രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയിലെ തിരുസ്സഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യൂഷന്റെ ഖണ്ഡിക 16 – ൽ ഉള്ള ചില പ്രതിപാദനങ്ങൾ തെറ്റായ ഉപയോഗം മൂലം രണ്ട് പ്രധാന തെറ്റുകളിലേക്ക് ചില സഭാതനയരെ നയിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. അതിന് ചില വിശദീകരണങ്ങളും നൽകിയിരുന്നു. ഉപരി വിശദീകരണങ്ങളാണ് ഇന്ന് പങ്കു വയ്ക്കുന്നത്.
“ഏകനും കരുണനിറഞ്ഞവനും അന്ത്യനാളിൽ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ നമ്മോടൊത്തു അവരും (മുസ്ലീംകൾ) ആരാധിക്കുന്നുണ്ട്”.ഇതാണ് നമ്പർ 16-ൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിപാദനം. ഇത് തിരുസ്സഭയുടെ ഔദ്യോഗികപ്രബോധനം ആയിരിക്കുന്നതിനാൽ സത്യമാണ്, ഇതിനെ എങ്ങനെ മനസ്സിലാക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത് എന്ന് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
വിശുദ്ധ ബൈബിളിന് വ്യാഖ്യാനം, വിശദീകരണം ആവശ്യമുള്ളതു പോലെ, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾക്കും CCC- യ്ക്കും ഒക്കെ വ്യാഖ്യാനവും വിശദീകരണങ്ങളും ആവശ്യമുണ്ട്. സഭയുടെ പ്രബോധനാധികാരം അത് നിർവഹിക്കുന്നുമുണ്ട്. ഇസ്ലാം മതവിശ്വാസികൾ കത്തോലിക്കരെ പോലെ സത്യവിശ്വാസത്തിൽ ആണുള്ളത്, അവരെ ഏകരക്ഷകനായ ഈശോയിലേയ്ക്ക് നയിക്കേണ്ടതില്ല എന്ന് സൂചിപ്പിക്കുന്ന ഒരു രേഖകളും രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഉണ്ടായിട്ടില്ല. മറിച്ച് അവരടക്കം സകലരെയും സുവിശേഷം അറിയിക്കണം എന്ന് കൃത്യമായി പഠിപ്പിക്കുന്ന പല രേഖകളും ഉണ്ട് താനും.
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആ ചൈതന്യത്തിലാണ് CCC രൂപപ്പെടുത്തിയിരിക്കുന്നത്. (CCC No.11) അത് ആരംഭിക്കുന്നത് തന്നെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചും ഏകരക്ഷകനായ ഈശോയെകുറിച്ചും പ്രതിപാദിച്ചുകൊണ്ടാണ്. ഖണ്ഡിക 432- ൽ, അപ്പ 4:12 ഉദ്ധരിച്ചുകൊണ്ട് കൃത്യമായി പഠിപ്പിക്കുന്നു. “ആകാശത്തിനു കീഴെ, മനുഷ്യരുടെയിടയിൽ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപെട്ടിട്ടില്ല”. 2666, 589, 389,161 ഖണ്ഡികകളിലും ഇത് കൃത്യമായി പഠിപ്പിക്കുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ, ഈശോ ഏകരക്ഷകൻ എന്ന വിശ്വാസത്തിൽ നിന്ന് പുറകോട്ട് പോയിട്ടില്ല. അങ്ങനെ പോകാതിരിക്കാനുള്ള സവിശേഷമായ അനുഗ്രഹം സഭയ്ക്ക് ഈശോ നൽകിയിട്ടുണ്ട് എന്നാണല്ലോ നമ്മുടെ വിശ്വാസം (മത്താ 16:18).
