ഹോംങ് കോംങ്: മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന ടിയാന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ അനുസ്മരണബലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികള്‍. വിക്ടോറിയ പാര്‍ക്കില്‍ നടന്ന അനുസ്മരണ ബലിയില്‍ കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പങ്കെടുത്തു.
1989 മുതല്‍ നഗരത്തില്‍ മെഴുകുതിരി പ്രദക്ഷിണം നടന്നുവന്നിരുന്നുവെങ്കിലും ഇത്തവണ കോവിഡ് സാഹചര്യത്തില്‍ അതുണ്ടായില്ല. യൂണിയന്‍ ഓഫ് ഹോംങ് കോംങ് കാത്തലിക് ഓര്‍ഗനൈസേഷനും പേട്രിയോട്ടിക് ഡെമോക്രാറ്റിക് മൂവ് മെന്റും ചേര്‍ന്നാണ് വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചത്. ഹോളി ക്രോസ് ദേവാലയത്തില്‍ ആക്‌സിലറി ബിഷപ് ജോസഫ് അര്‍പ്പിച്ച ദിവ്യബലിയില്‍ ആയിരത്തോളം പേര്‍പങ്കെടുത്തു. ജൂണ്‍ നാല് തങ്ങളെ സംബന്ധിച്ച് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ദിനമാണെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു.
രാഷ്ട്രീയാഴിമതിക്കെതിരെയും ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയും നടത്തിയ പോരാട്ടത്തില്‍ യുവജനങ്ങളുള്‍പ്പടെ പതിനായിരത്തോളം പേരാണ് ട്വിയാന്‍മെന്‍ സ്‌ക്വയറില്‍ കൊല്ലപ്പെട്ടത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇതുവരെയും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
ചൈനീസ് പാര്‍ലമെന്റ് നാഷനല്‍ സെക്യൂരിറ്റി ലോ പാസാക്കിയ സാഹചര്യത്തിലായിരുന്നു ഇത്തവണത്തെ വാര്‍ഷികം കടന്നുവന്നത്. ബില്‍ ഉണര്‍ത്തുന്ന ആശങ്കകളുടെയും ഭയത്തിന്റെയും കാര്‍മേഘങ്ങളിലാണ് വാര്‍ഷികം ആഘോഷിച്ചത്. വിവിധ മതവിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.