Tuesday, January 14, 2025
spot_img
More

    സൃഷ്ടികർമ്മത്തിനു പുറകിലുള്ള സ്നേഹ രഹസ്യങ്ങളെക്കുറിച്ച്.(CCC 290- 308)


    സൃഷ്ടികർമ്മം പരിശുദ്ധ ത്രീത്വത്തിൻ്റെ പ്രവർത്തിയാണ്. ദൈവമൊഴികെ മറ്റുള്ളതെല്ലാം ദൈവത്തിൻ്റെ സൃഷ്ടികളാണ്. ആ സൃഷ്ടികളെല്ലാം സ്രഷ്ടാവായ ദൈവത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നെതെന്ന്  CCC 290-ൽ പഠിപ്പിക്കുന്നു.

    അടുത്ത ഖണ്ഡികയിൽ നമുക്കിത് കുറച്ചുകൂടി വ്യക്തമാക്കിത്തരുന്നുണ്ട്. പിതാവായ ദൈവം തൻ്റെ പ്രിയപുത്രനായ നിത്യവചനം വഴി സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സർവ്വതും സൃഷ്ടിച്ചുവെന്നും പരിശുദ്ധാത്മാവാകുന്ന ‘ജീവദാതാവി’ലൂടെ അവയ്ക്കെല്ലാം ജീവൻ പകരുന്നതായും (CCC 291) നമുക്ക് മനസ്സിലാക്കാം. പിതാവിൻ്റെ രണ്ടു കരങ്ങളാണ് പുത്രനും പരിശുദ്ധാത്മാവും.            

    സ്യഷ്ടികളുടെ ഉദ്ദേശത്തെക്കുറിച്ച് പ്രദിപാതിച്ചുകൊണ്ടാണ്   ഖണ്ഡിക 293 ആരംഭിക്കുന്നത്. സമസ്ത സൃഷ്ടികളും ദൈവത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്നതിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടികളിൽക്കൂടി തൻ്റെ മഹത്വം വെളിപ്പെടുത്തുന്ന ദൈവം സൃഷ്ടികൾക്ക് ആ മഹത്വം പങ്കുവെച്ചു നൽകുകകൂടി ചെയ്യുന്നു. സ്നേഹവും നന്മയുമല്ലാതെ മറ്റൊരു കാരണവും ലോക സൃഷ്ടിയിൽ ദൈവത്തിനില്ല എന്ന് CCC 293 നമ്മെ പഠിപ്പിക്കുന്നു. സൃഷ്ടികളുടെ ആത്യന്തികമായ ലക്ഷ്യം  സ്രഷ്ടാവിനെ സദാ മഹത്വപ്പെടുത്തുക എന്നതാണ്. ദൈവം സ്വതന്ത്രമായി ‘ശൂന്യാവസ്ഥയിൽ നിന്നു’ സർവ്വതും സൃഷ്ടിച്ചു എന്ന് ഖണ്ഡിക 296-ൽ പഠിപ്പിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന ഏതെങ്കിലും പദാർത്ഥത്തിൽ നിന്നോ എന്തിൻ്റെയെങ്കിലും സഹായത്താലോ അല്ല മറിച്ച് ശൂന്യതയിൽ നിന്നാണ് തനിക്കിഷ്ടമുള്ളതെല്ലാം ദൈവം സൃഷ്ടിച്ചത് എന്നതിലാണ് ദൈവത്തിൻ്റെ ശക്തി പ്രകടമാകുന്നത്.               

    ശൂന്യതയിൽ നിന്ന് എല്ലാം സൃഷ്ടിക്കാൻ കഴിവുള്ള ദൈവത്തിന്  പാപിയായ മനുഷ്യനിൽ പരിശുദ്ധാത്മാവു വഴി ആദ്ധ്യാത്മിക ജീവൻ നൽകുവാനും, മരിച്ചവർക്ക് പുനരുത്ഥാനം വഴി ശാരീരിക ജീവൻ നൽകുവാനും, അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വം നൽകുവാനും, തന്നെ അറിയാതെ അന്ധകാരത്തിൽ കഴിയുന്നവർക്ക് വിശ്വാസവെളിച്ചം നൽകുവാനും കഴിയുെമെന്ന (CCC 298) ഈ പ്രബോധനം നമുക്ക് വളരെയേറെ പ്രത്യാശ നൽകുന്നതാണ്. മനുഷ്യനൊഴികെ മറ്റെല്ലാ സൃഷ്ടികളും മനുഷ്യനുവേണ്ടിയാണ് ദൈവം സൃഷ്ടിച്ചതെന്നും മനുഷ്യനാകട്ടെ, ദൈവത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്  CCC  299-ൽ പഠിപ്പിക്കുന്നു. അനേകം കോടി ഗ്യാലക്സികളുൾപ്പെടുന്ന ഈ സൃഷ്ട പ്രപഞ്ചം പോലും ദൈവം മനുഷ്യന് നൽകിയിട്ടുള്ള സമ്മാനമാണെന്ന് ഇവിടെ പഠിപ്പിക്കുകയാണ്. ഇപ്രകാരം ദൈവത്തിന് മനുഷ്യനോടുള്ള അഗാധമായ സ്നേഹം അവിടുന്ന് നമുക്ക് വെളിപ്പെടുത്തുകയാണ്.  സൃഷ്ടികൾക്കെല്ലാം അവിടുന്ന് അവിടുത്തെ മഹത്വം നൽകിയിരിക്കുന്നു. എന്നാൽ “തൻ്റെ സർവ്വസൃഷ്ടികളെയുംകാൾ അനന്ത ശ്രേഷ്ഠതയുള്ളവനാണ് ദൈവം” എന്ന് CCC 300-ൽ പറയുന്നു. 

