ക്രിസ്ത്യാനികൾ ഏറ്റുപറയുന്ന വിശ്വാസത്തിൻറെ സംഗ്രഹമാണ് വിശ്വാസപ്രമാണങ്ങൾ (CCC 187) പഴയനിയമ പുതിയ നിയമങ്ങൾ ഉൾക്കൊള്ളുന്ന ആത്മീയ വിജ്ഞാനത്തെ മുഴുവൻ ചുരുങ്ങിയ വാക്കുകളിൽ ഇത് അവതരിപ്പിക്കുന്നു (CCC186). വളരെ നേരത്തെതന്നെ സഭ വിശ്വാസത്തിൻറെ അവശ്യഘടകങ്ങൾ സജീവവും സൃഷ്ടവുമായ സംഗ്രഹങ്ങളായി ഇപ്രകാരം ശേഖരിക്കുവാൻ നിശ്ചയിച്ചു.
വിശ്വാസം ഉൾക്കൊള്ളുന്ന പ്രധാന തത്ത്വങ്ങളുടെ സമാഹാരമാണ് വിശ്വാസപ്രമാണം. തന്മൂലം മതബോധനത്തിൻ്റെ പ്രഥമവും ആധികാരികവുമായ സംശോധക സ്രോതസ്സായി വിശ്വാസപ്രമാണം നിലകൊള്ളുന്നു (CCC 188). വിശ്വാസപ്രമാണത്തിന് മൂന്ന് ഭാഗങ്ങളുണ്ട്; ഒന്നാം ഭാഗത്ത് പരിശുദ്ധ ത്രിത്വത്തിലെ ഒന്നാമത്തെ ആളായ പിതാവിനെക്കുറിച്ചും രണ്ടാം ഭാഗത്ത് പുത്രനെക്കുറിച്ചും മൂന്നാം ഭാഗത്ത് പരിശുദ്ധാത്മാവിനെക്കുറിച്ചും പ്രബോധിപ്പിക്കുന്നു (190). അപ്പസ്തോലന്മാരുടെ സംഖ്യയുമായി ബന്ധപ്പെടുത്തി അപ്പസ്തോലിക വിശ്വാസത്തിൻറെ പൂർണ്ണത പ്രതീകാത്മകമായി ആവിഷ്കരിക്കുവാൻ വേണ്ടി വിശ്വാസപ്രമാണത്തിൽ 12 വകുപ്പുകൾ ഉണ്ട് എന്ന് കരുതുന്ന പതിവുണ്ടായിരുന്നു.
വ്യത്യസ്ത കാലഘട്ടങ്ങളുടെ പ്രത്യേക ആവശ്യങ്ങളോട് പ്രതികരിച്ചു കൊണ്ടും ശതാബ്ദങ്ങളിലൂടെ അനേകം വിശ്വാസപ്രമാണങ്ങൾ സഭയിൽ രൂപംകൊണ്ടിട്ടുണ്ട്. അവയിൽ രണ്ടെണ്ണം സഭാജീവിതത്തിൽ പ്രത്യേക സ്ഥാനം അലങ്കരിക്കുന്നു. അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം നിഖ്യാ കോൺസ്റ്റാൻറിനോപ്പിൾ വിശ്വാസപ്രമാണം എന്നിവയാണവ.
വിശ്വാസപ്രമാണം ചൊല്ലുമ്പോൾ നാം പരിശുദ്ധത്രിത്വവുമായും ആ വിശ്വാസം പകർന്നു നൽകുന്ന സഭയും ഐക്യപ്പെടുന്നു എന്ന് CCC 197-ൽ പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. വിശ്വാസപ്രമാണം തീക്ഷണതയോടെ ചൊല്ലുവാൻ ഏറെ പ്രചോദനം നൽകുന്നതുമാണ്.
കൂടുതൽ പഠനങ്ങൾക്കായി ചുവടെ നൽകുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക:https://youtu.be/jEGqBP_jHms