ഈശോയുടെ കുരിശിനെ രക്ഷാമരമായിട്ട് കാണുന്നവരാണ് അവനിൽ വിശ്വസിക്കുന്നവരായ നാമോരുത്തരം. ഈ ബോധ്യം ഉള്ളിൽ സൂക്ഷിക്കുന്നതിനാലാണ് കുരിശിന്റെ വഴി പ്രാർത്ഥനകളിൽ നാമിപ്രകാരം പ്രാർത്ഥിക്കുന്നത്, ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശാൽ അങ്ങ് ലോകത്തെ വീണ്ടും രക്ഷിച്ചു. കുരിശുമരണത്തിലൂടെയാണ് ഈശോ രക്ഷ ഒരുക്കിത്തന്നത് എന്ന സാക്ഷ്യപ്പെടുത്തലാണ് ഇത്തരം പ്രാർത്ഥനകളിലൂടെ ഓരോ പ്രാവശ്യവും നാം നടത്തുന്നത്‍്.
ഈശോയുടെ കുരിശും അതിലൂടെ അവൻ ഒരുക്കിയ രക്ഷയും സഭാ മക്കളുടെ നിത്യേനയുള്ള ധ്യാനവിഷയം തന്നെയാണ്. അനുദിനം ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോഴും ഈശോയുടെ കാലഘട്ടത്തിൽ കുരിശിനെ കണ്ടിരുന്നത് എപ്രകാരമാണെന്നത് പഴയ നിയമത്തിലെ “മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്” (നിയമാവർത്തനം 21:23) എന്ന വചനം പറഞ്ഞുതരുന്നുണ്ട്. എന്നിട്ടും ഇതാ നമ്മുടെ രക്ഷകനായ ഈശോയ്ക്ക് കിട്ടിയ കുരിശിലെ മരണം എന്ന ഏറ്റവും മോശമായ ശിക്ഷയെക്കുറിച്ച് നല്ലത് ചിന്തിക്കുവാനും പറയുവാനും നമുക്ക് സാധിക്കുന്നു എന്നത് അവന്റെ ജീവിതവും കുരിശിലെ മരണവും നമ്മെ അത്രമാത്രം സ്വാധീനിച്ചതിനാലാണ്.
റോമാക്കാരെ സംബന്ധിച്ച്‍്, കുരിശ് എന്നത് ഏറ്റവും നികൃഷ്ടരായ കുറ്റവാളികൾക്ക് കൊടുക്കുന്ന ശിക്ഷയ്ക്കുള്ള ഉപകരണമായിരുന്നു. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ക്രിസ്തു വിശ്വാസികൾക്ക് അവരുടെ ആത്മീയ പ്രതീകം കൂടിയാണ് ഈശോയുടെ കുരിശ്. ദൈവപുത്രനും ലോകരക്ഷകനുമായി വന്ന ഈശോയെ കുരിശിൽ തറച്ച് കൊന്നതുവഴി അന്നോളം ശാപത്തിന്റേയും മ്ളേച്ഛതയുടേയും അടയാളമായിരുന്ന കുരിശ് രക്ഷയുടെ പ്രതീകമായി ഉയർത്തപ്പെടുകയായിരുന്നു. ഏറ്റവും മോശമായ വിധമുള്ള കുരിശുമരണം ഈശോയ്ക്ക് കൊടുത്തതുവഴി അവർ അവന്റെ ദൈവത്വം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പക്ഷേ, അന്നുമുതൽ അവന്റെ ദൈവത്വം കൂടുതൽ പ്രകടമാകുകയും കുരിശ് എന്ന കഴുമരത്തിന്റെ മൂല്യംപോലും ഉയരുകയും ചെയ്തതു. അങ്ങിനെ നാമോരുത്തരും അഭിമുഖീകരിക്കുന്ന പരാജയങ്ങൾക്കും ദുഖങ്ങൾക്കും അപ്പുറം പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും വിജയത്തിന്റേതുമായ പുതിയ ഒരു പാത തുറന്നുകിട്ടുകയും ചെയ്തു.
എന്തുകൊണ്ടാണ് ഈശോയുടെ കുരിശ് നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമായിരിക്കുന്നതും അതുപോലെ പ്രധാനമായിരിക്കുന്നതും? കാരണമിതാണ്, ക്രിസ്തു കേന്ദ്രീകൃതമായതാണ് ക്രൈസ്തവ വിശ്വാസവും ജീവിതവും. ക്രൈസ്തവ ആത്മീയതയുടെ എല്ലാ തലങ്ങളിലും ക്രിസ്തുവിന്റെ കുരിശ് ഒരു പ്രതിപാദ്യ വിഷയമാണ്. അപ്പോൾ ക്രിസ്തുവിനെക്കുറിച്ച് ആർക്കെങ്കിലും പറയണമെങ്കിലും അവനോട് ചേർന്ന് ജീവിക്കണമെങ്കിലും കുരിശിനെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമായും ഉണ്ടായിരിക്കണം. ക്രിസ്തുവിന്റെ സുവിശേഷവും, സുവിശേഷത്തിലെ ക്രിസ്തുവിനേയും മനസിലാക്കണമെങ്കിൽ, അവന്റെ കുരിശിനേയും അറിഞ്ഞിരിക്കണം ഇതല്ലാതെ മറ്റുവഴികളില്ല.
