Monday, January 13, 2025
spot_img
More

    ഈശോയെന്ന അധ്യാപകൻ

    അധ്യാപനത്തിന്റേയും പഠനത്തിന്റേയും രീതികൾ ഏറെ മാറിക്കഴിഞ്ഞിരിക്കുന്ന ഇന്നത്തെ ചുറ്റുപാടിലും അധ്യാപനം നടത്തുക എന്നത്‌ ഗൗരവമാർന്ന കാര്യമാണ്‌. അധ്യാപനത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചും ധാരാളം കാര്യങ്ങൾ പറയപ്പെടുന്നതിലൂടെ, ഇക്കാര്യങ്ങളെക്കുറിച്ച്‌ നമ്മുടെ ഉള്ളിലുള്ള ധാരണകളെയാണ്‌ നാം പങ്കുവയ്ക്കുക. പല അധ്യാപകരേയും നാം ഇഷ്ടപ്പെടാറുണ്ട്‌, ചിലപ്പോഴെങ്കിലും അവരെ മാതൃകയും ആക്കാറുണ്ട്‌ എന്നാൽ യഥാർത്ഥ അധ്യാപകൻ അല്ലെങ്കിൽ ഗുരു അരാണ്‌? അത്‌ ഈശോ മാത്രമാണെന്ന്‌ അൽപംപോലും സംശയം ഇല്ലാതെ ഉത്തരം പറയാൻ എനിക്ക്‌ സാധിക്കും.

    യേശു ശരിക്കും ഒരു അധ്യാപകനായിരുന്നോ? അതേ എന്ന്‌ പറയാനുള്ള കാരണവും സുവിശേഷങ്ങൾ തരുന്നുണ്ട്‌. സുവിശേഷങ്ങളിൽ യേശുവിനെ ഗുരു, അധ്യാപകൻ എന്നീ വിശേഷണങ്ങളാൽ വിളിച്ചിരുന്നു എന്ന്‌ നമുക്കറിയാം. ധാരാളം ഇടങ്ങളിൽ ഈ വിശേഷണം നാം കാണുകയും ചെയ്യുന്നുണ്ട്‌. “നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ്‌ എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്‌.” (യോഹ 13:13). ഒരു രാത്രിയിൽ നിക്കോദേമോസ്‌ യേശുവിന്റെ അടുത്തെത്തിയപ്പോൾ അവൻ ഈശോയെക്കുറിച്ച്‌ ഇങ്ങനെ പറയുന്നുണ്ട്‌: “റബ്ബീ, അങ്ങ്‌ ദൈവത്തിൽനിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങൾ അറിയുന്നു. ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല.“ (യോഹ 3: 2).

    നിക്കൊദേമോസ്‌ ഈശോയെക്കുറിച്ച്‌ പറഞ്ഞുവച്ച അതേ കാര്യമാണ്‌ ഏതൊരു ഗുരുവിലും ഉണ്ടാകേണ്ടതായ അടിസ്ഥാനപരമായ ഗുണം എന്ന്‌ പറയാൻ സാധിക്കും. അതായത്‌ ഒരു അധ്യാപകൻ (അധ്യാപിക) എന്നാൽ ദൈവത്തിൽ നിന്നും വന്നവനും (വന്നവളും) ദൈവം കൂടെയുള്ളവനും (കൂടെയുള്ളവളും) എന്ന വിശേഷണത്തിന്‌ അർഹതയുള്ള വ്യക്തി എന്നർത്ഥം. എന്നാൽ ഈശോയെന്ന ഗുരുവിനെക്കുറിച്ച്‌ നിക്കൊദേമോസ്‌ പറഞ്ഞതുപോലെ വിളിക്കപ്പെടാൻ കഴിവുള്ളതും യോഗ്യതയുള്ളതുമായ എത്ര അധ്യാപകരെ നമുക്കറിയാം? വളരെചുരുക്കം ചിലരെക്കുറിച്ച്‌ മാത്രമേ നമുക്കങ്ങനെ പറയാൻ കഴിയുകയുള്ളൂ. പല കാലങ്ങളിലായി കുറേയേറെ അധ്യാപകർ നമുക്കു മുൻപിൽ വന്നിട്ടും ഈശോയെപ്പോലെ ഹൃദയത്തെ തൊട്ടവർ അപൂർവമാണ്‌. നല്ല അധ്യാപകർ ധാരാളമുണ്ട്‌, പക്ഷേ പ്രസ്തുത വിശേഷണം സൂചിപ്പിക്കുന്ന വിധമുള്ളവർ ഇല്ലാ എന്നുമാത്രം.

