.
മുമ്പ് എന്നത്തെക്കാളും തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥ. പ്രവാസികളായ പലരും കേരളത്തിലേക്ക മടങ്ങിയെത്തുമ്പോള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് രൂകഷമായ തൊഴിലില്ലായ്മ തന്നെയായിരിക്കും.
അതുകൊണ്ട് നമുക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം പ്രത്യേകമായി യാചിക്കണം. കാരണം നമ്മുടെ കുടുംബങ്ങള്‍ നിലനിന്നുപോരുന്നത് നമ്മുടെ ജോലി കൊണ്ടാണ്, വരുമാനം കൊണ്ടാണ്, വൃദ്ധരായ മാതാപിതാക്കളുടെ പരിപാലനം,ചികിത്സ, ഭക്ഷണം, മക്കളുടെ വിദ്യാഭ്യാസം, ബാങ്ക് ലോണുകള്‍… അനുദിനമുള്ള വീട്ടുചെലവുകള്‍ ഇങ്ങനെ എത്രയോ വലിയ ആവശ്യങ്ങളിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ തൊഴില്‍ സുരക്ഷയ്ക്കും സാമ്പത്തികഭദ്രതയ്ക്കും വേണ്ടി നമുക്ക് യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം. നസ്രത്തിലെ കുടുംബനാഥനായ അവിടുത്തേക്ക് നമ്മുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നന്നായി മനസ്സിലാകും. ആ വിശ്വാസത്തോടെ നമുക്ക് യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം.
കുടുംബങ്ങളുടെ നാഥനായ വിശുദ്ധ യൗസേപ്പേ, കുടുംബം പരിപാലിക്കാന്‍ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഈ ജോലിയെയും അതില്‍ നിന്നുളള വരുമാനമാര്‍ഗ്ഗങ്ങളെയും കാത്തുസംരക്ഷിക്കണമേ. ഞങ്ങളുടെ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമേ. ഞങ്ങള്‍ക്ക് ജോലി തരുന്ന വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. ഉന്മേഷത്തോടും ആത്മാര്‍ത്ഥതയോടും കൂടി ജോലി ചെയ്യാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ജോലിയിലൂടെ ദൈവം മഹത്വപ്പെടട്ടെ. ആമ്മേന്‍.