Wednesday, January 22, 2025
spot_img
More

    പാലാ രൂപത പൗരസ്ത്യ സുറിയാനി പഠനകേന്ദ്രം ആരംഭിച്ചു


    പാലാ: എ. ഡി. ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതത്തിന് ഭാരതത്തിൽ രൂപംകൊടുത്ത മാർത്തോമാശ്ലീഹായുടെ പൈതൃകം ഏറ്റുവാങ്ങിയ ക്രിസ്ത്യാനികൾ 20 നൂറ്റാണ്ടുകളായി തിങ്ങിപ്പാർത്ത മീനച്ചിൽ നദീതട മേഖലകളും മലയോര പ്രദേശങ്ങളും ഉൾപ്പെടുന്ന പാലാ രൂപതയുടെ നേതൃത്വത്തിൽ ലോകത്തിലെ അതിപുരാതന ക്രൈസ്തവ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷാ പഠനകേന്ദ്രത്തിന് ആരംഭമായി.

    ‘ബേസ് ഹേകംസാ ദ്സുറ് യായാ മദ്ന്ഹായാ’ എന്ന സുറിയാനിപേരിൽ അറിയപ്പെടുന്ന House of Wisdom of the East Syriac studies എന്ന അറമായ – സുറിയാനി പഠനപ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. സുറിയാനി ഭാഷയുടെയും യഹൂദ പാരമ്പര്യങ്ങളുടെയും പ്രാധാന്യം, ഭാരതത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നൽകിയ മാർത്തോമാ ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന വിവിധ സുറിയാനി സഭകളുടെ ചരിത്രം, ഭാഷാ പഠനം, പുരാതന സുറിയാനി സാഹിത്യ കൃതികൾ, സുറിയാനി സഭാ പിതാക്കന്മാരുടെയും പണ്ഡിതരുടെയും സംഭാവനകൾ, ഭാരതത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെയിടയിലും ഭാരതത്തിലും പൗരസ്ത്യ സുറിയാനി ഭാഷയുടെ വിവിധതരത്തിലുള്ള ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പഠന പരമ്പരയുടെ ഓൺലൈൻ പ്രക്ഷേപണവും ഇതോടുകൂടി ആരംഭിച്ചു.

    ചരിത്രത്തിൽ എക്കാലത്തും കേരളത്തിൽ സാമൂഹ്യ സാമുദായിക മേഖലകളിൽ നിർണായക പങ്കുവഹിച്ച നസ്രാണി സമുദായ നേതൃത്വത്തിലും പണ്ഡിത നിരയിലും പാലാ രൂപത ഉൾപ്പെടുന്ന പ്രദേശത്തു നിന്നുള്ള വൈദികരുടെയും അൽമായ പ്രമുഖരുടെയും മുഖ്യമായ സാന്നിധ്യം അഭിമാനാർഹമായ ഒന്നാണെന്ന് ബിഷപ്പ് അനുസ്മരിച്ചു. ലോകത്തിലെ തന്നെ പുരാതന പൈതൃക ങ്ങളിൽ പ്രാമുഖ്യമുള്ള ഈ ഭാഷയും ആത്മീയതയും മനസ്സിലാക്കി ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ലോകത്തിലെതന്നെ മികച്ച ഒരു മാതൃകയാക്കി നിലനിർത്താൻ മലങ്കരയിൽ ഉള്ള എല്ലാ സുറിയാനി സഭകളിലെയും അംഗങ്ങൾക്കും മറ്റു ക്രൈസ്തവ വിശ്വാസികൾക്കും ലോകത്തിലുള്ള എല്ലാ മതസ്ഥർക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


    രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സന്നിഹിതനായ യോഗത്തിൽ പഠന പ്രോഗ്രാമിന്റെ
    കോർഡിനേറ്ററായി ഫാ. ജോൺ കണ്ണന്താനത്തെയും ചെയർമാനായി ഫാ. മാത്യു കുറ്റിയാനിക്കലിനെയും സെക്രട്ടറിയായി ഫാ. സിറിൽ തയ്യിലിനെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു.

    ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി, ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോസഫ് പള്ളയ്ക്കൽ,ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിൽ, ഫാ. ജോസഫ് കിഴക്കേകുറ്റ്, ഫാ. ജോയൽ പണ്ടാരപറമ്പിൽ, ഫാ. തോമസ് ഓലയത്തിൽ തുടങ്ങിയവർ പ്രോഗ്രാമിന്റെ വിവിധ മേഖലകൾക്ക് നേതൃത്വം നൽകും. palaroopathaofficial എന്ന യൂട്യൂബ് ചാനലിലും Palai Diocese എന്ന ഫേസ്ബുക്ക് പേജിലും ക്ലാസുകൾ ലഭ്യമാക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!