Sunday, July 13, 2025
spot_img
More

    കത്തോലിക്കാ വിശ്വാസത്തില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കാമോ?

    കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കത്തോലിക്കര്‍ക്കും ശവദാഹം ആകാം എന്ന രീതിയില്‍ ചില രൂപതകള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പല കത്തോലിക്കരും സംശയിച്ചിട്ടുണ്ട് ഇത് കത്തോലിക്കര്‍ക്ക് അനുയോജ്യമാണോയെന്ന്. ഈ സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയിലാണ് അദ്ദേഹം ഇതേക്കുറിച്ച് എഴുതിയിരിക്കുന്നത്.കേരള സഭയില്‍ നിന്നുള്ള ആ ലേഖനമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

    മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമല്ല. ആരോഗ്യപരമോ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങള്‍മൂലം മൃതശരീരങ്ങള്‍ ദഹിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തെ തിരുസഭ അനുഭാവപൂര്‍ണമാണ് വീക്ഷിക്കുന്നത്. സ്ഥലപരിമിതിമൂലം സംസ്‌കാരത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ദഹിപ്പിക്കല്‍ അനുവദനീയമാണ്.

    മാരകമായ സാംക്രമിക രോഗങ്ങള്‍മൂലം മരിക്കുന്നവരുടെ മൃതശരീരങ്ങള്‍ ദഹിപ്പിക്കാം. മൃതശരീരം ദഹിപ്പിക്കുന്നത് തിരുസഭയുടെ ആചാരപ്രകാരമുള്ള സംസ്‌കാര കര്‍മങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കണം. എന്നാല്‍ വിശ്വാസ വിരുദ്ധ ദര്‍ശനങ്ങളാണ് ഒരു വ്യക്തിയെ മൃതശരീരം ദഹിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതെങ്കില്‍ അതിനെ തിരുസഭ അംഗീകരിക്കുന്നില്ല.ക്രിസ്തുവിനോടൊത്ത് ഉയിര്‍പ്പിക്കപ്പെടാന്‍ ക്രിസ്തുവിനോടൊത്ത് മരിച്ചു സംസ്‌കരിക്കപ്പെടുന്നവരാണ് ക്രിസ്ത്യാനികള്‍.

    മൂന്നുനാള്‍ കല്ലറയ്ക്കുള്ളില്‍ കഴിഞ്ഞ കര്‍ത്താവിനോടുള്ള താദാത്മ്യപ്പെടലാണ് ക്രൈസ്തവര്‍ക്ക് മൃതസംസ്‌കാരം. ക്രിസ്തുവിന്റെ മൃതസംസ്‌കാര രീതിയെ അനുകരിച്ച് മൃതശരീരങ്ങള്‍ മണ്ണിലോ കല്ലറയിലോ സംസ്‌കരിക്കുന്ന പതിവാണ് പരമ്പരാഗതമായി സഭയില്‍ നിലനിന്നിരുന്നത്.

    എന്നാല്‍ 1963 ജൂലൈ അഞ്ചിനു പ്രസിദ്ധീകരിച്ച നിര്‍ദ്ദേശത്തില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന പതിവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നു പോകുന്നതാണെന്ന് തിരുസഭ വ്യക്തമാക്കി. 1983 ല്‍ പ്രസിദ്ധീകരിച്ച പാശ്ചാത്യ കാനോന്‍ നിയമവും 1990 ല്‍ പ്രസിദ്ധീകരിച്ച പൗരസ്ത്യ കാനോന്‍ നിയമവും മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് നിയമപരമായി അംഗീകാരം നല്‍കുന്നുണ്ട്. വിശ്വാസ തിരുസംഘം 2016 ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച മാര്‍ഗരേഖയിലും മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

    മൃതശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള അനുവാദം 1963 മുതല്‍ സഭയില്‍ നിലവിലുണ്ട്. എന്നാല്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതിനാലും വിശുദ്ധ കൂദാശകളുടെ മായാത്ത മുദ്ര പേറുന്നതിനാലും വിശുദ്ധ കുര്‍ബാനയാല്‍ പരിപോഷിപ്പിക്കപ്പെട്ടതിനാലും ശരീരത്തിന്റെ ഉയിര്‍പ്പില്‍ വിശ്വസിക്കുന്നതിനാലും ശരീരത്തോടുള്ള ആദരവിനെപ്രതി ക്രൈസ്തവര്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് വാസ്തവമാണ്. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ മൃതദേഹത്തോടുള്ള ആദരവ് പ്രകടമാക്കാനുള്ള ഉത്തമ മാര്‍ഗമായി സഭ കരുതുന്നത് മൃതസംസ്‌കാര രീതിയാണ്.

    രക്തസാക്ഷികളുടെയും വിശുദ്ധരുടെയും കല്ലറകളില്‍ പ്രാര്‍ഥിച്ചിരുന്ന ആദിമ സഭയുടെ പാരമ്പര്യം തുടരാന്‍ ഈ പതിവ് സഹായകമാണ്. എന്നാല്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമല്ല. മൃതശരീരങ്ങള്‍ ദഹിപ്പിക്കേണ്ടി വരുന്നത് വിവിധ സാഹചര്യങ്ങള്‍ നിമിത്തമാകാം. ആരോഗ്യപരമോ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങള്‍മൂലം മൃതശരീരങ്ങള്‍ ദഹിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തെ തിരുസഭ അനുഭാവപൂര്‍ണമാണ് വീക്ഷിക്കുന്നത്. സ്ഥലപരിമിതിമൂലം സംസ്‌കാരത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ദഹിപ്പിക്കല്‍ അനുവദനീയമാണ്. മാരകമായ സാംക്രമിക രോഗങ്ങള്‍മൂലം മരിക്കുന്നവരുടെ മൃതശരീരങ്ങള്‍ ദഹിപ്പിക്കാം.

    മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ പ്രകടിപ്പിച്ചിട്ടുള്ള ആഗ്രഹത്തിന് വിരുദ്ധമാകരുത്. ദഹിപ്പിച്ച ശേഷമുള്ള ഭസ്മം കടലിലോ നദിയിലോ ഒഴുക്കിക്കളയാനോ ഏതെങ്കിലും സ്ഥലങ്ങളില്‍ വിതറാനോ പാടില്ല. അതു കുടുംബാംഗങ്ങള്‍ പങ്കിട്ടെടുക്കാനോ ഏതെങ്കിലും വീട്ടില്‍ സൂക്ഷിക്കാനോ പാടില്ല, എന്നാല്‍ പള്ളി സെമിത്തേരിയില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് സ്ഥാപിക്കാം. സെമിത്തേരി ചാപ്പലിന്റെ ഭിത്തിയില്‍ ചെറിയ പേടകത്തിലാക്കി സൂക്ഷിക്കുന്നത് അഭികാമ്യമാണ്. ഭസ്മം (ചാരം) എന്നു വിളിക്കപ്പെടുന്നെങ്കിലും ഇതില്‍ മനുഷ്യശരീരത്തിലെ അസ്ഥിയുടെ ദഹിക്കാത്ത ചെറു കഷണങ്ങള്‍ ഉള്‍പ്പെടെ കാണാറുണ്ട്.

    സത്യവിശ്വാസത്തിനു നിരക്കാത്ത ഏതെങ്കിലും കാരണത്താലാണ് ഒരാള്‍ ദഹിപ്പിക്കല്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ആ വ്യക്തിക്ക് സഭാപരമായ സംസ്‌കാര ശുശ്രൂഷ സഭ നിഷേധിക്കുന്നു. ഉദാഹരണമായി, മനുഷ്യന്‍ പ്രകൃതിയില്‍ നിന്നു വന്നു പ്രകൃതിയിലേക്ക് മടങ്ങുകയാണ്; അതിനാല്‍ ദൈവത്തിനോ മരണാനന്തര ജീവിതത്തിനോ മനുഷ്യ ജീവിതത്തില്‍ സ്ഥാനമില്ല എന്ന ചിന്തയോടെ ദഹിപ്പിക്കല്‍ കര്‍മം സ്വീകരിക്കുന്നവരുണ്ട്.

    മറ്റു ചിലര്‍ മരണത്തോടെ സര്‍വനാശം സംഭവിച്ചു കഴിഞ്ഞു എന്നു തെളിയിക്കാന്‍ മൃതശരീരം ദഹിപ്പിക്കുന്നവരാണ്. ഇത്തരം വിശ്വാസ വിരുദ്ധ ദര്‍ശനങ്ങളാണ് ഒരു വ്യക്തിയെ മൃതശരീരം ദഹിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതെങ്കില്‍ അതിനെ തിരുസഭ അംഗീകരിക്കുന്നില്ല.മൃതശരീരം ദഹിപ്പിക്കുന്നത് തിരുസഭയുടെ ആചാരപ്രകാരമുള്ള സംസ്‌കാര കര്‍മങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ ദഹിപ്പിക്കലിനു ശേഷമുള്ള ഭസ്മം ഉപയോഗിച്ചും സംസ്‌കാരം നടത്താന്‍ രൂപതാ മെത്രാന് അനുവദിക്കാം.

    യുഗാന്ത്യത്തില്‍ സംഭവിക്കുന്ന ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസം സഭയുടെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ്. മൃതശരീരം സംസ്‌കരിച്ചതായിരുന്നോ ദഹിപ്പിച്ചതായിരുന്നോ എന്നത് ശരീരങ്ങളുടെ ഉയിര്‍പ്പിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. സംസ്‌കാരം വഴി മണ്ണിലോ ദഹനം വഴി അന്തരീക്ഷത്തിലോ അലിഞ്ഞുചേര്‍ന്ന ശരീരത്തെ തന്റെ സര്‍വശക്തിയാല്‍ ഉയിര്‍പ്പിക്കാന്‍ ദൈവത്തിന് സാധിക്കും എന്നതാണ് തിരുസഭയുടെ വിശ്വാസം.

    ഈശോയുടെ രണ്ടാമത്തെ ആഗമന വേളയില്‍ ഉയിര്‍പ്പിക്കപ്പെടുന്ന ശരീരങ്ങള്‍ ദൈവവിധി പ്രകാരം നിത്യഭാഗ്യത്തിനോ നിത്യനാശത്തിനോ അര്‍ഹമാകുന്നു. മൃതശരീരം ദഹിപ്പിക്കുന്നതോ സംസ്‌കരിക്കുന്നതോ നിത്യരക്ഷയെ ബാധിക്കുന്ന വിഷയമല്ല. ഈശോമിശിഹായിലുള്ള വിശ്വാസം വഴി ഒരു വ്യക്തി ദൈവത്തോടും സഹജീവികളോടും പുലര്‍ത്തുന്ന മനോഭാവമാണ് രക്ഷയെ നിര്‍ണയിക്കുന്നത്.

    കടപ്പാട്: കേരളസഭ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!