Saturday, December 21, 2024
spot_img
More

    കന്യാസ്ത്രീ മഠത്തില്‍ ഒരു യുവാവിന് താമസിക്കേണ്ടിവന്നാല്‍ എന്തു സംഭവിക്കും? ഒരു അക്രൈസ്തവ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

    കന്യാസ്ത്രീമാരെക്കുറിച്ച് നിരവധി തെറ്റായ കഥകള്‍ പ്രചരിപ്പിക്കപ്പെടുന്ന കാലമാണല്ലോ ഇത്. അക്രൈസ്തവരായ ആളുകള്‍ അവയെല്ലാം അപ്പടി വിശ്വസിക്കുകയും ചെയ്യും. അത്തരം അബദ്ധധാരണകളുമായി കഴിഞ്ഞിരുന്ന ഒരു അക്രൈസ്തവയുവാവിന്റെ ജീവിതത്തിലേക്ക് ഒരു കന്യാസ്ത്രീയമ്മയുടെ അപ്രതീക്ഷിത ഇടപെടല്‍ നടന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ അയാള്‍ തന്നെ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ആ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

    ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ജർമ്മനിയിലേയ്ക്ക് യാത്ര തിരിച്ചത്…പഠനം കഴിഞ്ഞും എങ്ങനെയെങ്കിലും പിടിച്ചുനിന്നു വീടൊന്നു കരകയറ്റാൻ വേണ്ടിമാത്രമാണ് ഇല്ലാത്ത പണമുണ്ടാക്കി ഞാൻ ബിരുദാനന്തര ബിരുദ പഠനത്തിന് വിദേശത്തു പോയത്…!അങ്ങനെ ഞാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ വന്നിറങ്ങി. നാട്ടിലെ കൂട്ടുകാരന്റെ പരിചയക്കാരൻ എയർപോർട്ടിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടുവലിയ പെട്ടികളും ഒരു കാബിൻ ബാഗും ഒരു ഹാൻഡ് ബാഗുമുണ്ട്. തൂക്കം കൂടിയതുകൊണ്ട് രണ്ടുമൂന്നു ഷർട്ട് ദേഹത്തുമുണ്ട്…

    എല്ലാംകൂടി താങ്ങാൻ പറ്റാത്തതുകൊണ്ട് ഹാൻഡ് ബാഗെടുത്ത് ക്യാബിൻ ബാഗിൽ വച്ചു കൂടെ പാസ്സ്പോർട്ടും മൊബൈലുമെല്ലാം…ഇനി ട്രോളി എടുക്കണം അതിനായി മുൻപോട്ട് നീങ്ങി. ട്രോളി എടുക്കാൻ 50 പൈസ ( യൂറോപ്യൻ നാണയം) വേണമെന്ന് എഴുതിവച്ചിരിക്കുന്നു… അതെടുക്കാൻ ഒന്ന് തിരിഞ്ഞതാണ്, ക്യാബിൻ ബാഗ് കാണുന്നില്ല…

    നെഞ്ചിൽ വെള്ളിടി വെട്ടിയ അവസ്ഥയായി…!!!മറ്റു രണ്ട് ബാഗുകളും എടുത്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറെ ഓടി… കുറെ പേരോടൊക്കെ ചോദിച്ചു… മനസൊക്കെ മരവിച്ച പോലെയായിരുന്നു…!!!തപ്പിപ്പിടിച്ച് എയർപോർട്ട് പോലീസ് കൗണ്ടറിൽ എത്തി…ഇതൊക്കെ സ്വയം നോക്കേണ്ടേ എന്നായിരുന്നു ആദ്യ മറുപടി… കംപ്ലൈന്റ് എഴുതിക്കൊടുത്തു… വിലാസം പോയിട്ട് ഡോക്യുമെന്റ് നമ്പറും മൊബൈലും ഒന്നുമില്ല… കുറച്ചറിയാവുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊക്കെ പുറത്തുചാടാൻ എന്തൊക്കെയോ പ്രയാസം ഉള്ളതുപോലെ……

