ഇന്ന് സെപ്തംബര്‍ എട്ട്. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ ആഘോഷിക്കുന്ന സുദിനം. അന്നായുടെയും ജൊവാമിന്റെയും മകളായി പരിശുദ്ധ കന്യാമറിയം ജനിച്ച ദിവസം. ദൈവഹിതത്തോട് പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അമ്മയുടേത്. ഇതുപോലൊരു അമ്മയെ സ്വര്‍ഗ്ഗത്തിലേക്കുള്ള കോവണിയായും ഭൂമിയിലെ മാധ്യസ്ഥയായും നല്കിയതിന് നാം ദൈവത്തോട് എത്രയധികമായിട്ടാണ് നന്ദി പറയേണ്ടത്?
യഥാര്‍ത്ഥ ആത്മീയതയുടെ അടയാളമായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതം. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അമ്മ ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങി. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോഴും പ്രത്യാശയില്‍ ജീവിക്കാന്‍ അമ്മ നമുക്ക് പ്രചോദനം നല്കി. ക്രിസ്തുവിനെയും ദൈവത്തെയും സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് നാം പഠിച്ചത് തന്നെ പരിശുദ്ധ അമ്മയില്‍ നിന്നാണ്.
അതുപോലെ പ്രലോഭനങ്ങളുടെ നിമിഷങ്ങളില്‍ അവയെ നേരിടാനുള്ള ശക്തി നമുക്ക് നല്കാനും പരിശുദ്ധഅമ്മയ്ക്ക് കഴിവുണ്ട്. പ്രലോഭനങ്ങളുടെ നിമിഷങ്ങളില്‍ പരിശുദ്ധ അമ്മയെ വിളിക്കുക, അവള്‍ നമ്മുടെ സഹായത്തിന് എത്തുകയും സാത്താന്‍ നമ്മെ വിട്ടോടിപോകുകയും ചെയ്യും എന്നാണ് വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നത്.
പരിശുദ്ധ അമ്മയെ അത്യധികമായി സ്‌നേഹിക്കുന്നത് തെറ്റാണെന്ന് ഒരു വിചാരം പലര്‍ക്കുമുണ്ട്. എന്നാല്‍ ഈശോ സ്‌നേഹിച്ചതിനെക്കാള്‍ കൂടുതലായി പരിശുദ്ധ അമ്മയെ സ്‌നേഹിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അതുകൊണ്ട് അമ്മയെ സ്‌നേഹിക്കുന്നതോര്‍ത്തു നാം അത്യധികം പേടിക്കേണ്ടതില്ലെന്ന് വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ നമ്മോട് പറയുന്നു. മാതാവിനെ സേവിക്കാതെ അവളുടെ മകനായ ഈശോയെ സേവിക്കാനാവില്ലെന്നാണ് വിശുദ്ധ ഇല്‍ഡെഫോണസ് പറയുന്നത്.
അതുകൊണ്ട് ഇന്നേദിവസം മുതല്‍ ഇതുവരെ സ്‌നേഹിച്ചതിനെക്കാള്‍ കൂടുതലായി നമുക്ക് പരിശുദ്ധ അമ്മയെ സ്‌നേഹിക്കാം. മരിയഭക്തിയില്‍ വളരാം. പരിശുദ്ധ അമ്മയ്ക്ക് ഹൃദയം നിറഞ്ഞ് ജന്മദിനാശംസകള്‍ നേരാം.
മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും മാതാവിന്റെ പിറവിത്തിരുനാള്‍ മംഗളങ്ങള്‍.