സിഡ്‌നി: നാനൂറ് ദിവസം നീണ്ട ജയില്‍ ജീവിതം തനിക്ക് ഒരു ധ്യാനം പോലെയായിരുന്നുവെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. ബാലലൈംഗിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ കോടതി കുറ്റവിമുക്തനാക്കിയ കര്‍ദിനാള്‍ പെല്‍ മോചനവാര്‍ത്ത അറിഞ്ഞതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രാര്‍ത്ഥനയ്ക്കുള്ള സമയമായിരുന്നു ജയില്‍ ജീവിതം. വളരെ ദുഷ്‌ക്കരമായ ഈ സമയത്ത് പ്രാര്‍ത്ഥനയാണ് എനിക്ക് ശക്തിനല്കിയത്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എനിക്ക് സാധിച്ചു. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. റിഫഌക്ഷനും എഴുത്തിനും ജയില്‍ജീവിതം ഏറെ സഹായിച്ചു. ഓസ്‌ട്രേലിയായില്‍ നിന്നും പുറത്തുമുള്ള അനേകരുടെ കത്തുകള്‍ തനിക്ക് ഏറെ ആശ്വാസം നല്കിയെന്നും അദ്ദേഹം അറിയിച്ചു.
കര്‍ദിനാള്‍ പെല്ലിനെ ആരോപണവിധേയനാക്കിയ കേസ് 1996 ല്‍ ആണ് നടന്നത്. അന്ന് ഗായകസംഘാംഗങ്ങളായിരുന്ന രണ്ട് ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ആറു വര്‍ഷത്തെ ജയില്‍വാസമാണ് കോടതി വിധിച്ചിരുന്നത്.
വിക്ടോറിയായിലെ അപ്പീല്‍ കോടതി മുമ്പ് കര്‍ദിനാളിന്റെ അപേക്ഷ തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ വന്ന അപ്പീലിലാണ് ജയില്‍വാസം റദ്ദ് ചെയ്തുകൊണ്ട് വിധിപ്രസ്താവിച്ചത്. വിപുലമായ എതിര്‍സാക്ഷ്യങ്ങളും സംഭവങ്ങളും കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെ ജയിലിലേക്ക് അയച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
താന്‍ അനീതിക്ക് ഇരയായ വ്യക്തിയാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.