ബ്രസീല്‍: ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ കപ്പൂച്ചിന്‍ വൈദികന്‍ റോബര്‍ട്ടോ മരിയ ഡി മഗല്‍ഹയാസ് ദിവംഗതനായി. 99 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ലോകമെങ്ങുമുള്ള കത്തോലിക്കരുടെ ഹൃദയം കവര്‍ന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.
പ്രായത്തെ വകവയ്ക്കാതെയുള്ള ദൈവികശുശ്രൂഷയായിരുന്നു അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. എല്ലാ ദിവസവും വിശുദ്ധ ബലി അര്‍പ്പിക്കുന്ന പതിവിന് ഈ പ്രായത്തിലും മുടക്കം വന്നിരുന്നില്ല. ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴെല്ലാം മുട്ടുകുത്തി കുമ്പിട്ട് പ്രാര്‍ത്ഥിക്കുന്ന അച്ചന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയായില്‍ വൈറലായിരുന്നു. ഒരു പോലീസുകാരനെ തലയില്‍ കൈകള്‍വച്ച് അനുഗ്രഹിക്കുന്ന ചിത്രം അതില്‍ പ്രധാനപ്പെട്ടതായിരുന്നു.
ആശുപത്രി സന്ദര്‍ശവും ആ ജീവിതത്തിന്റെഭാഗമായിരുന്നു. 1944 ഒക്ടോബര്‍ ഒന്നിനായിരുന്നു പൗരോഹിത്യസ്വീകരണം. ഈ വരുന്ന സെപ്തംബര്‍ 10 ന് അദ്ദേഹത്തിന് നൂറുവയസ് പൂര്‍ത്തിയാകുമായിരുന്നു.
സെമിനാരി പ്രഫസര്‍, ഇടവകവൈദികന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, റെക്ടര്‍, അംഗോളയിലെ മിഷനറി എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കപ്പൂച്ചിന്‍ വൈദികര്‍ക്കെല്ലാം ഉത്തമമാതൃകയായിരുന്നു ഫാ. റോബര്‍ട്ടോയെന്ന് സേറ ആന്റ് പിയായുവിലെ കപ്പുച്ചിന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഫാ. എഡുവാര്‍ഡോ ജാന്‍ഡേഴ്‌സണ്‍ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.