Thursday, October 10, 2024
spot_img
More

    തല ചായ്ച്ച് മരിച്ച യേശു

    ” എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്‌ച്ച്‌ ആത്‌മാവിനെ സമര്‍പ്പിച്ചു. “(യോഹന്നാന്‍ 19 : 30).

    പിതാവിന്റെ ഹിതം നിറവേറ്റുന്നതിനുവേണ്ടി മനുഷ്യനായി ജന്മമെടുത്ത ഈശോ പിതാവ് തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കുന്നു. കാൽവരിയിലെ കുരിശുമരണത്തിലൂടെ. ഓശാന ഞായറാഴ്ച അനേകായിരങ്ങളുടെ അകമ്പടിയോടെ, ആർപ്പുവിളികളോടെ, രാജാവായി ദേവാലയത്തിൽ പ്രവേശിച്ച യേശു ഇന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കള്ളന്മാരുടെ ഇടയിൽ മൂന്ന് ആണികളിൻമേൽ തൂങ്ങി കിടക്കുകയാണ്.

    വിശുദ്ധ മത്തായിയും വിശുദ്ധ മർക്കോസും അവരുടെ സുവിശേഷത്തിൽ രേഖപ്പെടുത്തുന്നത് യേശു അലറിക്കരഞ്ഞുകൊണ്ട് ജീവൻവെടിഞ്ഞു എന്നാണ്..”യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു. “മത്തായി 27 : 50, മർക്കോസ് 15:37.

    എന്നാൽ ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്നത്. നിലവിളിച്ചുകൊണ്ട് പിതാവേ എന്റെ ആത്മാവിനെ അവിടുത്തെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട്  മരണത്തെ സ്വീകരിക്കുന്ന യേശുവിനെയാണ്.

    ‘യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു. “ലൂക്കാ 23 : 46.
     വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്  തലചായ്ച്ചു കൊണ്ട് മരിക്കുന്ന യേശുവിനെക്കുറിച്ച് എടുത്ത് പറയുന്നത്.
     ഇന്ന് നമുക്ക് അതൊന്ന് ചിന്താവിഷയമാക്കാം.
     

    രാജാവായ വ്യക്തി ഒരിക്കലും മറ്റുള്ളവരുടെ മുമ്പിൽ തലകുമ്പിട്ടു നിൽക്കുകയില്ല. തല ഉയർത്തി നിൽക്കാനാണ് ശ്രമിക്കുക. നാമൊക്കെ ആഗ്രഹിക്കുന്നതും മറ്റുള്ളവരുടെ മുൻപിൽ തല ഉയർത്തി നിൽക്കണമെന്നാണ്. എന്നാൽ പലപ്പോഴും നമ്മുടെ ജീവിത പ്രതിസന്ധികൾ നമ്മെ മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിക്കുന്നു.
    ദൈവം ആഗ്രഹിക്കുന്ന ഒന്നല്ല ഇത് .എല്ലാവരും അഭിമാനത്തോടെ തലയുയർത്തി  നിൽക്കണമെന്നാണ് പിതാവായ ദൈവം ആഗ്രഹിക്കുന്നത്.  

    പാപത്തിന്റെ ബന്ധനം രൂക്ഷമായപ്പോഴാണ് മനുഷ്യൻ തല താഴ്ന്നവനായത് . ആദത്തിന്റേയും ഹവ്വായുടെയും കഥയിൽ ഇത് വ്യക്തമായി നമുക്ക് കാണാം. ദൈവത്തോടൊപ്പം നടന്നിരുന്നവർ പൈശാചിക പ്രേരണയാൽ പാപം ചെയ്തപ്പോൾ ദൈവത്തോടൊപ്പം നടക്കാവുന്ന അവസ്ഥ ഇല്ലാതായി. ദൈവത്തിന്റെ മുൻപിൽ നിൽക്കുന്ന അവസ്ഥ ഇല്ലാതായി. ഇല കൊണ്ട് നാണം മറച്ച് മരത്തിന്റെ മറവിൽ നിന്നുകൊണ്ട് ദൈവത്തോട്  സംസാരിക്കുന്ന തലതാഴ്ന്ന അവസ്ഥയുണ്ടായി. 

    പാപഫലമായുണ്ടായ ബന്ധനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് യേശു മരക്കുരിശിൽ മരിക്കുന്നത്. ലോകത്തിന്റെ മുഴുവൻ പാപം ഏറ്റെടുത്ത് യേശുവിന്റെ തല താഴുമ്പോൾ, തന്നിൽ വിശ്വസിക്കുന്നവരെല്ലാം തല ഉയർത്തി നിൽക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് ദൈവസ്നേഹത്തിന്റെ പാരമ്യം  വ്യക്തമാക്കുന്ന കുമ്പസാരം എന്ന കൂദാശ യേശു സ്ഥാപിച്ചത്. പാപാവസ്ഥ ഏറ്റുപറയുന്ന നല്ല കള്ളന് സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നതിലൂടെ ദൈവത്തിൻറെ അനന്ത കരുണ കുരിശിൽകിടന്നു കൊണ്ടുപോലും ഈശോ വ്യക്തമാക്കുന്നു.
     മറ്റുള്ളവർക്ക് സഹായം ചെയ്യാൻ കഴിയുന്ന എല്ലാ അവസരത്തിലും ദൈവകരുണയുടെ ഉറവപോലെ നന്മ ചെയ്യാനുള്ള ആഹ്വാനമാണ് ഈശോ ഇതിലൂടെ നമുക്ക് തരുന്നത്.
     

