സുമാത്ര: ഗോത്രവിഭാഗങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിഞ്ഞിരുന്ന ബൈബിള്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. kitab suci injill minangkabau എന്ന ആപ്ലിക്കേഷനാണ് നീക്കം ചെയ്തത്. വെസ്റ്റ് സുമാത്ര ഗവര്‍ണര്‍ ഇര്‍വാന്‍ പ്രായിറ്റനോ, ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ ജോണി ജെരാര്‍ദിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ആപ്പ് പിന്‍വലിച്ചത്.
വെസ്റ്റ് സുമാത്രയിലെ ഭൂരിപക്ഷം ജനങ്ങളും Minangkabau ഗോത്രത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ മുസ്ലീമുകളുമാണ്. പുതിയ മൊബൈല്‍ ആപ്പ് ഇക്കൂട്ടരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് ഗവര്‍ണറുടെ അഭിപ്രായം.
ഗോത്രവിഭാഗങ്ങളുടെ സംസ്‌കാരം മനസ്സിലാക്കാത്തവരാണ് ആപ്പ് നീക്കം ചെയ്തതിനെ വിമര്‍ശിക്കുന്നത് എന്നാണ് ഗവര്‍ണറുടെ നിലപാട്. ഭരണഘടനയുടെ നിയമത്തെ ഈ ആപ്പ് ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുന്നില്ലെന്നും മതാന്തരസംവാദത്തിന് ഇത് നല്ലൊരു തുടക്കമായിരുന്നുവെന്നും ആപ്പ് നീക്കം ചെയ്തതിനെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ജക്കാര്‍ത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേറ്റാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് പീസ് റിസേര്‍ച്ച് ഡയറക്ടര്‍ ഹാലില്‍ ഹാസന്‍ പറയുന്നു.