ഇരിങ്ങാലക്കുട: കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴിയെങ്കിലും പുതിയ സാഹചര്യത്തില്‍ കാണം വില്ക്കാന്‍ പോലും ഇല്ലാതെ വട്ടം തിരിയുകയാണ് മലയാളികള്‍. പ്രത്യേകിച്ച് നിര്‍ദ്ധനര്‍. ഈ സാഹചര്യത്തിലാണ് നിര്‍ദ്ധരോഗികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുമായി ഇരിങ്ങാലക്കുട രൂപത ആശ്വാസമാകുന്നത്. ഇരിങ്ങാലക്കുട പ്രഥമ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ 532 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. ആയിരം രൂപ വിലമതിക്കുന്ന കിറ്റുകള്‍ ജാതിമതഭേദമില്ലാതെയാണ് വിതരണം ചെയ്യുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അറിയിച്ചു. കോവിഡ് കാലത്ത് ഇത് രണ്ടാം തവണയാണ് ഹൃദയ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ സൗജന്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് തൊഴിലില്ലായ്മയും സാമ്പത്തികബുദ്ധിമുട്ടും അനുഭവിക്കുന്ന സാഹചര്യത്തില്‍ രൂപതയുടെ ഈ കൈത്താങ്ങല്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.