    അമേരിക്കൻ കവിയായ മാർക്ക്‌ വാൻ ഡോറെൻ പറയുന്നതുപോലെ ”കണ്ടെത്തലിനെ സഹായിക്കുന്ന കലയാണ്‌ അധ്യാപനം“. ഈ കണ്ടെത്തൽ പലതരത്തിലും പല തലത്തിലുമാകാം. ഈശോ തന്റെ പഠിപ്പിക്കലുകളിലൂടെ ദൈവജനത്തെ കണ്ടെത്തുകയായിരുന്നു എന്നതുപോലെതന്നെ. അതുപോലെ നാം ഇന്ന്‌ ഈശോയുടെ പ്രബോധനങ്ങൾ ഹൃദിസ്ഥമാക്കുന്നതിലൂടെ ഈശോയേയും കണ്ടെത്തുകയാണ്‌. തങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ ശിഷ്യന്മാർ ആവശ്യപ്പെട്ടപ്പോൾ അവൻ പഠിപ്പിച്ച പ്രാർത്ഥനയിലൂടെ എത്രയധികം കാര്യങ്ങളാണ്‌ അവർക്ക്‌ കണ്ടെത്താനായത്‌. ദൈവത്തെ പിതാവായി കണ്ടെത്താനാകുക, അതുപോലെ സ്വയം കണ്ടെത്തുക ഒപ്പം അപരനേയും കണ്ടെത്തുക. ഇതുപോലെ അനേകം കാര്യങ്ങൾ ഈശോ പഠിപ്പിച്ച ഓരോ കാര്യങ്ങളിലും അടങ്ങിയിട്ടുണ്ട്‌ എന്ന്‌ ശ്രദ്ധിച്ചാൽ മനസിലാകും.

    സ്കോട്ടിഷ്‌ ദൈവശാസ്ത്രജ്ഞൻ ജെയിംസ്‌ സ്റ്റുവർട്ട,‍്‌ ഈശോയെന്ന അധ്യാപകനെക്കുറിച്ച്‌ പറഞ്ഞതിങ്ങനെയാണ്‌, “യേശുവിന്റെ പഠിപ്പിക്കലിന്‌ ഒരു ശക്തിയും ഫലവുമുണ്ട്‌, മറ്റൊരു അധ്യാപകന്റെയും സ്വാധീനം ഒരു നിമിഷം പോലും ഈശോയിൽ താരതമ്യം ചെയ്യാൻ ആർക്കും ഒരിക്കലും കഴിയുകയുമില്ല.” യേശുവിന്റെ മലയിലെ പ്രസംഗം അവസാനിക്കുന്നത്‌ ഈ വചനത്തോടുകൂടെയാണ്‌: “യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ്‌ അവൻ പഠിപ്പിച്ചത്‌.” (മത്തായി 7:29). അനേകർ അന്നോളം ജനങ്ങളെ പഠിപ്പിച്ചിരുന്ന രീതിയായിരുന്നില്ല യേശുവിന്റേത്‌ എന്നത്‌ ഇവിടെ വ്യക്തമാണ്‌.

    ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകൻ ക്രിസ്തുവായിരുന്നു. അവൻ പഠിപ്പിച്ചതിലും മികച്ചത്‌ പഠിപ്പിക്കുവാനോ പറഞ്ഞുതരുവാനോ ഇന്നുവരെ മറ്റാർക്കും കഴിഞ്ഞിട്ടുമില്ല. അതിനൊരുദാഹരണം മർക്കോസിന്റെ സുവിശേഷത്തിൽ നാം കാണുന്നുണ്ട്‌, “സാബത്തുദിവസം സിനഗോഗിൽ അവൻ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്‌? എത്ര വലിയ കാര്യങ്ങളാണ്‌ ഇവന്റെ കരങ്ങൾവഴി സംഭവിക്കുന്നത്‌” (മർക്കോസ്‌ 6:2) സിനഗോഗ്‌ മാത്രമല്ല, ഏതൊരിടവും അധ്യാപനത്തിന്‌ ഉചിതമാണെന്ന്‌ ഈശോ തന്റെ പരസ്യജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുണ്ട്‌. ഈശോയെ സംബന്ധിച്ച്‌ ലോകം മുഴുവൻ അവന്റെ ക്ളാസ്‌ റൂമായിരുന്നു എന്ന്‌ പറയുന്നതാണ്‌ ശരി. ഇന്ന്‌ സൗകര്യങ്ങൾ വർദ്ധിക്കുമ്പോഴും അധ്യാപനത്തിന്റെ ക്വാളിറ്റി/ഗുണനിലവാരം കുറഞ്ഞുപോകുന്നതും നാമറിയുന്നുണ്ട്‌. അസൗകര്യങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ഈശോയുടെ പഠിപ്പിക്കലുകൾ കാലാതിവർത്തിയാണെന്നത്‌ അതിന്റെ ക്വാളിറ്റി കൊണ്ടുതന്നെയാണ്‌.

     ഇന്നും യേശുവെന്ന ഈ അധ്യാപകന്റെ വിളികേട്ട്‌ അവന്റെ വഴിയെ യാത്ര ചെയ്യുന്നവരെല്ലാം അധ്യാപകൻ/അധ്യാപിക എന്ന ലേബലില്ലാതെതന്നെ വ്യത്യസ്തമായ രീതികളിൽ തങ്ങളുടെ ജീവിതത്താൽ അധ്യാപനം നടത്തുന്നവരാണ്‌. അവർക്കെല്ലാം ക്രിസ്തുവിനെപ്പോലെ എല്ലാ ഇടങ്ങളിലും കടന്നുചെല്ലാം, അവൻ പഠിപ്പിച്ചതുപോലുള്ള പുതിയ പാഠങ്ങൾ ധൈര്യമായി പകർന്നു നൽകാം. ഇവിടെ പേരിനൊപ്പം യോഗ്യതകളുടെ അക്ഷരങ്ങൾ കോർത്തിടേണ്ട ആവശ്യമില്ല, അതുപോലെ ആരേയും ഭയപ്പെടുകയും വേണ്ടാ. കാലങ്ങൾ എത്ര കഴിഞ്ഞാലും കൊഴിഞ്ഞുപോകാത്ത നന്മകൾ അനേകരിലേക്ക്‌ പകരാൻ അവർക്ക്‌ കഴിഞ്ഞിരിക്കും. 

    ഉത്ഥിതനായ ഈശോ തന്റെ ശിഷ്യർക്ക്‌ നൽകിയ അവസാനത്തെ നിർദ്ദേശം പഠിപ്പിക്കുക എന്നതാണ്‌ എന്ന്‌ സുവിശേഷം നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്‌. “ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ.” (മത്തായി 28:20) ആയതിനാൽ നാമെല്ലാവരും അധ്യാപകരാണ്‌ എന്ന ബോധ്യത്തിൽ ജീവിക്കാം. ഈശോയെന്ന ഗുരുവിന്റെ മൊഴികൾ നമ്മിൽ എന്നും നിറഞ്ഞുനിൽക്കട്ടെ.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!