ഇരിങ്ങാലക്കുട: ഹൈന്ദവരുടെ ക്രിമിറ്റോറിയത്തില്‍ ഇരിങ്ങാലക്കുട രൂപതാംഗത്തിന് അന്ത്യയാത്ര. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞ 46 കാരന്റെ മൃതദേഹമാണ് ഹൈന്ദവ ക്രിമിറ്റോറിയത്തില്‍ ശവദാഹം നടത്തിയത്.
ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെമ്മനട, ലൂര്‍ദ്ദ് മാതാ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച സംസ്‌കരിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. കുഴിയെടുക്കാന്‍ പേമാരിയും വെളളവും പ്രതികൂലമായി. ഈ സാഹചര്യത്തിലാണ് അധികാരികളുടെ അനുവാദത്തോടെ ശ്രീനാരായണ ഭക്ത സമുദായോദ്ധരണി സമാജം മുക്തിസ്ഥാന്‍ ക്രിമിറ്റോറിയത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനമായത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തു, പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോക്കോളുകൾ പാലിച്ച് ദഹിപ്പിച്ചതിന് ശേഷം സംസ്ക്കാര ശുശ്രൂഷ നടത്തുകയും ചെയ്‌തു.ഇരിഞ്ഞാലക്കുട രൂപതയിലെ പാലിയേറ്റിവ് കെയർ യൂണിറ്റിലെ പ്രതേക സ്ക്വാഡിലുള്ള അഞ്ചു യുവവൈദികരായ ഫാ.വിൽസൺ പേരെപടൻ, ഫാ. ജോബി മേനോത്ത്, ഫാ.നിജോ പള്ളായി, ഫാ.മെഫിൻ തെക്കേക്കര, ഫാ. നൗജിൻ വിതയത്തിൽ എന്നിവർ സുരക്ഷ മുൻകരുതലോടെ മൃതദേഹം കൊണ്ടുവരികയും പ്രാരംഭപ്രാർത്ഥനകൾക്ക് ശേഷം വീട്ടുകാരുടെ സമ്മതപ്രകാരം ഇരിഞ്ഞാലക്കുട ക്രെമറ്റോറിയത്തിൽ മൃതദേഹം ദഹിപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഭൗതിക അവശിഷ്ടങ്ങൾ വൈകീട്ട് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾക്കു ശേഷം പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.
ഇടവകവികാരി ഫാ. ബെന്നി ചെറുവത്തൂര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരുന്നു.
ഇതാദ്യമായിട്ടാണ് അന്യമതവിശ്വാസിയുടെ ശവദാഹം നടത്തുന്നതെന്ന് മുക്തിസ്ഥാന്‍ അധികാരികള്‍ അറിയിച്ചു.