Wednesday, March 19, 2025
spot_img
More

    നെഞ്ചോട് ചേര്‍ന്ന്…


     ശിഷ്യന്മാരില്‍ യേശു സ്‌നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസിലേക്ക് ചാരിക്കിടന്നിരുന്നു( യോഹ: 13:25)
     

    ഹൃദയത്തിന്റെ താളത്തിന് സ്‌നേഹത്തിന്റെ മുഴക്കമാണ്. പ്രിയപ്പെട്ട ഒരാളുടെ നെഞ്ചോട് ചാരികിടക്കുമ്പോള്‍ കാതുകളില്‍ നിറയുന്നത് ആ മുഴക്കമാണ്.

    അത്തരമൊരു മുഴക്കം കേട്ടിട്ടുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ മറ്റൊന്നിനെക്കുറിച്ചുമുള്ള ആകുലതകളില്ലാതാകുന്നു. സ്‌നേഹം എന്ന വാക്കിന്റെ കടലില്‍ അയാളുടെ ജീവിതം നിമജ്ജനം ചെയ്യപ്പെടുന്നു. പിന്നെ അയാള്‍ സ്‌നേഹം, സ്‌നേഹം എന്ന് മാത്രം ധ്യാനിക്കുന്നു, എത്ര വലിയ ഏകാന്തതയിലും എത്ര കഠിനമായ  വേദനയിലും എത്രയും തീക്ഷ്ണമായ തിരസ്‌ക്കരണത്തിലും…  യോഹന്നാന്‍ ശ്ലീഹായെപോലെ.. പാത്മോസ് ദ്വീപിന്റെ വിജനതയില്‍ അതല്ലാതെ മറ്റൊന്നും അയാളുടെ വാക്കായി മാറിയില്ല എന്ന് പുരാവൃത്തം.
     

    നെഞ്ചോട് ചേര്‍ന്നുകിടക്കുക എന്നതും ചേര്‍ത്തുകിടത്തുക എന്നു പറയുന്നതും  ചേര്‍ന്നുകിടക്കാന്‍ ഒരാളുണ്ടാവുക എന്നതുംഅത്രമേല്‍ നിസ്സാരമായ കാര്യമൊന്നുമല്ല. ഉള്ളടുപ്പങ്ങളുടെ  ഭേദമില്ലായ്മയാണ് അത്തരമൊരു സാധ്യതയുടെ വാതില്‍ തുറക്കുന്നത്. ഞാന്‍ ഒരാളുടേതാണ് എന്നതും എനിക്ക് ഒരാളുണ്ട് എന്നതുമാണ് അത് വിളംബരം ചെയ്യുന്നത്.
     

    ക്രിസ്തു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ എന്നുതന്നെയാണല്ലോ യോഹന്നാന് നല്കുന്ന വിശേഷണം. അപ്പോള്‍ ക്രിസ്തു മറ്റാരെയും സ്‌നേഹിച്ചിരുന്നില്ല എന്നാണോ..അല്ല മനുഷ്യരില്‍ വച്ച് ഏറ്റവും പരിപൂര്‍ണ്ണനായ, ഏറ്റവും ബാലന്‍സഡായ വ്യക്തിയായ ക്രിസ്തു എല്ലാവരെയും സ്‌നേഹിച്ചിരുന്നു. എന്നിട്ടും അവന്റെ സ്‌നേഹം വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിഞ്ഞത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ്. യോഹന്നാന് അത് സാധിച്ചു എന്നതാണ് അയാളുടെ ശിഷ്യത്വത്തിന്റെ , സൗഹൃദത്തിന്റെ മഹത്വം.
     