    ഫോണും പാസ്സ്പോർട്ടും ബാഗിനകത്ത് വച്ച എന്റെ മണ്ടത്തരത്തെപ്പറ്റി പരസ്പരം പറഞ്ഞും ദേഷ്യപ്പെട്ടും അവർ എന്തൊക്കെയോ കമ്പ്യൂട്ടറിൽ നോക്കുന്നുണ്ട്. ഒന്നുമിണ്ടാൻ പോലും പറ്റാത്ത അവസ്ഥയായി എനിക്ക്….!!!പെട്ടെന്ന് പിറകിൽ നിന്ന് കേട്ട സ്ത്രീ ശബ്ദത്തിനു നന്നേ പ്രായം തോന്നി… ഒരു കന്യാസ്ത്രീയാണ്. കയ്യിൽ താങ്ങുവടിയും പിടിച്ച് പാർക്കിങ് സ്ഥലത്തേക്ക് പോകാനുള്ള വീൽചെയറും കാത്തുള്ള നിൽപ്പാണ്. മലയാളിയാണെന്ന് ഒറ്റനോട്ടത്തിൽ മനസിലായി. പക്ഷെ വളരെ സ്വാഭാവികമായി ജർമ്മൻ സംസാരിക്കുന്നതു കാണുമ്പോൾ ചെറിയ സംശയവുമുണ്ട്.

    “മോന്റെ പേരെന്താ ? നാട്ടിലെവിടെയാ??”……..””വിവേക് നാട്ടിൽ തൃപ്പൂണിത്തുറ ആണ് എറണാകുളത്ത് “….. എന്താണ് നടന്നതെന്നൊക്കെ ആ വൃദ്ധ കന്യാസ്ത്രീ വിശദമായി ചോദിച്ചു മനസിലാക്കി. സംഭവിച്ചതൊക്കെ വ്യക്തമായി പറഞ്ഞുകൊടുത്തു.പിന്നെ പോലീസുകാരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞത് അവരാണ്… വിറയ്ക്കുന്ന വലതുകൈകൊണ്ട് എന്തൊക്കെയോ എഴുതിക്കൊടുക്കുന്നതും കണ്ടു…”ഞാൻ ഞങ്ങളുടെ മഠത്തിന്റെ അഡ്രസ്സും ഫോൺനമ്പറും കൊടുത്തിട്ടുണ്ട്. വിവരമെന്തെങ്കിലും കിട്ടിയാൽ അവർ നമ്മളെ വിളിക്കും… മോൻ പേടിക്കണ്ട, ഇനിയിപ്പോൾ ഇവിടെ ഒന്നും ചെയ്യാനില്ല… മോൻ ഞങ്ങളുടെ കൂടെപ്പോരേ, വീട്ടിലെത്തിയിട്ട് നാട്ടിലോട്ട് വിളിച്ചു അഡ്രസ്സ് ഒക്കെ ചോദിക്കാം….

    “മനസാകെ അങ്കലാപ്പിലായി… ഞാനെന്തിന് ഇവരുടെ കൂടെപ്പോണം പോരാത്തതിന് ഞാൻ ഒരു ക്രിസ്ത്യാനി ഒന്നുമല്ലല്ലോ. ചിലപ്പോഴൊക്കെ ടിവി വച്ചിട്ട് അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്, “കണ്ടില്ലേ ഈ കന്യാസ്ത്രീകളും അച്ചന്മാരുമൊക്കെ കള്ളജാതികളാണ്”….കഴിഞ്ഞ തവണ വഞ്ചി സ്ക്വയറിൽ സമരം നടന്നപ്പോൾ അതുകാണാൻ കൂട്ടുകാരുടെ കൂടെ പോയത് മനസ്സിലോർത്തു… അന്നും കുറെ കുറ്റംപറഞ്ഞതാണ്…. വെറുതെ ജീവിതം പാഴാക്കുന്ന ജന്തുക്കൾ…!!ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഇവറ്റകളോട് ദേഷ്യമാണ്. കാരണം എല്ലാ മത്സരങ്ങൾക്കും ഈ തല മൂടിവച്ച പെണ്ണുങ്ങൾ കൊണ്ടുവരുന്ന കുട്ടികൾക്കായിരിക്കും ഒന്നാം സമ്മാനം… പാന്റ്സിനു ഇറക്കം കൂടിയതിനും, കുറഞ്ഞതിനും, ക്ലാസ്സിൽ പോകാത്തതിനും ഒക്കെ പുറത്തു നിർത്താറുണ്ടെന്ന് ഇവറ്റകളുടെ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാർ പറയാറുണ്ട്…!വീൽചെയൽ വന്നു…

