പരസ്പരം കലഹിക്കാത്ത, വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാത്ത ഭാര്യഭര്‍ത്താക്കന്മാരുണ്ടോ, ഇല്ല എന്ന് തന്നെയാണ് ഏറ്റവും സത്യസന്ധമായ മറുപടി. പരസ്പരം പോരടിച്ചുകഴിയുമ്പോള്‍- അത് സാരമുള്ളതോ നിസ്സാരമോ ആയ ഏതു കാര്യത്തിന്റെ പേരിലുമായിക്കോട്ടെ- ഇരുവരുടെയും ഹൃദയങ്ങളില്‍ വേദനയും അകല്‍ച്ചയും സ്വഭാവികമായും കടന്നുവരും.
പിണക്കം തീര്‍ത്ത് ആര് ആദ്യം മിണ്ടും എന്ന സംശയവും ആശങ്കയും ഇരുവര്‍ക്കും ഉണ്ടാവുകയും ചെയ്യും. സ്വന്തം ഈഗോയെ ബലികഴിച്ചാല്‍ മാത്രമേ ആദ്യം ചെന്ന് മിണ്ടാന്‍ കഴിയൂ. ഇങ്ങനെ മിണ്ടുന്നതുകൊണ്ട് നിങ്ങളാണ് തെറ്റിന് കാരണക്കാരന്‍ എന്ന് കരുതുകയും വേണ്ട.മറിച്ച് ദൈവാത്മാവ് നിങ്ങളില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാല്‍ മതി.
കാരണം ക്ഷമിക്കാനും സഹിക്കാനും സ്‌നേഹിക്കാനും കഴിവുതരുന്നത് ദൈവത്തിന്റെ ആത്മാവാണല്ലോ. നിങ്ങളുടെ പങ്കാളി വാശിയിലും വിദ്വേഷത്തിലുമാണ് കഴിയുന്നതെങ്കില്‍ ആ വ്യക്തിയില്‍ ദൈവാത്മാവ് പ്രവര്‍ത്തിക്കാന്‍ തടസ്സപ്പെട്ടുനില്ക്കുന്നുവെന്ന് മനസ്സിലാക്കുകയും വേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ – പിണങ്ങുകയും എന്നാല്‍ മിണ്ടാന്‍ കഴിയാതെ വരുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍- ദമ്പതികള്‍ പ്രാര്‍ത്ഥിക്കേണ്ട ഒരു പ്രാര്‍ത്ഥനയാണ് ചുവടെ കൊടുത്തിരിക്കുന്നത്:
ഓ നല്ലവനായ ദൈവമേ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്നു. നീയാണല്ലോ ഞങ്ങളെ ഒരുമിച്ചുചേര്‍ക്കുകയും ഞ്ങ്ങളെ സഹായിക്കുകയും ചെയ്യുന്നത്. ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു.
ഇന്നലെ/ കഴിഞ്ഞ രാത്രിയില്‍ ഞങ്ങള്‍ക്ക് വിവേകം നഷ്ടമായി. ദേഷ്യത്തില്‍ ഞങ്ങള്‍ പലതും പറഞ്ഞുപോയി. വാക്കുകള്‍ പലതും ഇപ്പോഴും ഹൃദയത്തില്‍തറഞ്ഞുനില്ക്കുന്നുണ്ട് ,
. ക്ഷമിക്കാനും വീണ്ടും പഴയതുപോലെയാകാനും ഞങ്ങളെ സഹായിക്കണമേ. അതിന് അങ്ങേ സ്‌നേഹവും കൃപയും ഞങ്ങള്‍ക്കാവശ്യമുണ്ട്. അവിടുത്തെ ശക്തിയും ചൈതന്യവും ഞങ്ങള്‍ക്കാവശ്യമുണ്ട്.
ഈശോയേ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണമേ. പഴയസ്‌നേഹത്തിലാക്കണമേ.
ആമ്മേന്‍.