Wednesday, January 8, 2025
spot_img

80-ന്‍റെ നിറവില്‍ വിരിഞ്ഞ തിരുഹൃദയഗാനം


സമര്‍പ്പണജീവിതത്തിലെ നന്മകള്‍ക്കും സാധ്യതകള്‍ക്കും പരിമിതികളില്ലെന്നും, സര്‍ഗവാസനകള്‍ക്കു പ്രായം ഒരു പരിധിയും നിശ്ചയിക്കുന്നില്ലെന്നും തെളിയിച്ചിരിക്കുകയാണ് പാലാ തിരുഹൃദയ സന്യാസിനി സഭയിലെ സിസ്റ്റര്‍ ജെര്‍മെയ്ന്‍. 80-ാം വയസ്സിന്‍റെ ചുറുചുറുക്കിലും പുഞ്ചിരി കെടാത്ത തീക്ഷ്ണതയോടെ അമ്മ എഴുതിയ തിരുഹൃദയഗാനം ശ്രദ്ധേയമായിരിക്കുന്നു.

“ഈശോയുടെ തിരുഹൃദയം, കൃപയൊഴുകും ഹൃദയം” എന്ന ഗാനമാണ് തിരുഹൃദയമാസത്തിലെ ധ്യാനസാധനയുടെ ഫലമായി പുറത്തു വന്നിരിക്കുന്നത്. കുഞ്ഞുന്നാളില്‍- ഏതാണ്ട് 70 വര്‍ഷം മുന്‍പുതന്നെ- പാലാരൂപതയിലെ മൂലമറ്റം ഇടവകപള്ളിയില്‍ ഗാനാലാപനവും പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന കുഞ്ഞുന്നാളിലെ നല്ല കാലം ജെര്‍മെയ്ന്‍ അമ്മ ഓര്‍ത്തെടുക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്തും എല്ലാ വര്‍ഷവും ലളിതഗാനം, സമൂഹഗാനം, ഡാന്‍സ് എന്നിവയിലൊക്കെ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു തിളക്കമാര്‍ന്ന ബാല്യ-കൗമാരത്തില്‍നിന്നുമാണ് സമര്‍പ്പിതജീവിതവിളി സ്വീകരിക്കുന്നത്. 

സമര്‍പ്പിതജീവിതത്തിലെ ഇത്ര നീണ്ട നാളുകളില്‍ അധ്യാപനവും ശുശ്രൂഷകളുമായി ചെയ്ത സേവനങ്ങളെയെല്ലാം നന്ദിയോടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു എന്നാണ് അമ്മയ്ക്കു പറയുവാനുള്ളത്. “കഴിഞ്ഞ കാലം ഒന്നിനെയുമോര്‍ത്ത് ദു:ഖമില്ല” എന്ന് 80-ാം വയസില്‍ ഒരു സമര്‍പ്പിത സംതൃപ്തിയോടെ പറയുന്നുവെങ്കില്‍, ഇന്ന് സമര്‍പ്പിതരെക്കുറിച്ച് ഭാവനയില്‍ വിരിയിച്ചെടുക്കുന്ന കഥകള്‍ക്ക് എന്തുവില എന്നു ചിന്തിക്കേണ്ടതുണ്ട്.

നിയമബന്ധിതമായി എത്ര വളരുവാനും ക്രിയാത്മകമായി ഏറെ പ്രവര്‍ത്തിക്കുവാനും സമര്‍പ്പിതജീവിതാന്തസ് അനുവദിക്കുന്നുണ്ട്. നിയമം പാലിച്ചു വളരുന്നതിലും ശുശ്രൂഷചെയ്യുന്നതിലുമാണ് ഈ ജീവിതാന്തസ്സിന്‍റെ അന്തസ്സ്. മറിച്ചുള്ളവയ്ക്ക് സമര്‍പ്പിതജീവിതത്തിനുപുറത്ത് മറ്റു സാധ്യതകള്‍ തേടുന്നതല്ലേ ഉചിതം എന്ന്  ഈ ഗാനം രചിച്ച അമ്മ ചോദിക്കുമ്പോള്‍, അതിനു കാലികപ്രസക്തിയേറെയുണ്ട്.