    തിരിച്ചറിയപ്പെടാതെ സ്‌നേഹമാണ് ഈ ലോകത്തിലെ വ്യക്തിബന്ധങ്ങളിലെ ഏറ്റവും വലിയ സങ്കടങ്ങള്‍. നെഞ്ചോട് ചേര്‍ന്നുകിടത്തിയിട്ടും സ്‌നേഹത്തിന്റെ മുഴക്കം തിരിച്ചറിയാതെ പോകുന്നതും…ചില സൗഹൃദങ്ങളുടെ പട്ടികയില്‍ നിന്ന് ചിലര്‍ ചിലരെയൊക്കെ എത്രയോ നിസ്സാരമായിട്ടാണ് നെഞ്ചില്‍ നിന്ന് അടര്‍ത്തിമാറ്റിയതെന്നും വെട്ടിനിരത്തിയതെന്നും ചിലപ്പോഴൊക്കെ നെഞ്ചുപിടയുന്ന വേദനയോടെ ഓര്‍മ്മിച്ചുപോയിട്ടുണ്ട്.

     റീപ്ലേയ്‌സ് ചെയ്യാവുന്ന ചില കമ്മോഡിറ്റി പോലെയാണ് അവര്‍ക്കൊക്കെ സൗഹൃദങ്ങള്‍.. ഇന്ന് ഒരാളെങ്കില്‍ നാളെ മറ്റൊരാള്‍..അതറിഞ്ഞുവരുമ്പോഴേയ്ക്കും ഉള്ളു കൊടുത്തവന്‍ സൗഹൃദങ്ങളുടെ പൂങ്കാവനത്തില്‍ ഒറ്റുകൊടുക്കപ്പെടുന്നവനും ചോര വിയര്‍ക്കുന്നവനുമായി മാറുന്നു.
     നിനക്ക് ചുറ്റിനുമുള്ള വിവിധ സ്‌നേഹങ്ങളില്‍ ഏതെങ്കിലുമൊക്കെ സ്‌നേഹങ്ങളെ നിന്റേത് മാത്രമായി വ്യവച്ഛേദിച്ചറിയാന്‍ നിനക്ക്കഴിയാതെ പോകുന്നത് നിന്റെ മനസ്സിന്റെ രോഗാവസ്ഥയോ നിനക്കുള്ള മറ്റ് ബാഹ്യമായ സമ്മര്‍ദ്ദങ്ങളോ കാരണമാകാം.

    അങ്ങനെ വരുമ്പോള്‍ അത് നിന്റെതന്നെ കുറവായി മനസ്സിലാക്കുന്നതിന് പകരം നീ ആ വ്യക്തിക്ക് നേരെ വിരല്‍ചൂണ്ടും. അത് അയാളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന മട്ടില്‍. നമുക്ക് ചുറ്റിനുമുള്ള വിവിധ തരം ബന്ധങ്ങളില്‍ ഇത്തരം കലഹധ്വനികളുണ്ട്.
     

    ഓരോ സ്‌നേഹവും വ്യക്തിപരമായി നാം തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യേണ്ടതാണ്. ക്രിസ്തുവും ഒരു വ്യക്തനുഭവമായി മാറണം, മാറേണ്ടതാണ് എന്നുതന്നെയാണ് വിവക്ഷ.  ക്രിസ്തുവിനെ വ്യക്തിപരമായി അനുഭവിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടോ? അവന്റെ സ്‌നേഹം അറിയാന്‍ എനിക്ക് കഴിയുന്നുണ്ടോ? യോഹന്നാനെപോലെ..?
     

    ക്രിസ്തുവിന്റെ ഹൃദയത്തോട് ചേര്‍ന്നുകിടക്കാനുള്ള അവസരമാണ് ഓരോ ദിവ്യകാരുണ്യസ്വീകരണവും.. ആ സ്‌നേഹത്തിന്റെ മുഴക്കം തിരിച്ചറിയാനുള്ള വേള. അത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട നിമിഷമായി  കണക്കാക്കണം.
     ഹൃദയത്തിന്റെതികവില്‍ നിന്ന് അധരങ്ങള്‍ സംസാരിക്കുന്നതുപോലെ സ്‌നേഹത്തിന്റെ തികവില്‍ നിന്നാണ് നമ്മുടെ കര്‍മ്മങ്ങളും രൂപപ്പെടേണ്ടത് എന്നതാണ് രണ്ടാമത്തെ ചിന്ത. ഏതു പ്രവൃത്തിയെയും അളന്നുനോക്കേണ്ട ഏകകമായി സ്‌നേഹം മാറുന്നു.

