ഒരിക്കല്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിനെ കാണാന്‍ ഒരു ചെറുപ്പക്കാരനെത്തി. ഭാര്യയെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതായിരുന്നു അയാളുടെ സങ്കടം. അയാളുമായി സംസാരിച്ചിരിക്കെ മറ്റൊരു ചെറുപ്പക്കാരന്‍ വിശുദ്ധനെ കാണാനെത്തി.
ഭാര്യ മരിച്ചുപോയതായിരുന്നു അയാളുടെ സങ്കടകാരണം. ഇരുവരെയും തമ്മില്‍ സംസാരിക്കാന്‍ അനുവദിച്ചുകൊണ്ട് വിശുദ്ധന്‍ അകത്തേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞുവന്നപ്പോള്‍ ആദ്യത്തെ ചെറുപ്പക്കാരന്റെ മുഖം വളരെ പ്രസന്നമായിരുന്നു.
അയാള്‍ വിശുദ്ധനോട് പറഞ്ഞു, എന്റേത് എത്രയോ ചെറിയ സങ്കടമാണെന്ന് ഈ ചെറുപ്പക്കാരനെ കണ്ടപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അയാള്‍ക്ക് ഭാര്യയില്ല. എന്നാല്‍ എനിക്ക് എന്റെ ഭാര്യയുണ്ടല്ലോ
ഇതുപോലെയാണ് നമ്മുടെ ഓരോരുത്തരുടെയും സങ്കടങ്ങളും. നമ്മുക്ക് നമ്മുടെ സങ്കടങ്ങള്‍ വലുതാണ്. പക്ഷേ പലപ്പോഴും മറ്റൊരാളുടെ സങ്കടങ്ങളുമായി താരതമ്യം ചെയ്താല്‍ അവ നിസ്സാരമാണ്.
എപ്പോഴും നമ്മെക്കാള്‍ ഉയരങ്ങളിലുള്ളവരെയോ അത്യധികമായി സന്തോഷിക്കുന്നവരെയോ നോക്കാതെ തന്നെക്കാള്‍ വേദന അനുഭവിക്കുന്നവരിലേക്ക് നോക്കുക. അപ്പോള്‍ നമുക്ക് അവിടെ ആശ്വസിക്കാന്‍ വക കിട്ടും. ജോലിയില്ലാതെ വിഷമിക്കുന്നവര്‍ ഇപ്പോള്‍ നമുക്കിടയില്‍ ധാരാളമുണ്ട്. പക്ഷേ അവര്‍ക്ക് ആരോഗ്യമുണ്ട്.
അങ്ങനെയുള്ളവര്‍ ആശ്വസിക്കേണ്ടത് ശയ്യാവലംബികളായി കഴിയുന്നവരെക്കാള്‍ എത്രയോ ഭേദമാണ് തങ്ങള്‍ എന്നാണ്. ഇങ്ങനെ ആശ്വസിക്കുമ്പോള്‍ നമുക്ക് ദൈവത്തോട് സ്‌നേഹം തോന്നും. അവിടുത്തോട് നന്ദിപറയാനും തോന്നും.
നന്ദി നിറഞ്ഞ ഹൃദയമുള്ളവരെ ദൈവത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല. നാം നാളെ തീര്‍ച്ചയായും അനുഗ്രഹിക്കപ്പെടുകയും ചെയ്യും.