ആകാശവും ഭൂമിയും എന്ന വിശുദ്ധ ലിഖിത പ്രയോഗത്തിൻ്റെ അർത്ഥം അസ്തിത്വമുള്ള സകലതും അഥവാ സൃഷ്ടപ്രപഞ്ചം മുഴുവനും എന്നാകുന്നുവെന്ന് CCC 326-ൽ പഠിപ്പിക്കുന്നു. മനുഷ്യർ വസിക്കുന്ന ലോകമാണ് ‘ഭൂമി’. എന്നാൽ ആകാശം അഥവാ ആകാശങ്ങൾ എന്ന സംജ്ഞ മൂന്ന് കാര്യങ്ങളെ സൂചിപ്പിക്കുന്നു.
ഒന്നാമതായി നമുക്ക് ദൃശ്യമാകുന്ന ആകാശവിതാനത്തെ സൂചിപ്പിക്കുന്നു. രണ്ടാമതായി നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിൻറെ വാസസ്ഥാനത്തെയും മൂന്നാമതായി ദൈവസന്നിധിയിൽ വ്യാപരിക്കുന്ന ആത്മീയ സൃഷ്ടികളുടെ – മാലാഖമാരുടെ -സ്ഥാനത്തെയും സൂചിപ്പിക്കുന്നു.
ഖണ്ഡിക 328-ൽ വിശ്വാസസത്യമായ മാലാഖമാരുടെ അസ്തിത്വത്തെക്കുറിച്ച് പഠിപ്പിക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുഖം സദാ ദർശിക്കുന്ന അവർ അവിടുത്തെ ആജ്ഞയുടെ സ്വരം അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് എന്ന് CCC 329-ൽ പഠിപ്പിക്കുന്നു. ഒരേ സമയം ബുദ്ധിശക്തിയും ഇച്ഛാശക്തിയുമുള്ള അശരീരികളാണ് അവർ. എന്നാൽ അവരുടെ മഹത്വത്തിൻ്റെ പ്രഭ സാഷ്യപ്പെടുത്തുന്നതുപോലെ, ഗുണ പൂർണതയിൽ അവർ എല്ലാ സൃഷ്ടികളെയും അതിശയിപ്പിക്കുന്ന മാലാഖമാരുമാണ് (CCC 330).
ക്രിസ്തുവാണ് മാലാഖമാരുടെ ലോകത്തിൻ്റെ കേന്ദ്രം. ക്രിസ്തുവിലൂടെ ക്രിസ്തുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ട മാലാഖമാർ അവിടുത്തേതാണ് എന്നും അവിടുത്തെ രക്ഷാകര പദ്ധതിയുടെ ദൗത്യവാഹകരാണ് എന്നും CCC 331-ൽ പഠിപ്പിക്കുന്നു. ദൈവീക പദ്ധതിയുടെ നിർവ്വഹണത്തിനായി ഉൽപത്തി മുതൽ മാലമാരുടെ സാന്നിധ്യം നാം ദർശിക്കുന്നുണ്ട്. ഭൗമീക പറുദീസയുടെ വാതിൽ അടയ്ക്കുന്നതു തുടങ്ങി യോഹന്നാൻ്റെയും യേശുവിൻ്റെയും ജനനം മുൻകൂട്ടി അറിക്കുന്നതിൽവരെയുള്ള അവരുടെ സാന്നിധ്യം അതിനുദാഹരണങ്ങളാണ് (CCC 332). മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണംവരെ അവതീർണ വ ചനമായ ഈശോയ്ക്ക് മാലാഖമാർ ആരാധനയും സേവനവും വഴി അകമ്പടി സേവിച്ചുവെന്ന് CCC 333 -ലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അവിടുത്തെ ജനനത്തിൻ്റെ സദ്വാർത്ത അറിയിക്കുന്നതു മുതൽ അവിടുത്തെ ബാല്യകാലത്തെ സംരക്ഷിച്ച് മരുഭൂമിയിലും, ഗത്സേമനിലെ യാതനാവേളയിലും അവിടുത്തേക്ക് ശക്തി പകർന്ന് അവിടുത്തെ പുനരുത്ഥാനത്തിൻ്റെ സദ്വാർത്ത അറിയിക്കുന്നുവരെയുള്ള മാലാഖമാരുടെ സാന്നിധ്യം അതിനുദാഹരണങ്ങളാണ്. തുടർന്നും അവർ ഈശോയുടെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവിടുത്തെ ആഗമന വേളയിൽ അവിടുത്തോടൊത്ത് സന്നിഹിതരായി വിധി നപ്പിലാക്കുന്നതിൽ പങ്കുവഹിക്കുമെന്നും തിരുസഭ നമ്മെ പഠിപ്പിക്കുന്നു.
