Saturday, December 21, 2024
spot_img
More

    വണക്കമാസം ആറാം ദിവസം; പരിശുദ്ധ കന്യകയുടെ എളിമ

    ലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന്‍ യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം ദൈവമാതാവിന്‍റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്. അവള്‍ രക്ഷകന്‍റെ ആഗമനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, തനിക്ക് ആ ദൈവകുമാരന്‍റെ മാതാവാകാനുള്ള യോഗ്യതയുണ്ടെന്നു കരുതിയിരുന്നില്ല.

    പരിശുദ്ധ കന്യകയുടെ എളിമയാണ് ത്രീത്വത്തിലെ രണ്ടാമത്തെ സുതനായ ദൈവത്തെ അവളുടെ പക്കലേക്ക് ആകര്‍ഷിച്ചത് എന്ന്‍ വിശുദ്ധ അഗസ്തീനോസ് പറയുന്നു. മേരിയുടെ അഗാധമായ എളിമ അവളുടെ കൃതജ്ഞതാലാപം തന്നെ വ്യക്തമാക്കുന്നു.

    “എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിച്ചു. എന്തെന്നാല്‍ അവന്‍ തന്‍റെ ദാസിയുടെ താഴ്മയെ തൃക്കണ്‍പാര്‍ത്തു. ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കും” (വി.ലൂക്കാ 1:45-48). പരിശുദ്ധ കന്യക ദൈവത്തെ മഹത്വപ്പെടുത്തുന്നത് സ്തോത്രഗീത സമയത്ത് മാത്രമല്ല അവിടുത്തെ ജീവിതകാലം മുഴുവനും അതു ചെയ്തിരുന്നു. 

    യാഥാര്‍ത്ഥ എളിമ എന്നിലാണ് അടങ്ങിയിരിക്കുന്നത് എന്ന്‍ മറിയം സ്തോത്രഗീതത്തിലൂടെ വ്യക്തമാക്കുന്നു. ദൈവത്തെയും, നമ്മെയും അറിയുക. ആ യഥാര്‍ത്ഥ ജ്ഞാനത്തിന്‍റെ പ്രകാശത്തില്‍ നമുക്ക് ദൈവത്തോടും മറ്റു സൃഷ്ടവസ്തുക്കളോടുമുള്ള ബന്ധത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുക എന്നതാണ് എളിമ. പരിശുദ്ധ അമ്മ അവളുടെ മഹത്വകാരണം എളിമയാണെന്ന് പ്രഖ്യാപിക്കുന്നു. 

    “തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും” എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകള്‍ ദിവ്യജനനി മുന്‍കൂട്ടി മനസ്സിലാക്കി പ്രാവര്‍ത്തികമാക്കുകയാണ്. എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. പരിശുദ്ധ കന്യക ഒരു പ്രവചനം നടത്തുകയാണ്. ആ പ്രവചനം എത്ര സ്വാര്‍ത്ഥകമായിരുന്നുവെന്നു തിരുസഭാചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും. വിശുദ്ധന്മാര്‍ എല്ലാവരും മറിയത്തെ പ്രകീര്‍ത്തിക്കുന്നതില്‍ ഉത്സുകരായിരുന്നുവെന്ന്, ക്രിസ്ത്യാനികള്‍ മാത്രമല്ല, അക്രൈസ്തവരും മറിയത്തെ സ്തുതിക്കുന്നതില്‍ തത്പരരായിരുന്നു. 

    ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് അവരോധിതയായെങ്കിലും മേരി നസ്രസിലെ വിനീത കന്യകയായിട്ടാണ് ജീവിച്ചത്. എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ പോകുമ്പോഴും ക്രിസ്തുനാഥന്‍റെ പിറവിയിലും ഈജിപ്തിലേക്കുള്ള പലായനത്തിലും എല്ലാം മറിയത്തിന്‍റെ വിനയവും എളിമയും പ്രകാശിതമാകുന്നു. പരിശുദ്ധ മാതാവിന്‍റെ മക്കളായ നാം അമ്മയെ അനുകരിച്ചു എളിമയുള്ളവരാകണം. എളിമയുള്ളവര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ ഭൂമി അവര്‍ അവകാശമാക്കും എന്നുള്ള ക്രിസ്തുനാഥന്‍റെ വാക്കുകള്‍ നമ്മുടെ ജീവിതത്തിലും അന്വര്‍ത്ഥമാക്കാം.