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം പുറത്തിറങ്ങിയ രണ്ട് പ്രധാന ചാക്രികലേഖനങ്ങളാണ് ‘സുവിശേഷപ്രഘോഷണം’ (വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ), ‘രക്ഷകന്റെ മിഷൻ’ (വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ). ഈ രണ്ട് ചാക്രികലേഖനങ്ങളിലും ഈശോയാണ് ഏകരക്ഷകൻ എന്ന് വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. രക്ഷകന്റെ മിഷൻ No.11 “മറ്റെല്ലാവരുടെയും വിശ്വാസങ്ങളോടും വികാരങ്ങളോടും കൂടിതന്നെ (ഇവിടെ ഇസ്ലാം മതത്തെ ഒഴിവാക്കിയിട്ടില്ല) ഈശോമിശിഹായിൽ നമുക്കുള്ള വിശ്വാസത്തെ ഉറപ്പിച്ച് പറയേണ്ടിയിരിക്കുന്നു. അവിടുന്ന് മനുഷ്യ വർഗ്ഗത്തിന്റെ ഏകരക്ഷകൻ ആണ്”(രക്ഷകന്റെ മിഷൻ No.11). രണ്ടാം വത്തിക്കാൻ കൗൺസിലിനെ തെറ്റായി വ്യാഖ്യാനിച്ച് ‘ലിബറലിസ’ത്തിലേയ്ക്ക് നീങ്ങുന്നവരെ തിരുത്തുവാനായി ഇറക്കിയ ‘കർത്താവായ ഈശോ’ എന്ന രേഖയിലും ഈശോയാണ് ഏകരക്ഷകൻ എന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്നുണ്ട്. “മനുഷ്യ ജാതിയെയും അതിന്റെ ചരിത്രത്തെയും സംബന്ധിച്ച് ഈശോമിശിഹായ്ക്ക് ഒരു പ്രാധാന്യവും മൂല്യവും ഉണ്ട് എന്ന് ഏറ്റു പറയുവാൻ കഴിയും. അങ്ങനെ പറയുകയും വേണം. ആ പ്രാധാന്യവും മൂല്യവും അനന്യമാണ്, ഏകമാണ്, അവിടുത്തേയ്ക്കു മാത്രമുള്ളതാണ്. മറ്റുള്ളവരെ ഒഴിവാക്കുന്നതാണ്, സാർവത്രികവും കേവലവും ആണ്” No. 15. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ചൈതന്യം ഇതല്ലായിരുന്നുവെങ്കിൽ ഈ രേഖകളിലൊന്നും ഇപ്രകാരം പഠിപ്പിക്കുവാൻ കഴിയുമായിരുന്നില്ല.
ദൈവത്തിന്റെ സ്വന്തം ജനമായിരുന്ന യഹൂദരെയും അക്രൈസ്തവരുടെ ഗണത്തിലാണ്, സുവിശേഷം ആവശ്യമുള്ളവരുടെ ഗണത്തിലാണ് തിരുസഭ നമ്പർ 16-ൽ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ അവർക്കും പിറകെ പ്രതിപാദിച്ചിരിക്കുന്ന ഇസ്ലാംമതം എങ്ങനെ ക്രൈസ്തവവിശ്വാസത്തിനൊപ്പമാണ് എന്ന് സഭ പഠിപ്പിക്കും? ഈശോമിശിഹാ വഴി രക്ഷിക്കപ്പെടേണ്ടവരുടെ ഗണത്തിലാണ് സഭ അവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്രൈസ്തവമല്ല എന്ന് സൂചിപ്പിച്ചിട്ട് അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന, സുവിശേഷം ആവശ്യമുണ്ട് എന്ന് പറഞ്ഞിരിക്കുന്ന ഒരു മതത്തെ, ക്രൈസ്തവ വിശ്വാസത്തിനൊപ്പമോ, അതിനേക്കാൾ ഉയർന്നതോ, അതിനോട് വളരെ അടുത്തു വരുന്നു എന്ന് പ്രബോധിപ്പിക്കുന്നതോ കാതോലികമായ നിലപാടല്ല. ആ മതത്തിന് അതിന്റേതായ ദർശനം ഉള്ളതുപോലെ ക്രൈസ്തവർക്ക് അവരുടേതായ വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ‘സത്യമായ’ ഈശോയിൽ കൂടി സത്യദൈവമായ പരിശുദ്ധ ത്രിത്ത്വത്തിന് അർപ്പിക്കുന്നതാണ് സത്യാരാധന എന്നാണ് ക്രൈസ്തവ വിശ്വാസം. ഈ വിശ്വാസം ഇല്ലാത്ത മതങ്ങളെല്ലാം അക്രൈസ്തവ മതങ്ങളാണ്.