    ഇതിനുപകരമായി നാം ജോലി ചെയ്യുമ്പോൾ മറ്റൊരാൾക്ക് അർഹതപ്പെട്ട സേവനം ചെയ്യുന്നതിന് അയാളിൽനിന്ന് പണമോ പാരിതോഷികമോ കൈക്കൂലിയായി വാങ്ങുമ്പോൾ യേശുവിന്റെ തല താണു പോവുകയാണ്.  മദ്യപിച്ച്, മയക്കുമരുന്നിന് അടിമയായി മോശമായി പെരുമാറുമ്പോൾ,  മൊബൈൽ ഫോണിന് അടിമയായി അശ്ലീല സംഭാഷണങ്ങളിലും ലൈംഗിക വൈകൃതങ്ങളിലും മുഴുകുമ്പോൾ യേശുവിന്റെ തല താണുപോകുന്നു.

    പരീക്ഷക്ക് കോപ്പി അടിക്കുമ്പോൾ,  അവിഹിത മാർഗത്തിലൂടെ ജോലി സമ്പാദിക്കുമ്പോൾ, വിവാഹ ഉടമ്പടി ലംഘിച്ച് വ്യഭിചാരം ചെയ്യുമ്പോൾ, അവിഹിത ബന്ധങ്ങളിൽ ചെന്ന് വീഴുമ്പോൾ, യേശുവിന്റെ തല താഴ്ന്നു പോകുന്നു.അയൽവാസിക്ക് വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുമ്പോൾ,അപരന്റെ സ്വത്തും സമ്പാദ്യവും അഹിതമായി കയ്യടക്കുമ്പോൾ യേശുവിന്റെ തല താഴുന്നു..

     കേവലം കത്തോലിക്ക പേര് ഉണ്ടായതുകൊണ്ടു മാത്രം ,ഒരു ജപമാല കഴുത്തിൽ തൂക്കിയതുകൊണ്ടു മാത്രം നാം ക്രിസ്ത്യാനി ആകുന്നില്ല. യേശുവിന്റെ തല ഉയർന്നു നിൽക്കുന്ന രീതിയിൽ നമ്മുടെ ജീവിതവും പ്രവർത്തനങ്ങളും സുവിശേഷ വചനങ്ങളോട് ചേർന്നു പോകുമ്പോഴാണ്, കാൽവരിയിലെ ബലി നമ്മുടെ ജീവിതത്തിൽ അർത്ഥപൂർണ്ണമാവുക.
     

    കാരണം ആരും നശിച്ചുപോകാൻ ആഗ്രഹിക്കാതെ, എല്ലാവരും രക്ഷപ്രാപിക്കാൻ വേണ്ടിയാണ് അവിടുന്ന് കുരിശിൽ അവസാന തുള്ളി രക്തം പോലും നമുക്കുവേണ്ടി ചിന്തിയത്. അതുകൊണ്ട് പ്രിയമുള്ളവരെ കഴിഞ്ഞ ദിവസം നിങ്ങൾ കുമ്പസാരിച്ചിട്ടുണ്ടാവാം ,വിശുദ്ധ കുർബാന സ്വീകരിച്ചിട്ടുണ്ടാവാം.
     

    ഇനിയും പാപത്തിന്റെ എന്തെങ്കിലും ബന്ധനം ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ, ഏതെങ്കിലും തഴക്ക ദോഷത്തിന് അടിമയാണ് എന്നു തോന്നുന്നുവെങ്കിൽ, അതിൽ നിന്നും പൂർണ്ണമായി മോചനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നുകൂടി ദേവാലയത്തിലേക്ക് ചെല്ലുക. പൂർണ്ണമായ അനുതാപത്തോടെ പാപങ്ങൾ വീണ്ടും ഏറ്റുപറയുക .മാപ്പു ചോദിക്കുക .അങ്ങനെ പൂർണ്ണമായും കഴുകി ശുദ്ധമാക്കപ്പെട്ട ഒരു ഹൃദയത്തോടെ യേശുവിന്റെ ഉത്ഥാന ബലിയിൽ പങ്കുചേരുക.
     

    അതിശയിക്കുന്ന അൽഭുതം നിനക്ക് കാണാൻ കഴിയും.
     “പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.”ഹബക്കുക്ക്‌ 1 : 5
     അതിന് കരുത്തുള്ളവനാണ് യേശു.

    ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും  നീക്കി  സമൃദ്ധമായി അനുഗ്രഹിക്കാൻ  കഴിവുള്ള ദൈവമാണ്  നമുക്കുവേണ്ടി  കുരിശിൽ  ഒന്നുമല്ലാതായി മാറിയത്  .നാം  എല്ലാം ആകുന്നതിനു വേണ്ടി, നമുക്ക്  എല്ലാം ഉണ്ടാക്കുന്നതിനുവേണ്ടി  ദൈവം കുരിശിൽ തല താഴ്ത്തി.. വിശ്വാസത്തോടെ നമുക്ക് യേശുവിനോട് ചേർന്നു നിൽക്കാം.. ഇനിയൊരിക്കലും യേശുവിനെ വേദനിപ്പിക്കില്ല എന്ന പ്രതിജ്ഞയോടെ…

    യേശു നമ്മിലൂടെ തല ഉയർത്തി നിൽക്കുന്ന അവസ്ഥ നമുക്ക് രൂപപ്പെടുത്താം..

    പ്രേംജി മുണ്ടിയാങ്കൽ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!