    “വാ മോനെ നമുക്ക് പോകാം.” ഒന്നും തിരിച്ചുപറയാൻ തോന്നിയില്ല. എന്തോ അവരുടെ കൂടെ പോകാൻ തോന്നി. കാറുമായി വന്നിരിക്കുന്നതും രണ്ടു ജർമ്മൻ കന്യാസ്ത്രീകളാണ്… അപ്പോൾ മലയാളികൾ മാത്രമല്ല ഈ പണിക്ക് ഇറങ്ങുന്നത് അല്ലേ എന്ന് മനസ്സിൽ ഓർത്തു…. അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു… സഹതാപത്തോടെ നോക്കി എന്തൊക്കെയോ പറഞ്ഞു… അവർ തന്നെയാണ് ലഗേജ് മുഴുവൻ കാറിൽ കയറ്റിയതും……!യാത്ര തുടങ്ങി… “ഞാൻ സി . ഇസിദോർ അവർ സ്വയം പരിചയപ്പെടുത്തി”.. അതൊരു പേരാണെന്ന്പോലും മനസിലായത് വളരെ വൈകിയാണ്.എനിക്ക് മനസിലായില്ല എന്ന് തോന്നിയപ്പോൾ അവർ പറഞ്ഞു, “മനസിലായില്ല അല്ലേ, ത്രേസ്യാമ്മ സിസ്റ്റർ എന്ന് വിളിച്ചാലും മതി..!

    ഇസിദോർ എന്നത് സിസ്റ്ററായപ്പോൾ മാറ്റിയ പേരാണ്…. ഇവിടെ വന്നിട്ട് ഇന്നേയ്ക്ക് 60 വർഷമാകും…..”എന്റെ വയസ്സിന്റെ ഇരട്ടിനോക്കിയാലും അത്രവരില്ലെന്ന് ഓർത്തു…സംസാരത്തിനിടയിൽ സ്ഥലമെത്തിയതറിഞ്ഞില്ല. കാർ വലിയ ഒരു മതിൽ കെട്ടിനുള്ളിൽ കയറി. കാറിന്റെ സ്വരം കേട്ട് കുറച്ചു കന്യാസ്ത്രീകൾ മുന്നോട്ട് വന്നു. എന്നെ എല്ലാവർക്കും പരിചയപ്പെടുത്തുന്നതോടൊപ്പം ഉണ്ടായതൊക്കെ വിവരിച്ചു. ത്രേസ്യാമ്മ സിസ്റ്ററിനു കൊണ്ടുവന്ന പൂവ് എനിക്ക് തന്നു ഒരു ജർമ്മൻ സിസ്റ്റർ.”

