യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനമറിയവും നില്ക്കുന്നുണ്ടായിരുന്നു( യോഹ: 19:25)
കുരിശേറാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അത് സവിശേഷമായ വിളിയും ദൗത്യവുമാണ്. കുരിശിലേറ്റാനും എല്ലാവരും സന്നദ്ധരാകണമെന്നില്ല. കാരണം അത്രയുമൊന്നും ക്രൂരതയും സ്വാര്‍ത്ഥതയും എല്ലാവര്‍ക്കും ഉണ്ടാവണെമന്നില്ല.
പക്ഷേ കുരിശിന്റെ ചുവട്ടില്‍,കുരിശനരികെ നില്ക്കാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞേക്കാം. അത് ഒരു വിളിയാണ്. കുരിശിന്റെ പിന്നാലെ സഞ്ചരിക്കുന്നവര്‍ പോലും പാതിവഴികളില്‍ വച്ച് പലകാരണം കൊണ്ടും പിന്തിരിയുമ്പോള്‍ ചിലര്‍ കണ്ണീര്‍ പൊഴിച്ചും നെടുവീര്‍പ്പെട്ടും കുരിശിന്റെ അരികിലെത്തും..
കുരിശിന്റെ അരികില്‍ നില്ക്കുക എന്നതാണ് പ്രധാനം. കാരണം കുരിശിന്റെ അരികില്‍ നില്ക്കുന്നവര്‍ക്കാണ് കുരിശു പൂക്കുന്നത് കാണാന്‍ അവസരം.. അത് അവര്‍ക്ക് കിട്ടുന്ന സൗജന്യമാണ്.അവരുടെ സ്‌നേഹത്തിന്റെ..ത്യാഗത്തിന്റെ വിട്ടുപിരിയാന്‍ കഴിയാത്ത ആത്മബന്ധത്തിന്റെ പ്രതിഫലം..
ഓരോ കുരിശിന്‍ചുവടും നമ്മോടുള്ള മറ്റുള്ളവരുടെ സ്‌നേഹംഅളക്കാനുള്ള അടയാളമാണ്..
നിന്നെ അവര്‍ എത്രമാത്രം സ്‌നേഹിച്ചിരുന്നു.. നിന്നെ അവര്‍ എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെയും നിന്റെ സങ്കടങ്ങള്‍ അവരെ എത്രമേല്‍ വേട്ടയാടുന്നു എന്നതിന്റെയും അടയാളം..
ഒരാളുടെ സങ്കടങ്ങളില്‍ അയാളോട് ചേര്‍ന്നുനില്ക്കുന്നവര്‍ക്കേ അയാള്‍ നാളെ മഹത്വത്തിന്റെ മഹോന്നതിയിലേക്ക് പ്രവേശിക്കുമ്പോള്‍ പങ്കുചേരാന്‍ അവസരംലഭിക്കുകയുള്ളൂ. എന്നാല്‍ ഭൂരിപക്ഷത്തിന്റെയും പങ്കുചേരലും പങ്കാളിത്തവും ഓശാനകളില്‍ മാത്രമാണുളളത്.
ഓശാനയില്‍ നിനക്ക് മഹത്വമുണ്ട്. നീ അവിടെ സംതിങ് ഡിഫറന്റാണ്. നിനക്ക് കയ്യടികളുണ്ട്.. കടന്നുപോകാന്‍ രാജവീഥികളുണ്ട്. അപ്പോള്‍ കൂടെ നില്ക്കാന്‍ സന്തോഷമുണ്ട്..അഭിമാനമുണ്ട്.. നീ അതിന്റെ ഭാഗമാണെന്ന് പറയുമ്പോള്‍ അയാള്‍ക്ക് കിട്ടുന്ന വിജയത്തിന്റെയും മഹത്വത്തിന്റെയും ഓഹരി നിനക്കുകൂടി അവകാശപ്പെട്ടതാണ്.
പക്ഷേ കുരിശിന്റെ വഴികളില്‍ ഇടറിയും തെറ്റിദ്ധരിക്കപ്പെട്ടും കൂക്കുവിളിച്ചും ഒരുനായ്കണക്കെ നിന്നെ കല്ലെറിഞ്ഞോടിക്കുമ്പോള്‍ ഒരാളും നിന്റെകൂടെ വരില്ല..ഒരാളും നിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുകയുമില്ല. നേടാന്‍ അവര്‍ക്ക് ഒന്നുമില്ല..
നീ നഷ്ടപ്പെട്ടവനാണ്.. പരാജയപ്പെട്ടവനാണ്.. നിന്റെ വീഴ്ചയ്ക്ക് നിന്നെതന്നെ വിധിയെഴുതി അവര്‍ ഓടിപ്പോകും.. അല്ലെങ്കില്‍ നീ വിജയിച്ചുകാണിക്ക് എന്ന് വെല്ലുവിളിക്കും.
ജീവിതത്തില്‍ ചില അനുഭവങ്ങള്‍ അങ്ങനെ ഉണ്ടായിട്ടുമുണ്ട്. പ്രശസ്തമായ മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സ്ഥിരമായി വിളിക്കാറുണ്ടായിരുന്ന ചിലരൊക്കെയുണ്ടായിരുന്നു…അവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്.. ടിവി ചാനലില്‍ പ്രഭാഷണം നടത്താന്‍ അവസരം കിട്ടുമോ എന്നറിയുന്നതിന്…
പിന്നെ അവിടെ നിന്ന് പോയിക്കഴിഞ്ഞപ്പോള്‍ വിളിച്ചുകൊണ്ടിരുന്നവരുടെയെല്ലാം ഫോണ്‍ കോളുകള്‍ പെട്ടെന്നൊരു ദിവസം കൊണ്ട് ഇല്ലാതായി.. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പേരില്‍ എന്തുപറ്റിയെന്ന് അങ്ങോട്ട് വിളിച്ചപ്പോള്‍ അതിലൊരാള്‍ പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്, ഓ ഇനി വിനായക് അവിടെയില്ലല്ലോ..അപ്പോ പിന്നെ ലേഖനങ്ങളോ വാര്‍ത്തകള്‍ക്കോ വേണ്ടി വിളിക്കേണ്ട കാര്യമില്ലല്ലോ എന്ന്. ശരിയെന്ന് പറഞ്ഞ് ഫോണ്‍ വയ്ക്കുമ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നില്ല, പക്ഷേ ചങ്ക് പൊള്ളുന്നുണ്ടായിരുന്നു.
