Monday, January 13, 2025
spot_img
More

    ഇറ്റാലിയൻ വൈദികനെ ടുണീഷ്യൻ അഭയാർത്ഥി കുത്തിക്കൊന്നു


    വടക്കൻ ഇറ്റലിയിലെ കൊമോ രൂപതാ വൈദികനായ റോബർത്തോ മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള ഒരു അഭയാർത്ഥി കുത്തി കൊലപ്പെടുത്തി. 
    കൊമോ നഗരത്തിൽ തന്നെയുള്ള പ്യായാസ്സ സാൻ റോക്കോയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികളുടെ ചുമതല വഹിക്കുന്ന രൂപതാ വൈദികൻ ആയിരുന്നു ഫാ. റോബർത്തോ.

    വർഷങ്ങളായി ഫാ. റോബർത്തോ ദിവസവും പുലർച്ചെ നഗരത്തിലെ ദരിദ്രർക്ക് ചൂടുള്ള ഭക്ഷണം കൊണ്ടുവന്ന്  കൊടുത്തിരുന്നു. സമൂഹത്തിൽ സ്ഥാനം ഇല്ലാത്തവർക്ക് ആശ്രയമായി തൻ്റെ ജീവിതം സമർപ്പിച്ച ഈ വൈദികൻ എല്ലാവർക്കും ഒരു മാതൃകയായിരുന്നു.

    ഇറ്റലിയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ലെഗാ നേതാവ് മത്തയോ സാൽവിനി ഒരു റാലിക്കിടയിൽ പറഞ്ഞത്, “തനിക്ക് ലഭിച്ച അവസരങ്ങൾക്ക് ദൈവത്തിനും ഇറ്റലിക്കാർക്കും നന്ദി പറയുന്നതിനുപകരം, കഠാര കൊണ്ട് ഒരുവൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു” എന്നാണ്. 

    വൈദികന്റെ മരണവാർത്ത അദ്ദേഹത്തിന്റെ സേവനങ്ങൾ അനുഭവിച്ചിരുന്ന അഭയാർത്ഥികളെ ഞെട്ടിച്ചു… ഹൃദയം തകർന്ന വേദനയോടെ ആണ് അവരിൽ ചിലർ ആ പുണ്യ ജീവിതത്തെ അനുസ്മരിച്ചത്. ഇടവക പള്ളിയുടെ നടയിൽ ഇരുന്ന് ഘാന സ്വദേശിയായ ഒരു മനുഷ്യൻ പറയുകയാണ്, “എല്ലാ ദിവസവും രാവിലെ എന്തെങ്കിലും കഴിക്കാനായി ഞാൻ ഇവിടെ വന്നിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ ഞാൻ ഇവിടെ എത്തിയപ്പോൾ, ഒരു മൃതദേഹം നിലത്ത് കിടക്കുന്നതാണ്  കണ്ടത്. അത്  റോബർത്തോ അച്ചനാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ സങ്കടകരമായ ഒരു ദിവസമാണ്, എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നുന്നില്ല”. 
    36 വയസ്സുള്ള ഗബ്രിയേൽ നസ്തേസ് എന്ന റുമേനിയൻ യുവാവ് കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു, 

    ” ഫാ. റോബർത്തോ എനിക്ക് ഒരു പിതാവിനെ പോലെയായിരുന്നു. ഞാൻ റുമേനിയയിൽ നിന്ന് ഒറ്റയ്ക്ക്, വീടും ജോലിയും ഇല്ലാതെ ഇവിടെ എത്തിയപ്പോൾ, എന്നെ സഹായിച്ചത് ഫാ. റോബർത്തോ ആണ്. എനിക്ക് ഒരു ജോലി കണ്ടെത്തിക്കഴിഞ്ഞും ഞാൻ എപ്പോഴും ഫാ. റോബർത്തോയുമായി ബന്ധം പുലർത്തിയിരുന്നു. എനിക്ക് മരുന്നിന് ആവശ്യം വരുമ്പോഴും, ഡോക്ടറെ കാണാൻ ആശുപത്രിയിൽ  പോകാനും അച്ചൻ എൻ്റെ കൂടെ  വരാൻ ഒരിയ്ക്കലും മടിച്ചിട്ടില്ല… ഇന്ന് എനിക്ക് ഒരു തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്”.

    ചുരുക്കത്തിൽ അഭയാർത്ഥികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച,  അവരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരു മനുഷ്യ സ്നേഹി ആയിരുന്നു രക്തസാക്ഷിത്വം വരിച്ച റോബർത്തോ അച്ചൻ. അച്ചന്റെ പുണ്യ സ്മരണയിൽ ആദരവോടെ ശിരസ് നമിക്കുന്നു. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു…..

    സി. സോണിയ തെരേസ് ഡി. എസ്. ജെ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!