ഈശോ പറയുന്നുണ്ട്: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച്‍് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും (ലൂക്കാ 9:23-24) ക്രിസ്ത്യാനിയ്ക്ക് ക്രിസ്തുവിന്റെ ഒപ്പമാകണമെങ്കിൽ കുരിശെടുത്ത് അവനെ അനുഗമിക്കുക എന്ന ഒരേയൊരു സാധ്യത മാത്രമേ അവൻ പറഞ്ഞുതന്നിട്ടുള്ളു.
ഈശോയുടെ ശിഷ്യന്മാരെ നാം മനസിലാക്കുമ്പോൾ, കുരിശും സഹനവും പീഡകളുമൊന്നും അനുഭവിക്കാതെ ജീവിക്കുന്ന ഒരു മിശിഹായെ അവർ ആഗ്രഹിച്ചിരുന്നു എന്നത് വ്യക്തമാണ്. ദാവീദ് രാജാവിനെപ്പോലെ, ഇസ്രായേലിന്റെ ശത്രുക്കളെ നശിപ്പിക്കുകയും ഒരു പുതിയ രാഷ്ട്രീയ ക്രമത്തിൽ അവർക്ക് പദവികൾ നൽകുകയും ചെയ്യുന്ന ഒരു മികച്ച ഭരണാധികാരിയെ അവർ യേശുവിൽ പ്രതീക്ഷിച്ചിരുന്നു. അതിനാൽ, താൻ തിരസ്കരിക്കപ്പെടും, പീഡകൾ സഹിക്കും, മരിക്കും, ഉയിർത്തെഴുന്നേൽക്കും എന്ന അവന്റെ വ്യക്തമായ പ്രവചനത്തെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ അവസരത്തിൽ വിശുദ്ധ പത്രോസ് അവനെ തിരുത്താൻ ശ്രമിച്ചപ്പോൾ, യേശു അവനെ “സാത്താൻ” എന്ന് വിളിക്കുകയും അവൻ ചിന്തിക്കുന്നത് ദൈവീകമായല്ല, മാനുഷികമായി മാത്രമാണെന്നും പറയുന്നുണ്ട്. ക്രിസ്തുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനുമുമ്പ് മരുഭൂമിയിൽ നാൽപത് ദിവസത്തെ തയ്യാറെടുപ്പിനിടെ നേരിട്ട പ്രലോഭനത്തിന് സമാനമായ ഒരു പ്രലോഭനമാണ് നിനക്കിത് സംഭവിക്കാതിരിക്കട്ടെ / നിന്റെ ജീവിതത്തിൽ കുരിശുകൾ കടന്നുവരാതിരിക്കട്ടെ എന്ന വാക്കുകളിലൂടെ പത്രോസ് അവതരിപ്പിച്ചത്.
നമ്മുടെ കുരിശുകൾ എടുത്ത് അവനെ അനുഗമിക്കുന്നില്ലെങ്കിൽ നമുക്ക് ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളാകാൻ ഒരിക്കലും കഴിയില്ല എന്ന യാഥാർത്ഥ്യം നാം മിക്കപ്പോഴും ആവർത്തിക്കുമ്പോഴും ഏതുതരം കാര്യങ്ങളാണ് നാം അവനിൽ നിന്നും ആഗ്രഹിക്കുന്നത് എന്ന ആത്മശോധന നല്ലതാണ്. അതുപോലെ എന്തെല്ലാം നിയോഗങ്ങൾക്കായാണ് കുരിശിൽ മരിച്ച് രക്ഷയൊരുക്കിത്തന്നവനോട് പ്രാർത്ഥിക്കുന്നത്. പല തരത്തിൽ നാം നേരിടുന്ന പ്രതിസന്ധികളും അസ്വസ്ഥതകളും വേദനകളും ഒറ്റപ്പെടലുകളും തിരസ്കരണങ്ങളും അതുപോലെ രോഗങ്ങളും സാമ്പത്തിക ബുദ്ധികുട്ടുകളുമെല്ലാം നമുക്ക് കുരിശുകളാണ്. ഈ കുരിശുകളെല്ലാം ഒഴിവാക്കിത്തരമേയെന്ന പ്രാർത്ഥനകളാണ് നമുക്ക് നിത്യജീവൻ ഉണ്ടാകുന്നതിനായി കുരിശിൽ ഉയർത്തപ്പെട്ട കർത്താവിനോട് മിക്കപ്പോഴും നാം ആവശ്യപ്പെടുന്നത് എന്നത് വിചിത്രമായി തോന്നാം എങ്കിലും സത്യമാണ്. ഈ രീതിയിലുള്ള പ്രാർത്ഥനകൾ മാറ്റിയെടുക്കാൻ നമുക്കെന്നെകിലും കഴിയുമോ എന്തോ?
“മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ട്തിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹന്നാൻ 3:14-15). അനുദിന കുരിശുകളിലൂടെ അവനൊപ്പം ഞാനും ഉയർത്തപ്പെടുമ്പോഴാണ് എനിക്കും രക്ഷ കൈവരിക്കുവാൻ കഴിയുകയുള്ളു. കുരിശിലുയർത്തപ്പെട്ട കർത്താവേ നിന്റെ കൃപയാൽ എന്നേയും ചേർത്തുനിർത്തണമേ.
എല്ലാവർക്കും വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആശംസകൾ.
പോൾ കൊട്ടാരം കപ്പൂച്ചിൻ