നൈജീരിയ: സുവിശേഷപ്രഘോഷകന്റെ വീട് തകര്‍ത്ത് സാധനസാമഗ്രികള്‍ മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫുലാനി ഹെര്‍ഡ്‌സ്മാന്‍ 14 കാരിയുള്‍പ്പടെ നാലുപേരെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
പാതിരാത്രിയില്‍ തങ്ങളെ ആരോ വിളിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നതെന്നും നോക്കിയപ്പോള്‍ ഫുലാനികളെയാണ് കണ്ടതെന്നും സുവിശേഷപ്രഘോഷകനായ ഏലീഷ്വ അബു പറഞ്ഞു. ഉടന്‍ തന്നെ കുടുംബം ദൈവത്തിന്റെ ഇടപെടലുണ്ടാകാനായി പ്രാര്‍ത്ഥന ആരംഭിച്ചു. ഗെയ്റ്റ് തുറക്കാനുള്ള ആക്രോശം സുവിശേഷപ്രഘോഷകന്‍ ചെവിക്കൊണ്ടില്ല. ചുറ്റിക ഉപയോഗിച്ച് ഗെയ്റ്റ് തകര്‍ക്കാന്‍ അക്രമികള്‍ ശ്രമിച്ചു. പോരാഞ്ഞ് വാതിലിന് നേരെ വെടിയും ഉതിര്‍ത്തു. പെട്ടെന്ന് തന്നെ പോലീസില്‍ വിവരം അറിയിച്ച് സഹായം അഭ്യര്‍ത്ഥിച്ചു.
പോലീസ് എത്തിച്ചേരുന്നതിന് മുമ്പുതന്നെ വീടു തകര്‍ത്ത് അകത്തു കയറാനാവാതെ സംഘം പിന്തിരിഞ്ഞു. പോകുന്ന വഴിക്കാണ് അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് പതിനാലുകാരിയെയും മറ്റുള്ളവരെയും തട്ടിക്കൊണ്ടുപോയത്.
നൈജീരിയായില്‍ സുവിശേഷപ്രഘോഷകര്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.