കൊച്ചി: കോവിഡ് 19 ബാധിച്ചു മരണമടയുന്നവരുടെ സംസ്‌കാരം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
അതിരൂപത തലത്തില്‍ കോവിഡ്മൂലംമരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ സിഞ്ചല്ലൂസ് റവ. ഡോ ജോസ് അയിനിയാടന്‍, സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചിട്ടുണ്ട്. കോവിഡ് മരണസംസ്‌കാരവുമായി ബന്ധപ്പെട്ട ഓരോ ഇടവകയിലും എട്ടുയുവാക്കളുടെ സന്നദ്ധസംഘത്തെ രൂപീകരിക്കണം. അവര്‍ക്കാവശ്യമായ പരിശീലനം, പിപിഇ കിറ്റ്, സാനിറ്റൈസര്‍ എന്നിവ സഹൃദയ ഡയറക്ടര്‍ ലഭ്യമാക്കും.
കോവിഡ് മൂലം മരണമടഞ്ഞവരുടെ സംസ്‌കാരശുശ്രൂഷകള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും തയ്യാറാക്കി ഇടവകകള്‍ക്ക് നല്കിയിട്ടുണ്ട്. വീട്ടില്‍വച്ച് മരിക്കുന്നവരുടെ മരണത്തില്‍ സംശയമുണ്ടെങ്കില്‍ സ്രവം പരിശോധിക്കണമെന്നും പോസീറ്റീവാണെങ്കില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരം മൃതശരീരം മറവ് ചെയ്യാനായി തയ്യാറാക്കിവിട്ടുതരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.