    ഇത് സി. ഫ്‌ളാവിയ, ഞങ്ങളുടെ സുപ്പീരിയർ ആണ്”. Herzliche welcommen…. ജർമ്മൻ ഭാഷയിൽ അവരെന്നെ സ്വാഗതം ചെയ്തു……!കൂട്ടത്തിൽ വേറെയും കുറെ മലയാളി കന്യാസ്ത്രീകളെ കണ്ടു. പക്ഷെ പേരുകളെല്ലാം ഇംഗ്ലീഷ് സിനിമകളിൽ കേൾക്കുന്ന പോലാണ്…!”അവനു വിശക്കുന്നുണ്ടാകും, വല്ലതും കഴിക്കാൻ കൊടുക്ക്” ത്രേസ്യാമ്മ സിസ്റ്റർ പറഞ്ഞു. ഞാൻ അപ്പോഴും ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അങ്കലാപ്പിലാണെന്ന് മനസിലാക്കിയ ത്രേസ്യാമ്മ സിസ്റ്റർ പറഞ്ഞു

    ” മോനെ ഇതാ ഫോൺ… വീട്ടിലേക്ക് വിളി. സുഖമായി എത്തിയെന്നു പറഞ്ഞാൽ മതി. അല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും വിഷമമാകും” വീട്ടിലേക്ക് വിളിച്ചു. അനിയത്തിയോട് സൂത്രത്തിൽ പാസ്പോർട്ട് നമ്പറും പരിചയക്കാരന്റെ നമ്പറും ചോദിച്ചുവാങ്ങി…. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ മനസിന് ചെറിയ ആശ്വാസമായി.”വിഷമിക്കണ്ട, ദൈവം എല്ലാം നല്ലതിനെ വരുത്തൂ… അത് മോന് തിരിച്ചുകിട്ടും..” കാണുന്ന സിസ്റ്റേഴ്സ് എല്ലാം അതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നു…ഭക്ഷണം കഴിക്കാൻ വലിയൊരു ഊട്ടുമുറിയിലേക്ക് കൊണ്ടുപോയി…വിശാലമായ ഇരിപ്പിടം.

    കത്തിയും മുള്ളും ഒക്കെ ഉണ്ട്. എനിക്കും ഒരു സ്ഥലം തന്നു. ആദ്യമായാണ് ഒരു കന്യാസ്ത്രീ മഠത്തിൽ കയറുന്നത്. അതും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സാഹചര്യത്തിൽ….. അന്ന് പത്രതിൽ വാർത്ത നിറഞ്ഞ സമയത്ത് ഇങ്ങനെ ഒരിടത്തു കയറി കാണണം എന്ന് ഓർത്തിട്ടുള്ളതാണ്. മനസ്സിൽ സർവ്വ ഈശ്വരന്മാരെയും വിളിച്ചുകൊണ്ടിരുന്നു….. ഭക്ഷണത്തിനു മുമ്പ് അവർ ചില പ്രാർത്ഥനകൾ ചൊല്ലുന്നത് കണ്ടു. ശേഷം എല്ലാവരും ഇരുന്നു. പ്രായമായ ഒരു കന്യാസ്ത്രീ വലിയ കനത്തിൽ ഉള്ള പുസ്തകമെടുത്ത് വായന തുടങ്ങി… അതിനുശേഷം അവരെന്തോ പറഞ്ഞ് എല്ലാവരും ഏറ്റുചൊല്ലിയ ശേഷമാണ് അവരൊക്കെ സംസാരിക്കാൻ തുടങ്ങിയത്….!

    അമ്മമാരുടെ സ്നേഹത്തോടെ ഓരോരുത്തരായി ഒരൊന്നു കൊണ്ടുവന്നു. ത്രേസ്യാമ്മ സിസ്റ്റർ ഇച്ചിരി മാങ്ങാ അച്ചാറുമായി വന്നു.”ജർമ്മൻ ഭക്ഷണം ഇങ്ങനെ ആണ്. ഇച്ചിരി അച്ചാർ കൂട്ടി കഴിച്ചോ.. ഇനി ഇതൊക്കെ ശീലമായിക്കോളും….”ശരിക്കും സ്വന്തം വീടുപോലെ തോന്നി… എന്റെ അമ്മയെ പോലെ ഒരുപാട് സ്നേഹമുള്ള അമ്മമാരുടെ വീട്!!!ഭക്ഷണത്തിനിടയിൽ കേക്ക് മുറിക്കാനായി സിസ്റ്റർ ത്രേസ്യാമ്മയെ വിളിച്ചു. ജർമ്മനിയിൽ എത്തിയതിന്റെ 60 വർഷത്തിന്റെ ആഘോഷമാണ്. ത്രേസ്യാമ്മ സിസ്റ്റർ മാത്രമല്ല, അവിടെ ഉള്ള മലയാളികൾ ഭൂരിഭാഗവും മുപ്പത്, നാല്പത് ,അമ്പത്തിമൂന്ന് അങ്ങിനെ വർഷങ്ങൾക്ക് മുമ്പ് വന്നവരാണ്. ഭക്ഷണംകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ താൻ അറുപത് വർഷം മുമ്പ് ജർമ്മനിയിൽ വരാൻ നടത്തിയ കപ്പൽ യാത്രയെ കുറിച്ച് സിസ്റ്റർ വാചാലയായി.

