കാണുന്നതിന് പകരം അവൻ ആരാണെന്ന് മനസിലാക്കിയ ചുരുക്കംപേർക്ക് (അതിൽ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണെന്ന്” പരസ്യമായി പറഞ്ഞ പത്രോസെങ്കിലും ഉൾപ്പെട്ടിരുന്നോ എന്നതിന് വലിയ വ്യക്തതയില്ല) സന്തോഷം പകർന്ന അനുഭവമായിരിക്കാം ദൈവാലയത്തിൽ ഈശോ ചെയ്ത കാര്യങ്ങൾ.
സാധാരണയായി പെസഹാ ആചരണത്തിനു മുൻപ് ജറൂസലേമിൽ പോയി സ്വയം വിശുദ്ധീകരിക്കുന്ന ഒരു പതിവ് യഹൂദർക്കുണ്ട്. (യോഹ. 11:55) പതിവായുള്ളതും സാധാരണമായതുമായ ഈ യഹൂദ ആചരണത്തിൽ ഈശോ ചില പുതുമകൾ കൂട്ടിച്ചേർക്കുകയാണ് ഓശാന ദിവസം. കാലങ്ങളായി വിശുദ്ധമെന്ന് വിളിക്കപ്പെടുകയും കരുതപ്പെടുകയും ചെയ്തിരുന്ന ജറൂസലേം ദൈവാലയത്തിലെ വിശുദ്ധമല്ലാത്ത കാര്യങ്ങൾ ഒഴിവാക്കി, വീണ്ടും പരിശുദ്ധി പുനസ്ഥാപിച്ചു. ദൈവാലയം നശിപ്പിക്കുന്നതിനെക്കുറിച്ചും അത് പുനരുദ്ധരിക്കുന്നതിനെക്കുറിച്ചും ഈശോ പറയുന്നുണ്ട്, അത് തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണെന്ന് എന്നത് പലരും അറിഞ്ഞില്ല.
അന്ന് ഈശോ ദൈവാലയത്തെ വീണ്ടും ദൈവസാന്നിധ്യ ഇടമാക്കി മാറ്റിയതുപോലെ, ഈ ഓശാന ദിനം നമുക്കോരോരുത്തർക്കും ഒരാത്മീയമായ ശുദ്ധീകരണത്തിന് കാരണമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ചില പതിവുകൾ നഷ്ടമാകുന്നു എന്നറിയുമ്പോഴും, നാം മനസുവച്ചാൽ അതിലും ആഴമാർന്ന മറ്റു ചില നന്മകളിലേക്ക് നമ്മൾ എത്തിച്ചേരാനുള്ള വഴികൾ തുറക്കപ്പെടും.
ശരീരമാകുന്ന ദൈവാലയത്തിൽ നിന്നും അതുപോലെ ഭവനമാകുന്ന ദൈവാലയത്തിൽ നിന്നും നമ്മിലെ ദൈവ സാന്നിധ്യം അകറ്റുന്നവയെ ഒഴിവാക്കാനായാൽ ഈ ഓശാന ഏറെ അർത്ഥവത്താകും. ഈശോയുടെ രാജകീയ പ്രവേശനം എന്നിലും എന്റെ ഭവനത്തിലും പുതിയ സന്തോഷം പകരും.
തുടക്കത്തിൽ പറഞ്ഞതുപോലെ, പൊതുവായുള്ള കാഴ്ചപ്പാടിൽ ഓശാന ഞായർ വലിയ സന്തോഷത്തിന്റെ ദിനമാണ്, പക്ഷേ, ഈശോയുടെ രാജകീയ പ്രവേശനത്തെക്കുറിച്ചുള്ള വചനഭാഗങ്ങൾ മറ്റ് ചില കാര്യങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് എന്നത് വിസ്മരിക്കാതിക്കാം.
ലൂക്കാ സുവിശേഷകൻ, ഓശാന വിവരണത്തിന്റെ അവസാന ഭാഗത്ത് കൂട്ടിച്ചേർക്കുന്ന ഒരു വചനം ഇപ്രകാരമാണ്, “സമാധാനത്തിനുള്ള മാർഗങ്ങൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ!”(ലൂക്കാ 19:42). ദൈവാലയത്തിൽ പോയുള്ള തിരുക്കർമ്മങ്ങളുടെ ഭാഗമാകാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തകൾക്കപ്പുറം, എന്നിലും എന്റെ ഭവനത്തിലും സമൂഹത്തിലും ചുറ്റുപാടുകളിലും സമാധാനത്തിനുള്ള മാർഗങ്ങൾ സമാധാന രാജാവായ ഈശോയോട് ചേർന്ന് രൂപപ്പെടുത്തിയെടുക്കാൻ നമുക്ക് കഴിഞ്ഞാൽ, ഇന്നോളം നമ്മൾ ഭാഗമായിട്ടുള്ള ഓശാനകളേക്കാളും മികച്ച ഓശാനയായിരിക്കും ഇപ്രാവശ്യത്തേത്.
എല്ലാവർക്കും ഓശാന ഞായർ ആശംസകൾ.
പോൾ കൊട്ടാരം കപ്പൂച്ചിൻ