വിശുദ്ധ ബൈബിൾ വ്യാഖ്യാനിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരുരീതി സഭാ പ്രബോധനം വ്യാഖ്യാനിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നുന്നു. സഭയുടെ ഹൃദയത്തിൽ എഴുതപ്പെട്ട സഭാപ്രബോധനങ്ങളെ അതിലൊന്നിനെ, ആ ഒന്നിലെ ഒരു പ്രതിപാദനത്തെ മാത്രമെടുത്തു വ്യാഖ്യാനിക്കാതെ, ആ പ്രമാണരേഖയുടെ മൊത്തം ചൈതന്യത്തിലും, കൗൺസിൽ മുഴുവന്റെയും ചൈതന്യത്തിലും, സഭയുടെ അതുവരെയുള്ള സജീവപാരമ്പര്യത്തിലും ചേർത്തുവച്ച് മനസ്സിലാക്കാൻ ശ്രമിക്കണം. അങ്ങനെ ചെയ്താൽ ഈശോ ഏകരക്ഷകൻ എന്ന വിശ്വാസത്തിൽ നിന്ന് ആരും വ്യതിചലിച്ചു പോവുകയില്ല. നിർഭാഗ്യവശാൽ ഇപ്രകാരമൊരു ശ്രദ്ധ കാണിക്കാത്തതുകൊണ്ട് സഭയുടെ വിവിധ മേഖലകളിലുള്ള പലരും സത്യവിശ്വാസത്തിൽ നിന്ന് അകലുന്നുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിൽ, ക്രൈസ്തവവിശ്വാസത്തിന് വെളിയിലുള്ള മതങ്ങളോടും സമൂഹങ്ങളോടുമൊക്കെ ഏറെ തുറവി പ്രകടിപ്പിക്കുകയും അവയിലുള്ള നന്മകളെ ശ്രദ്ധിക്കുകയും അവയെ ആദരിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കറിയാം ധാർമികമായി അധപതിച്ച ഒരു വ്യക്തിയുമായി ധാർമികതയ്ക്ക് പരിശ്രമിക്കുന്ന ഒരാൾ വേണ്ടത്ര കരുതലില്ലാതെ സ്നേഹബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചാൽ, തന്നിലെ കുറവുകൊണ്ടോ അയാളിലെ ചൂഷണമനോഭാവം കൊണ്ടോ ഒക്കെ കളങ്കിതനായിത്തീരും. ഇത് വിശ്വാസപരമായ മേഖലകളിലും സംഭവിക്കാവുന്നതാണ്. തന്റെ കത്തോലിക്കാ വിശ്വാസത്തിൽ ഉറപ്പും ബോധ്യവും അഭിമാനവും വേണ്ടത്ര ഇല്ലാത്ത ഒരു ക്രിസ്ത്യാനി മറ്റു മതങ്ങളോട് ഇടപഴകാൻ ശ്രമിച്ചാൽ ക്രൈസ്തവ വിശ്വാസത്തിനു വിരുദ്ധമായ അവരിലെ ഘടകങ്ങൾ ക്രിസ്ത്യാനിയുടെ കുറവു കൊണ്ടോ, ആ മതത്തിൽ ഉള്ളവർ ക്രിസ്ത്യാനിയെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമങ്ങൾ കൊണ്ടോ ആ വ്യക്തിയെ സ്വാധീനിക്കാം. ഇപ്രകാരമുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഇന്ന് സംഭവിക്കുന്നുണ്ട്. ആ പ്രശ്നങ്ങൾ കാണുന്നവർ വൈകാരികമായി പ്രതികരിച്ചു മറ്റു പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്.
കത്തോലിക്കാസഭയ്ക്ക് വെളിയിലുള്ളവരുടെ നന്മകൾ, മറ്റ് മതസ്ഥരുടേതടക്കം ആദരിക്കണം, അതിനെ വളർത്തണം എന്ന നിലപാട് തികച്ചും സുവിശേഷാത്മകമാണ്. എന്നാൽ അത് പ്രായോഗികതയിൽ എത്തിക്കുന്നതിൽ ഏറെ വൈഷമ്യങ്ങൾ നേരിടുന്നുണ്ട് എന്നതാണ് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൂചിപ്പിക്കുന്നത്. ഇവിടെ സഭാപ്രബോധനം മാറ്റിയെഴുതുകയല്ല, അത് മനസിലാക്കുന്നതിനും പ്രയോഗികമാക്കുന്നതിനും അതീവ ജാഗ്രത പുലർത്തുകയാണ് വേണ്ടത്.