സഭ അവളുടെ ആരാധനാക്രമത്തിൽ ത്രൈശുദ്ധദൈവത്തെ ആരാധിക്കുന്ന മാലഖമാരോടൊത്ത് ചേരുകയാണെന്നും, സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ജീവിതയാത്രയിൽ അവരുടെ സഹായം അഭ്യർത്ഥിക്കുന്നുവെന്നും CCC 335-ൽ പഠിപ്പിക്കുന്നു. ഓരോ വിശ്വാസിയുടെയും സമീപത്ത്, അവൻ്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനുമെന്നപോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ എന്ന് CCC 336 -ലൂടെ തിരുസഭ നമ്മെ ഓർമ്മപ്പെടുത്തുന്നു.
CCC 337 മുതൽ ദൃശ്യലോകത്തെക്കുറിച്ച് പ്രദിപാദിക്കുകയാണ്. ദൈവത്തിൽനിന്ന് അസ്തിത്വം പ്രാപിക്കാത്തതായി യാതൊന്നും സൃഷ്ട പ്രപഞ്ചത്തിലില്ല എന്ന് തുടർന്നു പറയുന്നു.(CCC 338). അതിനാൽ തന്നെ ഓരോ സൃഷ്ടിക്കും തനതായ നന്മയും ഗുണപൂർണതയുമുണ്ട് (CCC 339). ഇവയെ മനുഷ്യൻ ആദരിക്കുകയും വേണം. പരസ്പരാശ്രയത്വമില്ലാതെ സൃഷ്ടികൾക്ക് നിലനില്പില്ല. അത് ദൈവനിശ്ചയമാണ് (CCC 340). തൻ്റെ സ്യഷ്ടികളെയെല്ലാം ദൈവം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ‘സൃഷ്ടികർമ്മത്തിൻ്റെ മകുടമാണ് മനുഷൻ.’ (CCC 343). സൃഷ്ടിയെ ബഹുമാനിക്കുന്നതുവഴി നാം സ്രഷ്ടാവിനെയാണ് ബഹുമാനിക്കുന്നത്.
CCC 345 മുതൽ ദൈവം ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ‘സാബത്ത്’ ദിനത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. സാബത്ത് മുന്നിൽ കണ്ടുകൊണ്ടും അങ്ങനെ ദൈവാരാധനയും സ്തുതിയും ലക്ഷ്യമാക്കിക്കൊണ്ടുമാണ് സൃഷ്ടിക്കു രൂപം നൽകപ്പെട്ടതെന്നും സൃഷ്ടിയുടെ ക്രമത്തിൽ തന്നെ ദൈവാരാധന ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും CCC 347 -ൽ പഠിപ്പിക്കുന്നു. എട്ടാം ദിവസം എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിൻ്റെ പുനരുത്ഥാനദിനമാണ്. പ്രഥമ സൃഷ്ടി അതിൻ്റെ അർത്ഥവും മകുടവും പ്രാപിക്കുന്ന ക്രിസ്തുവിലുള്ള പുതിയ സൃഷ്ടിയായിത്തീരുന്ന ദിനം. ഈ സൃഷ്ടിയുടെ തേജസ്സ് ആദ്യ സൃഷ്ടിയുടെ തേജസ്സിനെ അതിശയിക്കുന്നു (CCC 349).
ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.
https://youtu.be/K9g3nlMOJQI