“അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്.”(മത്തായി 26 : 26).
ഓരോ ബലിയർപ്പണത്തിലും കാർമ്മികന്റെ കരങ്ങളിലൂടെ അപ്പത്തിന്റെ രൂപത്തിൽ യേശു എടുത്ത് ഉയർത്തുന്നത് നമ്മെ ഓരോരുത്തരെയുമാണ്. നമ്മുടെ ജീവിതവും നമ്മുടെ നിയോഗങ്ങളും… യേശു പിതാവിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു.. നമ്മുടെ അവസ്ഥയും ജോലിയും ജീവിതവും രോഗാവസ്ഥയും സാമ്പത്തിക പ്രയാസവുമെല്ലാം ഇപ്രകാരം യേശുവഴി പിതാവിന്റെ പക്കൽ സമർപ്പിക്കപ്പെടുന്നു..
“അനന്തരം പാനപാത്രമെടുത്ത് കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍.”(മത്തായി 26 : 27)
മറ്റുള്ളവർക്കായി മുറിക്കപ്പെടുക. രക്തം പോലും പങ്കുവെക്കുക എന്നതാണ് ബലിയുടെ ആഹ്വാനം.
“അവര്‍ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.”അപ്പ. പ്രവര്‍ത്തി. 2 : 42.വിശുദ്ധ കുർബാന കൂട്ടായ്മയിലേക്കും സ്നേഹ സൗഹാർദ്ദത്തിലേക്കും നമ്മെ നയിക്കുന്നതാകണം..
“നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍റെ മരണം, അവന്‍റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.”1 കോറി.11 : 26.
യേശുവിലുള്ള വിശ്വാസം മരണം വരെ പ്രഖ്യാപനം ചെയ്യുന്നതാണ് ദിവ്യബലി..
‘
‘നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്‌തുവിന്‍റെ രക്‌തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്‌തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.(1 കോറി.10 : 16-17.)
ഒരു ശരീരവും ഒരു മനസ്സുമായി… യേശുവിൽ ഐക്യപ്പെടാൻ നമ്മെ സഹായിക്കുന്നതാണ് ഓരോ ദിവ്യബലിയും…
“വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ് .ഇത് ഒരു പെസഹവിരുന്നും കൂടിയാണ്. അതിൽ ക്രിസ്തു നമ്മുടെ ഭക്ഷണമായി തീരുകയും, നമ്മുടെ ആത്മാവ് ദൈവപ്രസാദം കൊണ്ട് നിറയുകയും ഭാവിമഹത്വത്തിന് ഇത് അച്ചാരമായി ഭവിക്കുകയും ചെയ്യും.. “(ആരാധനക്രമം.47. രണ്ടാം വത്തിക്കാൻ.. പ്രമാണരേഖ).
യേശുവിന്റെ സ്നേഹത്താൽ നിറയുകയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ പൂരിതരാകുകയും പിതാവായ ദൈവം വിഭാവനം ചെയ്യുന്ന ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി നിരന്തരം പരിശ്രമിക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുമ്പോഴേ ദിവ്യബലി നമ്മെ സംബന്ധിച്ചിടത്തോളം യേശുവിന്റെ പെസഹാ രഹസ്യത്തിലുള്ള പങ്കാളിത്തമായി മാറുകയുള്ളു..അതിനു വേണ്ടിയാണ് ഓരോ ബലിയിലും കാർമ്മികൻ വഴി യേശു നമ്മെ കരങ്ങളിലെടുത്ത് പിതൃസന്നിധിയിലേക്ക് ഉയർത്തുന്നത്.. ഈയൊരു ചിന്തയോടെ.. തികഞ്ഞവിശ്വാസത്തോടെ ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് നമുക്ക് ലഭിക്കുന്നത്.
പെസഹ തിരുനാളിന്‍റെ മംഗളങ്ങളോടെ
പ്രേംജി മുണ്ടിയാങ്കൽ