വത്തിക്കാന്‍ സിറ്റി: ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന ലൊറേറ്റോ ജൂബിലി കൊറോണ വൈറസിന്റെ വ്യാപനപശ്ചാത്തലത്തില്‍ അടുത്തവര്‍ഷം വരെ നീട്ടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കിയതായി ആര്‍ച്ച് ബിഷപ് ഫാബിയോ അറിയിച്ചു.
2019 ഡിസംബര്‍ എട്ടിന് ആരംഭിച്ച ജൂബിലിയാഘോഷം ഈ വര്‍ഷം ഡിസംബര്‍ 10 ന്അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രത്യേകസാഹചര്യത്തില്‍ അടുത്തവര്‍ഷം ഡിസംബര്‍ 10 വരെ ആഘോഷം നീട്ടി. ലൊറേറ്റോ മാതാവിനെ വൈമാനികരുടെയും വിമാനയാത്രക്കാരുടെയും പ്രത്യേക മധ്യസ്ഥയായി പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ജൂബിലി ആഘോഷങ്ങള്‍.
വിശുദ്ധ നാട്ടിലുള്ള കന്യാമാതാവിന്റെ ഭവനം മാലാഖമാര്‍ ഇറ്റാലിയന്‍ നഗരത്തിലേക്ക് കൊണ്ടുവന്നു എന്നാണ് പാരമ്പര്യവിശ്വാസം. ഈ പാരമ്പര്യവുമായി ബന്ധപ്പെടുത്തിയാണ് ലൊറേറ്റോ മാതാവിനെ വൈമാനികരുടെയും വിമാനയാത്രകരുടെയും പ്രത്യേക മധ്യസ്ഥയായി വണങ്ങുന്നത്. 1920 മാര്‍ച്ചില്‍ പോപ്പ് ബെനഡിക്ട് പതിനഞ്ചാമനാണ് ലോറെറ്റോ മാതാവിനെ വിമാനയാത്രികരുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചത്.
വളരെ ദുഷ്‌ക്കരമായ ഈ സമയത്ത് പരിശുദ്ധ അമ്മ ഈശോയില്‍ നിന്ന് പുതുതായി തുടങ്ങാന്‍ നമുക്ക് വീണ്ടും 12 മാസം കൂടി നീട്ടിനല്കിയിരിക്കുകയാണ് എന്ന് ജുബിലി ആഘോഷം നീട്ടിക്കിട്ടിയതിനെക്കുറിച്ച് ആര്‍ച്ച് ബിഷപ് ഫാബിയോ പ്രതികരിച്ചു.