ഈ തിരുഹൃദയമാസത്തിലെ ഓരോ ദിവസവും പരി.സക്രാരിക്കു മുന്നില്‍ ഇരിക്കുമ്പോള്‍ ഉള്ളില്‍ വന്ന പ്രാര്‍ത്ഥനതന്നെയാണ് വരികളായി മാറിയതെന്ന് സിസ്റ്ററമ്മ പറയുന്നു. “എളിമയും ശാന്തതയും, നാവില്‍ നന്മതന്‍ വാക്കുകളും, നവമൊരു ഹൃദയവുമേകി, എന്നെ നിന്‍ സ്വന്തമാക്കണമേ” എന്ന് എഴുതുവാന്‍ ക്ലേശമുണ്ടായില്ല. അതെന്‍റെ പ്രാര്‍ത്ഥന തന്നെയായിരുന്നു.

ജീവിതസായാഹ്നത്തിലെ യാത്രയ്ക്കുള്ള ആത്മീയ ഒരുക്കവും ഈ ഗാനത്തിലെ വരികളില്‍ വ്യക്തമാണ്: “മരണത്തിന്‍ മണിനാദം കേള്‍ക്കേ, എന്നെ തൃക്കൈയാല്‍ മുടിചൂടിക്കാന്‍ വരണേ”. എത്ര മനോഹരമായാണ് നിത്യതയെ വരികളിലാക്കി കുറിച്ചിരിക്കുന്നത്.

സിസ്റ്ററമ്മ ഇപ്പോഴുള്ള മേലുകാവുമറ്റം ഇടവകക്കാരനായ ഫാ.ജിയോ കണ്ണന്‍കുളം വരികള്‍ക്ക് ഈണം നല്‍കിയപ്പോള്‍, അത് ഗാനമായി പുറത്തുകൊണ്ടുവരണം എന്നു പ്രോത്സാഹിപ്പിച്ചത് സിസ്റ്ററമ്മയുടെ സുപ്പീരിയറും സമൂഹാംഗങ്ങളുമാണ്. സമര്‍പ്പിതജീവിതത്തിലെ എല്ലാ വളര്‍ത്തലുകള്‍ക്കും പിന്നില്‍ സന്യാസസമൂഹത്തിന്‍റെ നന്മ നിറഞ്ഞ ഇടപെടലുകളുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. അവരുടെ നിര്‍ദ്ദേശത്തോടു ചേര്‍ന്ന് കുടുംബാംഗങ്ങളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ നല്ലൊരു തിരുഹൃദയഗാനം പിറവിയെടുത്തു.

ഗാനം ആലപിച്ചിരിക്കുന്നത് ലിറ്റില്‍ സിംഗര്‍ എന്ന പേരുള്ള, കൊച്ചു ടി.വി.ഷോകളിലെ താരമായ, ചെറുപുഷ്പമിഷന്‍ ലീഗ് സംസ്ഥാനകലോത്സവ ജേതാവായ കുമാരി. ജെര്‍മി ജിനു ആണ്. ജെര്‍മെയ്ന്‍ അമ്മയുടെ ഗാനം നമുക്കു ചെയ്യാം എന്നു പറഞ്ഞ് ഓര്‍ക്കസ്ട്രേഷന്‍ ചെയ്തത് പിയാനോയില്‍ 8-ാം ഗ്രേഡ് ചെയ്യുന്ന മനീഷ് ഷാജിയാണ്. ഗാനം റെക്കോര്‍ഡ് ചെയ്ത് ചിട്ടപ്പെടുത്തിയത് പാലാ, എസ്. എച്ച്.മീഡിയ സ്റ്റുഡിയോയും. ‘എനിക്ക് വലിയ സന്തോഷമുണ്ട്, കാരണം എന്‍റെ പ്രാര്‍ത്ഥന ഒരു ഗാനമായി കേള്‍ക്കാന്‍ പറ്റിയല്ലോ’- എന്ന വാക്കുകള്‍ അമ്മയുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്നും സന്തോഷത്തില്‍നിന്നും വായിച്ചെടുക്കാം.

സമര്‍പ്പിതജീവിതത്തില്‍ നന്മയ്കും സുവിശേഷാത്മക പ്രവര്‍ത്തനത്തിനും പരിമിതികളില്ല. ഈശോയുടെ തിരുഹൃദയഗാനം കേള്‍ക്കാം: സിസ്റ്ററമ്മയുടെ പ്രാര്‍ത്ഥന നമ്മുടെയും മനസ്സില്‍ ചേര്‍ത്തുവച്ചു പ്രാര്‍ത്ഥിക്കാം.

സി.ബെന്നോ മുളയ്ക്കല്‍ എസ്.എച്ച്

You Tube link

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!