രോഗീലേപനം എന്നാല്‍ അന്ത്യകൂദാശയാണ് എന്നൊരു ധാരണ പലരുടെയിടയിലുമുണ്ട്. അതുകൊണ്ടുതന്നെ അത് കേള്‍ക്കുമ്പോള്‍ പലരും പതറും.രോഗാവസ്ഥയില്‍ കഴിയുന്നവര്‍ പോലും കരുതുന്നത് രോഗീലേപനം നല്കുന്നതോടെ താന്‍ മരിച്ചുപോകും എന്നാണ്.
പക്ഷേ രോഗീലേപനം നല്കുന്നതോടെ മിക്കവാറും രോഗികളും വീണ്ടും ആരോഗ്യവാന്മാരായി ജീവിതത്തിലേക്ക് മടങ്ങിവരാറുണ്ട്. ജീവിതത്തില്‍ ഒന്നിലധികം തവണ രോഗീലേപനം സ്വീകരിച്ചിട്ടുള്ള ചിലവ്യക്തികളെക്കുറിച്ച് ചിലര്‍ പങ്കുവച്ചതും ഓര്‍മ്മിക്കുന്നു. വിശുദ്ധ മറിയം ത്രേസ്യായുടെ ജീവചരിത്രത്തിലും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
ഇത്തരം അനുഭവത്തിലൂടെ കടന്നുപോയ ഒരു വ്യക്തിയുടെ അനുഭവമാണ് ഇവിടെ എഴുതുന്നത്. പക്ഷേ വ്യക്തിയുടെ സ്വകാര്യത കണക്കിലെടുത്ത് പേരോ മറ്റ് വിവരങ്ങളോ വിശദീകരണങ്ങളോ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല.
ഏപ്രില്‍ 26 നാണ് ഈ സംഭവത്തിലെ വ്യക്തി കോവിഡ് രോഗബാധിതനായത്. ന്യൂമോണിയ പിടികൂടി പന്ത്രണ്ടു ദിവസം ആശുപത്രിയില്‍ കിടന്നു. മൂന്നാം ദിവസം മുതല്‍ ശ്വാസം മുട്ടല്‍ അധികരിച്ചു. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ലെവല്‍ കൂടുകയും ഓക്‌സിജന്‍ കുറയുകയും ചെയ്തു. സി ടി സ്‌കാനിങ്ങില്‍ ശ്വാസകോശത്തില്‍ എല്ലായിടത്തും ഗുരുതരമായ ന്യൂമോണിയബാധ പടര്‍ന്നിരിക്കുന്നതായി കണ്ടെത്തി.
അതോടെ നല്കി വന്നിരുന്ന സാധാരണ ഓക്‌സിജന്‍ മാറ്റി പകരം ഹൈ ഫ്‌ളോ ഓക്‌സിജന്‍ നല്കിത്തുടങ്ങി. ഈ സമയമെല്ലാം ഇദ്ദേഹത്തിന് വേണ്ടി ജീവിതപങ്കാളിയും ബന്ധുക്കളുമെല്ലാം തീവ്രമായ പ്രാര്‍ത്ഥനയിലായിരുന്നു. അപ്പോഴാണ് ജീവിതപങ്കാളിക്ക് ബൈബിളിലെ യാക്കോബ് ശ്ലീഹായുടെ ലേഖനത്തിലെ വാക്യങ്ങള്‍ ഓര്‍മ്മവന്നത്.
നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന് മാപ്പു നല്കും.( യാക്കോ 5; 14-15)
ഇതനുസരിച്ച് രോഗിക്ക് , രോഗീലേപനം നല്കാന്‍ തീരുമാനമായി. കുടുംബസുഹൃത്തായ വൈദികനാണ് രോഗീലേപനം നല്കിയത്. ആ ദിവസം തന്നെ രോഗിയുടെ അവസ്ഥയില്‍മാറ്റം വന്നുതുടങ്ങി. അണുബാധ കുറഞ്ഞുതുടങ്ങി. ഓക്‌സിജന്‍ ലെവല്‍ കൂടി. ഒരാഴ്ചയക്കുള്ളില്‍ ഓക്‌സിജന്‍ പൂര്‍ണ്ണമായും മാറ്റി. ഇന്ന് അദ്ദേഹം സുഖപ്രാപ്തി നേടി വീട്ടില്‍ കഴിയുന്നു.
ഈ സംഭവം നമ്മോട് പറയുന്നത് രോഗീലേപനം എന്നത് സൗഖ്യദായകമായ ശുശ്രൂഷയെന്നാണ്. അതുകൊണ്ട് രോഗീലേപനം എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കരുത്. മറിച്ച് യാക്കോബ് ശ്ലീഹായുടെ തിരുവചനഭാഗം ഓര്‍മ്മിക്കുക.