വേറെയും ഉണ്ടായിട്ടുണ്ട് ഭിന്നമല്ലാത്ത അനുഭവങ്ങള്‍. ചെയ്തുകൊണ്ടിരുന്ന ജോലി പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരുന്നപ്പോള്‍ താങ്ങായും തണലായും നില്ക്കുമെന്നൊക്കെ വെറുതെ വിചാരിച്ചിരുന്നവര്‍ അവരവരുടെ സുരക്ഷിതത്വം മാത്രം നോക്കി പോയത്.. ഒരു വാക്കു കൊണ്ടുപോലും അണച്ചുപിടിക്കാതിരുന്നത്.. അകലാന്‍ കാരണം നോക്കിയിരിക്കുകയായിരുന്ന മട്ടില്‍ പിരിഞ്ഞുപോയത്..
പക്ഷേ എല്ലാവരും അങ്ങനെയൊന്നുമല്ല.. ജീവിതത്തിലെ മറ്റ് ചില ദുഖവെള്ളിയിലൂടെ കടന്നുപോയ അവസരത്തില്‍ അറിയാതെയെന്നോണം പങ്കുവച്ച ചില സങ്കടങ്ങള്‍ കേട്ട് ഉള്ളുപിടഞ്ഞ് കൂടെ കരഞ്ഞവരും നീ കടന്നുപോകുന്ന സ്ലീവാപ്പാതകള്‍ കൂടപ്പിറപ്പിന്റെ നെഞ്ചുരുക്കം പോലെയാടാ എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചും പരിഹാരം നിര്‍ദ്ദേശിച്ചും കൂടെവന്നവരും കൂടെ നടന്നവരുമുണ്ട്..
കുരിശിന്റെ ചുവട്ടില്‍ നില്ക്കുന്നത് കുരിശുചുമക്കുന്നതിന് തുല്യമാണ്.. സ്‌നേഹിക്കുന്നതിന് തുല്യമാണ്. ക്രിസ്തുവിന്റെ ആ കുരിശിന്‍ ചുവടു തന്നെ ധ്യാനിക്കുക.. മരണത്തിന്റെ അവസാനനിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്ന ആ സ്‌നേഹസാന്നിധ്യങ്ങള്‍ ക്രിസ്തുവിനെ എത്രയധികമായിട്ടാണ് ആശ്വസിപ്പിച്ചിട്ടുണ്ടാവുക.
കുടുംബജീവിതമാകുന്ന കുരിശിന്റെ വഴിയില്‍ നാം എത്രയോ അധികമായി ചിലപ്പോഴൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും.. മുറിവേല്പിച്ചിട്ടുമുണ്ടാകും. കുടുംബത്തിന്റെ മുഴുവന്‍ ഭാരങ്ങളും ഏറ്റെടുത്തു നടന്നുനീങ്ങുന്ന കുടുംബനാഥനും രാവന്തിയോളം അടുക്കളയില്‍ ഭ്രമണം ചെയ്യുന്ന കുടുംബനാഥയും അറിഞ്ഞോ അറിയാതെയോ കുരിശിന്റെ വഴിയെ സഞ്ചരിക്കുന്നവരാണ്. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കൊണ്ട് ഒരാള്‍
കുരിശിലാണെങ്കില്‍ മറ്റെയാള്‍ കുരിശിന്റെ ചുവട്ടിലുണ്ടാകണം.. അല്ലാതെ നീ നിന്റെ കയ്യിലിരിപ്പ് കാരണം കുരിശേറി എന്ന് കൈയൊഴിഞ്ഞുനില്ക്കരുത്. ആ സാന്നിധ്യമാണ് കുരിശേറിയവന് ആശ്വാസമാകുന്നത്. ക്രിസ്തുവിന് പോലും അത്തരം ആശ്വാസം ലഭിച്ചിരിക്കാമെങ്കില്‍ നമുക്കതിനോടുള്ള ആഗ്രഹം എത്രയോ അധികമായിട്ടായിരിക്കാം!
കുരിശുകള്‍ക്കെല്ലാം ഭാരമുണ്ട്,, പക്ഷേ സ്‌നേഹത്തോടെയാണ് അത് ചുമക്കുന്നതെങ്കില്‍ ഭാരം നമ്മെ അലട്ടുകയില്ല, സ്‌നേഹത്തോടെ വഹിക്കുന്ന കുരിശുകള്‍ക്കേ പ്രതിഫലം കിട്ടൂ.. അത് മറക്കരുത്. ഒപ്പം ഒറ്റുകൊടുക്കുന്ന യൂദാസുമാരും ഉപേക്ഷിച്ചുപോകുന്ന പത്രോസുമാര്‍ക്കുമിടയില്‍ കുരിശിലായിരിക്കുന്ന ആളുടെ കുരിശിന്റെ ചുവട്ടില്‍ നില്ക്കാന്‍ നിനക്ക് കടമയുണ്ടെന്നും.
വിനായക് നിര്‍മ്മല്‍