വാഷിംങ്ടണ്‍: ജീവിതത്തില്‍ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പങ്ക് നാം തിരിച്ചറിയണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാമത് ഗ്ലോബല്‍ കോപ്റ്റിക് ഡേയ്ക്ക് നല്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകമെങ്ങും മതപീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് അദ്ദേഹം സന്ദേശത്തില്‍ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള വിശ്വാസികളായ ഓരോ വ്യക്തികളോടും ചേര്‍ന്ന് നാം ദൈവത്തിന്റെ സൗഖ്യദായകമായ കരം കൊറോണ വൈറസിന്റെ മേലെ നീട്ടാന്‍ പ്രാര്‍ത്ഥിക്കുകയും വേണം. നാം എവിടെ ജീവിച്ചാലും ഓരോ സ്ത്രീക്കും പുരുഷനും കുട്ടിക്കും തങ്ങളുടെ മനസ്സാക്ഷിയനുസരിച്ച് ദൈവത്തെ ആരാധിക്കാനുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗ്ലോബല്‍ കോപ്റ്റിക് ഡേ നാദീര്‍ അനൈസിനോടുള്ള ആദരസൂചകമായിട്ടാണ് ആചരിക്കുന്നത്. കോപ്റ്റിക് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.