    വന്നിട്ട് 11 വർഷങ്ങൾ കഴിഞ്ഞാണ് നാട്ടിൽ പോയതെന്ന് കേട്ടപ്പോൾ വിഷമം തോന്നി. അപ്പോഴും ത്രേസ്യാമ്മ സിസ്റ്റർ ചിരിക്കുകയാണ്.”നാട്ടിൽ തിരിച്ചു പോകണം എന്ന് തോന്നിയിട്ടില്ലേ ? , മടുപ്പല്ലേ ഇതൊക്കെ ?” അങ്ങനെ എന്റെ ഉള്ളിലെ സംശയരോഗി പതിയെ ഉണർന്നുതുടങ്ങി… “സ്വന്തം ഇഷ്ടത്തോടെ വന്നതല്ലേ…. ആദ്യമൊക്കെ വീട്ടിൽനിന്നു നല്ല എതിർപ്പുണ്ടായിരുന്നു. അവസാനം ഞാനും ഈശോയും ജയിച്ചു” “പിന്നെ കഷ്ടപ്പാട് തോന്നിയാലും എല്ലാം ഇഷ്ടത്തോടെ ചെയ്താൽ മതി..” ഞങ്ങളൊത്തിരി സംസാരിച്ചു. എന്റെ എല്ലാ കുനിഷ്ട് ചോദ്യങ്ങൾക്കും ത്രേസ്യാമ്മ സിസ്റ്റർ വ്യക്തമായി ഉത്തരം തന്നു. സിനിമയിലും പുറത്തും പെരുപ്പിച്ച് വൃത്തികേടാക്കി കാണിക്കുന്നതല്ല ഇവരുടെ ജീവിതമെന്നു ബോധ്യമായി….

    ഒരാൾ ചെയ്യുന്ന തെറ്റിന് എന്തിനു ഇതുപോലുള്ള വിശുദ്ധ ജീവിതങ്ങളെ പഴിക്കണം!!!!നിരന്തരമായ പരിശ്രമത്തിനു ഒടുവിൽ എന്റെ പരിചയക്കാരനായ സുനിയെ ലൈനിൽ കിട്ടി.”ഇവിടെനിന്നു നാലുമണിക്കൂർ യാത്ര ഉണ്ട്. ഇന്നിവിടെ കിടന്ന് നാളെ യാത്രയാകാം” ഞാൻ തലയാട്ടി.