    അത്തരമൊരു പ്രവൃത്തികളുടെ പിന്നിലെല്ലാം വിയര്‍പ്പ് പൊടിയുന്നുണ്ട്.രക്തം പച്ചവെള്ളമായി മാറുന്നുമുണ്ട്.. സ്വന്തം വിയര്‍പ്പുകൊണ്ട്- അത് കായികം മാത്രമാകണമെന്നില്ല, ബുദ്ധിപരമായും നാം വിയര്‍ക്കുന്നുണ്ടല്ലോ- കുടുംബം പോറ്റുന്ന  കുടുംബനാഥന്മാരുടെ അദ്ധ്വാനങ്ങളെയൊക്കെ എത്ര നിസ്സാരമായിട്ടാണ് ചിലയിടങ്ങളില്‍  അവഗണിച്ചുകളയുന്നത്.
     ഓരോ അപ്പനും  മക്കള്‍ക്ക്  മുമ്പില്‍വച്ചുനീട്ടുന്ന അപ്പങ്ങളെയെല്ലാം നിന്ദിക്കുന്നത്  കൃതജ്ഞതയുടെ കുറവും അഭാവവുമാണ്.

    നിന്ദിക്കരുത് നിന്റെ അപ്പങ്ങളെ…ഓരോ അമ്മയും ഓരോ കുടുംബത്തിനുംവേണ്ടി ഓരോ നിമിഷവും അപ്പമായി മാറുന്നവരാണ്..വിവിധതരത്തില്‍ ആയിരിക്കാം അത്. അതിനെയും നിന്ദിക്കരുത്

    സ്‌നേഹത്തിന്റെ നീരാവിയില്‍ പാകം ചെയ്യുന്നതാണ് ഓരോ അപ്പവും. വിശുദ്ധ കുര്‍ബാന സ്ഥാപിക്കുമ്പോള്‍ ക്രിസ്തു പോലും വിയര്‍ക്കുന്നുണ്ട്. താന്‍ നാളെ അപ്പമായി മാറുകയാണ് എന്ന ചിന്തയാണ് ആ വിയര്‍പ്പിന് പിന്നില്‍. എത്രയോ അധികമായി വില കല്പിക്കേണ്ടതാണ് ഈ അപ്പം എന്നും നാം അറിയണം. എന്നിട്ടും എത്ര അലക്ഷ്യമായും അശ്രദ്ധമായുമാണ് നാം അത് സ്വീകരിക്കുന്നതെന്നും

    ചുരുക്കത്തില്‍ സ്‌നേഹം വ്യക്തിപരമായി തിരിച്ചറിയുക. അത് ദൈവത്തിന്റെ സ്‌നേഹം മുതല്‍ സുഹൃത്തിന്റെ സ്‌നേഹം വരെയാകാം.. അപ്പന്‍,അമ്മ, കൂടപ്പിറപ്പുകള്‍, ഇണ, മക്കള്‍, അയല്‍ക്കാര്‍ എല്ലാം അതില്‍ പെടുന്നുണ്ട്. വ്യക്തിപരമായി നിനക്ക് ഏതൊരാളുടെ സനേഹം തിരിച്ചറിയാന്‍ കഴിയാതെ വരുന്നുവോ നീ അവിടെ മറ്റെയാളുടെ സ്‌നേഹത്തെ നിന്ദിക്കുകയും അപഹസിക്കുകയും പകരം നീ സ്‌നേഹിക്കപ്പെടുന്നില്ല എന്ന് വാവിട്ടുനിലവിളിക്കുകയും ചെയ്യും. സ്‌നേഹം മനസ്സിലാക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം. കടക്കാരനാകാതെ സ്‌നേഹം തിരികെ നല്കുന്നത് ഏറ്റവും വലിയ ദാനവും.

    സ്‌നേഹത്തിന്റെ പിന്നിലെ വിയര്‍പ്പുകളെ നിസ്സാരവല്ക്കരിക്കാതിരിക്കുക .

    വിനായക് നിര്‍മ്മല്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!