ന്യൂയോര്‍ക്ക് സിറ്റി: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രക്ഷോഭപരിപാടികള്‍ ആളിപടരുമ്പോള്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം നടുറോഡില്‍ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തിയ പോലീസ് അധികാരികള്‍ സമാധാനത്തിന്റെ സൂചന നല്കുന്നതായി നിരീക്ഷിക്കപ്പെടുുന്നു. ഒരു വശത്ത് അക്രമങ്ങള്‍ തുടരുമ്പോള്‍ മറുവശത്ത് സമാധാനത്തിനും ശാന്തിക്കും വേണ്ടി ഒരു കൂട്ടര്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്.
മിയാമിക്കടുത്ത് ഫ്‌ളോറിഡായില്‍ നടന്ന പ്രക്ഷോഭപരിപാടികളില്‍ അവര്‍ക്കൊപ്പമാണ് പോലീസ് അധികാരികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. ശരിയായ ദിശയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ഇത്. ഇത് വളരെ ഹൃദയസ്പര്‍ശിയാണ്. മിയാമി- ഡാഡെ പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പോലിസ് അധികാരികള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ പ്രക്ഷോഭകാരികളും ഉറക്കെ കരഞ്ഞുപോയി.
മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന പോലീസ് അധികാരികള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു ശുഭസൂചനയാണ്. ദൈവം ഇപ്പോഴും സര്‍വ്വശക്തനാണ്. സുവിശേഷപ്രഘോഷകനായ സോളമന്‍ പറഞ്ഞു.
പ്രക്ഷോഭകാരികള്‍ പോലീസുകാര്‍ക്ക് ഹസ്തദാനം നടത്തുന്നതും ആശ്ലേഷിക്കുന്നതും മനോഹരമായ കാഴ്ചയായിരുന്നു.