    “മോൻ ഇനി വിശ്രമിച്ചോളൂ… ഇന്ന് ഞങ്ങളെല്ലാരും പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ശരിയാകും… ആവശ്യമുള്ളതെല്ലാം വച്ചിട്ടുണ്ട് മുറിയിൽ, എന്തേലും വേണമെങ്കിൽ ആ ഫോണെടുത്ത് 143 ൽ വിളിച്ചാൽ മതി. യാത്ര ചെയ്തതല്ലേ കിടന്നോളൂ… ഗുട്ടൻ നാഹ്റ്റ് “വിശാലമായ മുറിയാണ്. ടൂത്ത് പേസ്റ്റ് മുതൽ രാത്രി വിശന്നാൽ കഴിക്കാൻ പഴങ്ങൾ വരെ വച്ചിരിക്കുന്നു… ഇങ്ങനെയായിരുന്നോ ഈ തല മൂടിയ പെണ്ണുങ്ങളെന്നു ഒരു നിമിഷം ഓർത്തുപോയി….!മുത്തശ്ശി പഠിപ്പിച്ച രാമനാമവും ജപിച്ചു കട്ടിലിലേക്ക് ചായുമ്പോൾ തലയ്ക്ക് മുകളിൽ യേശുദേവന്റെ ഒരു രൂപം തൂങ്ങി കിടക്കുന്നുണ്ടായിരുന്നു…..!!രാവിലെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്… സമയം ഒമ്പതര ആയി… ചാടിയെണീറ്റ് വാതിൽ തുറന്നു… ത്രേസ്യാമ്മ സിസ്റ്ററാണ്.

    “മോനെ ഒരു ഗുഡ് ന്യൂസ് ഉണ്ട്. സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു.. പാസ്‌പോർട്ടും ഡോക്യൂമെന്റ്സും അവർക്ക് കിട്ടിയിട്ടുണ്ട്…. ആരോ കൊണ്ടുവന്ന് ഏല്പിച്ചതാണെന്ന്… ഫോണൊക്കെ പോട്ടെ ഇനിയും വാങ്ങാമല്ലോ…. മോന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടുകാണണം……”സന്തോഷവും സങ്കടവും ഒരുപോലെ വരുന്നത് പോലെ തോന്നി… തലേ ദിവസം അമ്മമാരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞതാണ്…. ഇത്രയും പെട്ടെന്ന് ഇവരുടെ പ്രാർത്ഥന കേൾക്കാൻ ഇവരാര് എന്ന ചിന്തയായിരുന്നു മനസുനിറയെ…..

    .വൈകാതെ സുനിലും എത്തിച്ചേർന്നു…പ്രഭാത ഭക്ഷണം കഴിഞ്ഞ്‌ എന്നെ യാത്രയാക്കാൻ എല്ലാവരും മുൻവരാന്തയിൽ വന്നു നിൽപ്പുണ്ടായിരുന്നു…. നന്ദി പറയാനൊന്നും തോന്നിയില്ല. മനസ്സനുവദിക്കാത്ത പോലെ… ത്രേസ്യാമ്മ സിസ്റ്റർ അടുത്ത് വന്നു പതിയെ ഒരു കവർ കയ്യിൽത്തന്നു.

    “ഇത് ഞങ്ങളുടെ ഒരു ചെറിയ സമ്മാനമാണ്. ഒരു പുതിയ ഫോണൊക്കെ വാങ്ങാനുള്ള കാശൊക്കെ ഇതിൽ കാണും. അത് ഇപ്പോൾ അത്യാവശ്യമാണ്….”വേണ്ട എന്ന് പലതവണ പറഞ്ഞെങ്കിലും അവസാനം അത് വാങ്ങേണ്ടിവന്നു.”എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാട്ടോ”. ഒരു ജർമ്മൻ സിസ്റ്ററുടെ വാക്കുകൾ ത്രേസ്യാമ്മ സിസ്റ്റർ തർജ്ജമ ചെയ്തു… ഞാൻ തലയാട്ടി..ലഗേജും യാത്രയ്ക്ക് കഴിക്കാനുള്ള ലഘു ഭക്ഷണമടക്കം അവർതന്നെ കാറിൽ വച്ചുതന്നു.കാറിൽ കയറുമ്പോഴും യാത്ര തുടങ്ങുമ്പോഴും മനസ്സിൽ ത്രേസ്യാമ്മ സിസ്റ്ററുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു…

    “കഷ്ടപ്പാടുകളൊക്കെ ഒത്തിരി ഇഷ്ട്ടം തോന്നി സ്വന്തമാക്കുക…..”

    (വിവേക് തൃപ്പൂണിത്തറയുടെ ജീവിതാനുഭവം..)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!