    സംഭവം

    ഇസ്ലാം മതസ്ഥാപകനായ മുഹമ്മദും, ഖുറാന്‍ ഭാഷ്യകര്‍ത്താവായ കര്‍ത്തയും മറ്റനവധി വ്യക്തികളും പരിശുദ്ധ കന്യകയെ സ്തുതിക്കുന്നുണ്ട്. ഇന്ന് വിശ്വവ്യാപകമായ നിത്യസഹായ മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണല്ലോ. 1970-ല്‍ ബാംഗ്ലൂരിലുള്ള നാഷണല്‍ കാറ്റക്കറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്‍ററില്‍ (National Catechetical and Liturgical Centre) ഒരു പരിപാടി ഉണ്ടായിരുന്നു.

    ഈ പരിപാടിയിൽ ഒരു പാഴ്സി, ഒരു ഇസ്ലാം‌, ഒരു ഹൈന്ദവൻ എന്നീ മൂന്നുപേര്‍ വന്ന്‍ അവരുടെ മാനസാന്തര കഥ വിവരിച്ചു. മൂന്നു പേരുടെയും മാനസാന്തരത്തിന് കാരണമായത് പരിശുദ്ധ കന്യകയോടുള്ള ഭക്തിയാണ് എന്നവര്‍ പ്രസ്താവിക്കുകയുണ്ടായി. പ്രത്യേകിച്ചും ഹൈന്ദവന്റെ മാനസാന്തരം ശ്രദ്ധേയമാണ്. അങ്ങനെയിരിക്കുമ്പോള്‍ അവിടെ ദിവ്യരക്ഷ സഭക്കാരുടെ സെമിനാരിയോട് അനുബന്ധിച്ചുള്ള ദൈവാലയത്തില്‍ നിത്യസഹായമാതാവിന്‍റെ നൊവേനയില്‍ യാദൃച്ഛികമായി സംബന്ധിക്കുവാനിടയായി.

    അയാള്‍ ബി.എ.ബിരുദം സമ്പാദിച്ചതിനു ശേഷം ജോലിയില്ലാതെ വിഷമിക്കുകയായിരുന്നു. ജോലി കിട്ടുവാന്‍ വേണ്ടി ഒമ്പതു ദിവസം നൊവേനയില്‍ സംബന്ധിക്കാമെന്ന് അയാൾ പ്രതിജ്ഞ ചെയ്തു. രണ്ടു ദിവസം നവനാളിനു സംബന്ധിച്ചപ്പോള്‍ ജോലി കിട്ടി. മാതാവിന്‍റെ സഹായം ഒന്നുമാത്രമാണ് ഇതിനിടയാക്കിയത് എന്ന്‍ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. പിന്നീട് കത്തോലിക്കാ വിശ്വാസം സംബന്ധിച്ച് അദ്ദേഹം ധാരാളം അറിവ് നേടി.

    1965-ല്‍ അയാൾ കത്തോലിക്കാസഭയിൽ അംഗമായി. തന്നിമിത്തം അയാള്‍ക്ക് പിതൃസ്വത്തായി അമ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടു. എനിക്ക് പരിപൂര്‍ണമായ സമാധാനവും സംതൃപ്തിയും ലഭിച്ചു. എനിക്ക് സ്വര്‍ഗ്ഗീയ മാതാവായ പരിശുദ്ധ കന്യകാമറിയമുള്ളപ്പോള്‍ ലൗകികസമ്പത്തെല്ലാം നിസ്സാരമാണെന്നാണ് നൂറുകണക്കിന് ആളുകളുടെ മുന്നിൽ അയാൾ പ്രഘോഷിച്ചു.

    പ്രാര്‍ത്ഥന:

    ദൈവമാതാവായ പരിശുദ്ധ കന്യകേ, അങ്ങയുടെ വിസ്മയാവഹമായ എളിമയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ലജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുക്കുമാരന്‍റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതനെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയ്ക്കെല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതാവായ അങ്ങയേയും സ്നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. 

    എത്രയും ദയയുള്ള മാതാവേ!

    ലുത്തിനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    വിശുദ്ധിയുടെ വിളനിലമായ മറിയമേ! ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിനനുരൂപമാക്കണമേ. 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!