മണ്ണാര്‍ക്കാട് : ഹോട്‌സ്‌പോട്ടുകളും കണ്ടെയ്‌മെന്റ് സോണുകളും ഒഴികെ, കര്‍ശന കോവിഡ് 19 പ്രതിരോധ ക്രമീകരണങ്ങളോടെ, ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
കോവിഡ് 19 നെ പ്രതിരോധിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പള്ളികളില്‍ കര്‍ശനമായി നടപ്പിലാക്കുക സാധ്യമാണെന്നും ഓരോ വ്യക്തിയും നില്‌ക്കേണ്ട സ്ഥലം മുന്‍കൂട്ടി ക്രമീകരിച്ച് നല്കാന്‍, കുടുംബ കൂട്ടായ്മ യൂണിറ്റ് അടിസ്ഥാനത്തില്‍ ഓരോ ഇടവകയ്ക്കും കഴിയുമെന്നും അതനുസരിച്ചുള്ള രേഖകള്‍ ഓരോ ദിവസവും തയ്യാറാക്കി സൂക്ഷിക്കുകയും ചെയ്താല്‍ ആര്‍ക്കെങ്കിലും ഭാവില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുക എളുപ്പമായിരിയ്ക്കുമെന്നും കോണ്‍ഫ്രന്‍സ് വിലയിരുത്തി..
ഓരോ പള്ളിയിലും പ്രവേശിപ്പിക്കാവുന്ന ആളുകളുടെ കൃത്യമായ എണ്ണം ആരോഗ്യവകുപ്പ് വഴി പരിശോധിച്ച് അനുവാദം നല്കണം. കൂടാതെ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്യാവുന്നതുമാണ്. ഈ മഹാമാരിയുടെ വ്യാപനം തടയപ്പെടേണ്ടതാണെന്ന അവബോധം പൊതുസമൂഹത്തില്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്. കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ ആളുകള്‍ സ്വമേധയാ സ്വീകരിയ്ക്കുവാനും തുടങ്ങിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ജോസ് മേനാച്ചേരി, മോഹന്‍ ഐസക്, മാത്യു കല്ലടിക്കോട്, ചാര്‍ളി മാത്യു, ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേര്‍ളി റാവു, ജെയിംസ് പി.ജി, സണ്ണി ഏറനാട്ട്, അഡ്വ. റെജിമോന്‍ ജോസഫ്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര എന്നിവര്‍ സംസാരിച്ചു.
കോവിഡ് പ്രതിരോധ ക്രമീകരണങ്ങളോടെ, ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്കുകയും ചെയ്തു.