    തൻ്റെ സൃഷ്ടികളെയെല്ലാം അവിടുന്ന് സ്നേഹിക്കുകയും അവിടുന്ന് തൻ്റെ സാന്നിധ്യവും നന്മയും നൽകി അവയെ പരിപാലിക്കുകയും ചെയ്യുന്നുവെന്ന് CCC 301-ൽ പഠിപ്പിക്കുന്നു. “സൃഷ്ടിക്ക് അതിൻ്റേതായ നന്മയും തനതായ പൂർണതയുമുണ്ട്. എന്നിരുന്നാലും പരിപൂർണാവസ്ഥയിലല്ല സൃഷ്ടി സ്രഷ്ടാവിൻ്റെ കരങ്ങളിൽ നിന്ന് പുറത്തു വരുന്നത് ” (CCC 302) എന്ന പ്രബോധനം വളരെ പ്രാധ്യാന്യമർഹിക്കുന്ന ഒന്നാണ്. “ദൈവം നിയോഗിച്ചിട്ടുള്ളതും ഇനിയും പ്രാപിക്കേണ്ട ഒരു ആത്യന്തികപൂർണതയിലേക്ക് ഓരോ സൃഷ്ടിയും വളരേണ്ടതുണ്ടെന്നും അതിനായി ദൈവപരിപാലനയിൽ ആശ്രയിച്ച് യാത്രചെയ്യേണ്ടതുണ്ടെന്നും ഇതിലൂടെ തിരുസഭ നമ്മെ പഠിപ്പിക്കുന്നു.                

    “തൻ്റെ മക്കളുടെ നിസ്സാര ആവശ്യങ്ങളിൽ പോലും ശ്രദ്ധ പതിപ്പിക്കുന്ന സ്വർഗ്ഗീയ പിതാവിൻ്റെ പരിപാലനയ്ക്ക് ശിശുസഹജമായ ദൃഢവിശ്വാസത്തോടെ നമ്മെ തന്നെ വിട്ടു കൊടുക്കാൻ” (മത്താ 6:31-33) (CCC 305) കഴിയുന്നതുവഴിയാണ് നമുക്കീ യാത്ര പൂർത്തിയാക്കാൻ കഴിയുകയുള്ളൂ എന്ന് കർത്താവീശോമിശിഹാ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. “ദൈവമാണ് തൻ്റെ പദ്ധതിയുടെ പരമാധികാരി എന്നിരുന്നാലും അത് നടപ്പിലാക്കുന്നതിന് ദൈവം തൻ്റെ സൃഷ്ടികളുടെ സഹകരണവും സ്വികരിക്കുന്നു” (CCC 306) എന്ന പ്രബോധനം വഴി അതിനുള്ള കൃപ നമുക്ക് നൽകപ്പെട്ടിരിക്കുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു. 

    ഇപ്രകാരം പ്രവർത്തിക്കുക വഴി  ദൈവത്തിൻറെ രക്ഷാകര പദ്ധതിയിൽ നമുക്ക് അവിടുത്തോട് കൂടെ കൂട്ടു വേലക്കാരായി വർത്തിക്കുന്നതിനുള്ള വലിയ സൗഭാഗ്യവും മഹത്വവും അവിടുന്ന് നമുക്ക് നൽകിയിരിക്കുന്നു. അതേ സമയം ”സ്രഷ്ടാവിൻറെ അഭാവത്തിൽ സൃഷ്ടി ശൂന്യതയിൽ മറയുന്നുവെന്നും അതിനേക്കാൾ അസാധ്യമാണ് ദൈവകൃപയുടെ സഹായമില്ലാതെ  ഒരു സൃഷ്ടിക്ക് അതിൻറെ പരമാന്ത്യം പ്രാപിക്കുക എന്നത്” (CCC 308) എന്നും തിരുസഭ നമ്മെ ഓർമ്മപ്പെടുത്തുന്നു. 

    കൂടുതൽ പഠനങ്ങൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.
    https://youtu.be/xamxvbz_dy8

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!