ഹൃദയം പുറമേയ്ക്ക് കാണിക്കാനുള്ളതല്ല അത് അകത്തുതന്നെ താഴിട്ടുപൂട്ടാനുള്ളതാണ് എന്നതാണ് എന്നത്തെയും വിചാരങ്ങള്‍. പക്ഷേ ഹൃദയം പുറമേക്കു കാണിക്കാന്‍ ധൈര്യമുള്ള ഒരാളേ ഈ ഭൂമിയെ കടന്നുപോയിട്ടുള്ളൂ. അത് ക്രിസ്തുവാണ്. ക്രിസ്തുവിന്റെ ഹൃദയം തിരുഹൃദയം ആയതുകൊണ്ടായിരിക്കണം അത് പുറമേക്കു കാണപ്പെടുന്നത്.
ഒളിച്ചുവയ്ക്കാന്‍ അവിടെയൊന്നുമില്ല. വഞ്ചന, സ്വാര്‍ത്ഥത, ആസക്തികള്‍, ദേഷ്യം, നീരസം, പക…. ഒന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലാതെ അല്ലെങ്കില്‍ അവയ്‌ക്കൊന്നിനും ഇടമില്ലാത്ത ഹൃദയം.
തിരുഹൃദയത്തിലേക്കൊന്ന് നോക്കുക.. അതിനെന്തൊരു പ്രകാശമാണ്! സ്‌നേഹത്തിന്റെ തീ അതിലെരിയുന്നുണ്ട്. സ്‌നേഹത്തിനുവേണ്ടി മുറിവേറ്റതും രക്തമൊലിക്കുന്നതുമായ ഹൃദയമാണത്. സ്‌നേഹിക്കുമ്പോള്‍ സംഭവിക്കാവുന്ന എല്ലാവിധ മുറിവുകളോടും കൂടിയത്. എന്നിട്ടും അതിന് മങ്ങലില്ല. അഗ്നിജ്വാലകള്‍ മുകളിലേക്കെന്നതുപോലെ സ്‌നേഹത്തിന്റെ പ്രകാശനാളങ്ങള്‍ ഉയര്‍ന്നുതന്നെയാണ് പ്രഭ ചൊരിയുന്നത്.
മുള്ളുകളാല്‍ ചുറ്റിവരിയപ്പെട്ടതും കുരിശോടുകൂടിയതുമാണ് തിരുഹൃദയം. നമ്മളെ ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരാളുണ്ടോ.. നമ്മളെ ഏതവസ്ഥയിലും സ്‌നേഹിക്കാന്‍ കഴിയുന്ന മറ്റൊരു വ്യക്തിയുണ്ടോ, ക്രിസ്തുവല്ലാതെ.. അവന്റെ ഹൃദയത്തിലെ മുറിവുകള്‍ സ്‌നേഹത്തിന്റെ മുറിവുകളാണ്. സ്‌നേഹിക്കപ്പെടുമ്പോള്‍ മുറി യുമെന്നും സ്‌നേഹത്തിന് മുറിവുകളുണ്ടെന്നുമാണ് അവ നമുക്ക് പഠിപ്പിച്ചുതരുന്നത്.
പക്ഷേ ആ മുറിവുകള്‍ക്കപ്പുറം സ്‌നേഹത്തിന്റെ കുരിശുമുണ്ട്. വിജയത്തിന്റെ കൊടിപ്പാറുന്ന വിജയം നല്കുന്ന കുരിശ്. ഹൃദയംകൊണ്ട് സ്‌നേഹിക്കുമ്പോഴും ഹൃദയത്തില്‍ സ്‌നേഹിക്കുമ്പോഴും ഹൃദയം കൊടുത്ത് സ്‌നേഹിക്കുമ്പോഴും മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ.
മറ്റൊരാളെ സ്‌നേഹിക്കുമ്പോള്‍ ഇനിയും നിന്റെ ഹൃദയം മുറിഞ്ഞേക്കാം. പക്ഷേ സ്‌നേഹിക്കുന്നതില്‍ നിന്ന് നീ പിന്തിരിയരുത്. കഠിനമായ വേദനകളിലൂടെയും മുള്ളുമരങ്ങള്‍ക്കിടയിലൂടെയും നീ കടന്നുപോയേക്കാം… എങ്കിലും സ്‌നേഹിക്കുന്നതില്‍ നീ വൈമുഖ്യം കാണിക്കരുത്. കാരണം സ്‌നേഹത്തിന്റെ പേരില്‍ മുറിഞ്ഞവനാണ് ക്രിസ്തു. സ്‌നേഹത്തിന്റെ പേരില്‍ മുറിച്ചുനല്കാന്‍ തയ്യാറായവനാണ് ക്രിസ്തു.
നിന്റെ സ്‌നേഹത്തിന്റെ പേരില്‍ നീ ഊറ്റം കൊള്ളുമ്പോഴും അങ്ങനെ ആര്‍ക്കും ലോകത്തെ സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കണം, ക്രിസ്തുവിനെപോലെ..
മാനുഷികമായ രീതിയില്‍ സ്‌നേഹത്തിന്റെ പേരിലുള്ള മുറിവേല്‍ക്കലുകളില്‍ നമ്മുടെ മനസ്സ് ചത്തിട്ടുണ്ടാകും. എത്രമേല്‍ സ്‌നേഹിച്ചിട്ടും എനിക്കിങ്ങനെയാണല്ലോ സംഭവിച്ചതെന്നോര്‍ത്ത് സ്‌നേഹത്തോടു പോലും മടുപ്പുണ്ടായേക്കാം. അത് താല്ക്കാലികപ്രതിഭാസം മാത്രമായിരിക്കട്ടെ..
മനസ്സു മടുക്കുന്ന അത്തരം വേളകളില്‍ ഇനി തിരുഹൃദയത്തിലേക്ക് കണ്ണുകളുയര്‍ത്തുക… സ്‌നേഹിക്കാനുള്ള ധൈര്യം തിരുഹൃദയം നിനക്കു പകര്‍ന്നുതരും. നിന്റെ സ്‌നേഹത്തെ സ്വര്‍ണ്ണം പോലെ തിരുഹൃദയം ശുദ്ധിചെയ്‌തെടുക്കും.
നമുക്കിങ്ങനെ ഇങ്ങനെ പ്രാർത്ഥിക്കാം
തിരുഹൃദയമേ എന്റെ ഹൃദയം മറ്റൊരു തിരുഹൃദയം പോലെയാക്കിത്തീര്‍ക്കണമേ. സ്‌നേഹിക്കാനും സ്‌നേഹത്തിനുവേണ്ടി മുറിയുവാനും കഴിയത്തക്കരീതിയില്‍… എന്റെ ഹൃദയത്തിനിണങ്ങിയവന്‍ എന്ന് ദാവീദിനെ വിശേഷിപ്പിച്ചതുപോലെ എന്നെയും നിന്റെ ഹൃദയത്തിനണക്കമുള്ളവനാക്കി മാറ്റണേ… നിന്റെ ഹൃദയത്തോട് എന്നെ ചേര്‍ത്തുപിടിക്കണേ… നിന്റെ ഹൃദയത്തിന്റെ മിടിപ്പുകള്‍ എന്റെ ഹൃദയത്തിന്റെ മിടിപ്പുകളായി മാറിടട്ടെ..