സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ആ ഉറപ്പ് നടപ്പില്‍ വരുത്തുകയാണെങ്കില്‍ അതേറ്റവും നല്ല കാര്യം തന്നെ. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.പക്ഷേ ഇതിന് ഒരു മറുവശമുണ്ട്. കന്യാസ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയ്‌ക്കെതിരെ പരാതി നല്കിയിട്ട് ആഴ്ചകള്‍ പലതു കഴിഞ്ഞിരിക്കുന്നു. യാതൊരു നീക്കവും അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല എന്നാണ് അറിവ്. വിവിധ സ്റ്റേഷനുകളിലായി 160 പരാതികളാണ് നല്കിയത്. മനുഷ്യാവകാശകമ്മീഷനിലും വനിതാ കമ്മീഷനിലും കന്യാസ്ത്രീകള്‍ നേരിട്ടുപരാതി നല്കി. പക്ഷേ ഒരു രക്ഷയുമില്ല.
കന്യാസ്ത്രീകള്‍ യൂട്യൂബര്‍ക്കെതിരെ കരിഓയില്‍ പ്രയോഗം നടത്തുകയോ അസഭ്യവര്‍ഷം ചൊരിയുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്യാത്തതുകൊണ്ട് അതൊന്നും പുറം സമൂഹം അറിഞ്ഞില്ല. ഇനി അറിഞ്ഞെങ്കില്‍തന്നെ വേണ്ടത്ര പരിഗണനയോ ശ്രദ്ധയോ കൊടുത്തതുമില്ല.
ഏതെങ്കിലും ഒരു കന്യാസ്ത്രീ സംശയാസ്പദമായ രീതിയില്‍ മരണമടഞ്ഞു കഴിയുമ്പോഴെല്ലാം കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുന്നത് മുഖ്യധാരാമാധ്യമങ്ങളുടെയും അന്തിചര്‍ച്ചകളുടെയും പ്രധാന ഇനമായി മാറിക്കഴിഞ്ഞു. കന്യാസ്ത്രീമഠങ്ങള്‍ വേശ്യാലയങ്ങളും കന്യാസ്ത്രീകള്‍ വേശ്യകളുമാണെന്നാണ് പരസ്യമായി ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.
അപ്പോഴൊന്നും നോവാത്ത ആത്മാഭിമാനമാണ് ,പ്രതികരണ ശേഷിയാണ്, ജനപിന്തുണയാണ് യൂട്യൂബറെ ആക്രമിച്ച സെലിബ്രിറ്റികളായ ഫെമിനിസ്റ്റുകള്‍ക്ക് മാധ്യമങ്ങളും പുരോഗമനവാദികളും കല്പിച്ചുകൊടുത്തിരിക്കുന്നത്.
അസഭ്യവും ഇല്ലാവചനവും ആര് ആരെക്കുറിച്ച് പറഞ്ഞാലും അത് നിന്ദ്യം തന്നെ. അക്രമവും അധിക്ഷേപവും ആര് ആരെ നടത്തിയാലും അതും നിന്ദ്യം തന്നെ. അപലപനീയവും. പക്ഷേ കന്യാസ്ത്രീകളെ അധിക്ഷേപിച്ചപ്പോള്‍, ഇല്ലാവചനങ്ങള്‍ കൊണ്ട് അവരുടെ ശുദ്ധതയെ കളങ്കപ്പെടുത്തിയപ്പോള്‍ കൈയും കെട്ടി നോക്കിനിന്നവര്‍, നിശ്ശബ്ദതവരിച്ചവര്‍ ഫെമിനിസ്റ്റുകള്‍ക്ക് വലിയ പിന്തുണ നല്കി. അവരുടെ അക്രമത്തെ കൈയടിച്ചുപ്രോത്സാഹിപ്പിച്ചു. ് ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റൊന്നും പറയാനില്ല.
അപവാദ പ്രചരണം ഉണര്‍ത്തിവിടുന്ന നോവ്, അപമാനം,വേദന അത് ഫെമിനിസ്റ്റുകള്‍ക്ക് മാത്രമുള്ളതാണോ..ഫെമിനിസ്റ്റുകളെന്നല്ല എല്ലാ മനുഷ്യരുടെയും വികാരങ്ങള്‍ ഒന്നുതന്നെയാണ്. ആരുടെ ശരീരത്തില്‍ കുത്തിയാലും ചോര കിനിയും. കണ്ണില്‍കുത്തിയാല്‍ കണ്ണീര്‍പൊടിയും. ലിംഗഭേദംപോലും അക്കാര്യത്തില്‍ പ്രസക്തമല്ല. എന്നിട്ടും അതൊക്കെ മറന്ന് ഒരു കൂട്ടര്‍ക്ക്‌സംഭവിച്ചപ്പോള്‍ അതിനെ ജനകീയവല്‍ക്കരിക്കുകയും കന്യാസ്ത്രീകള്‍ക്ക് സംഭവിച്ചപ്പോള്‍ അതിനെ പാര്‍ശ്വവല്ക്കരിക്കുകയും ചെയ്തു. ഇതിനെയാണ് നമ്മള്‍ ചോദ്യം ചെയ്യേണ്ടത്. ഇതിനെയാണ് നാം എതിര്‍ക്കേണ്ടത്. നീതി എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണം. അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയായിരിക്കണം. മനുഷ്യനെന്ന നിലയിലും പൗരനെന്ന നിലയിലും അത് ബാധകമാണ്.
ചിലര്‍ അപഹസിക്കുന്ന, നിന്ദിക്കുന്ന ഈ കന്യാസ്ത്രീകള്‍ അവര്‍ക്കുവേണ്ടിയല്ല ജീവിക്കുന്നത്. ഈ ലോകത്തിലെ ഓരോരുത്തര്‍ക്കും വേണ്ടിയാണ്. കന്യാസ്ത്രീമാരുടെ സേവനം കൈപ്പറ്റാത്ത ഒരാളു പോലും ഈ ഭൂമിമലയാളത്തില്‍ കാണില്ലെന്നത് ഉറപ്പാണ്. ആശുപത്രിയില്‍ രോഗിയായി ചെന്നപ്പോള്‍, ആദ്യാക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോള്‍… പ്രാര്‍ത്ഥനയായി.. ഉപദേശമായി,വഴിതിരുത്തലായി.. അനാഥരായവര്‍ക്കും വൃദ്ധരായവര്‍ക്കും അമ്മയായി.. എന്നിട്ട് അതൊക്കെ മറന്നുകൊണ്ടല്ലേ കന്യാസ്ത്രീമാരെ ഒരുകൂട്ടര്‍ സംഘം ചേര്‍ന്ന് അവഹേളിക്കുന്നത്.. കളങ്കപ്പെടുത്തുന്നത്. കുറ്റകരമായ ഈ മൗനത്തിന് ഇനിയും കൂട്ടുനില്ക്കരുത്. ഒരുപക്ഷേ നാം കന്യാസ്ത്രീമാരെ അധിക്ഷേപിക്കുന്നുണ്ടാവില്ല. എന്നാല്‍ ആ അധിക്ഷേപം കേട്ട് മിണ്ടാതെയിരിക്കുന്നുണ്ട്. നിഷ്‌ക്രിയത ചിലപ്പോള്‍ കുറ്റകൃത്യത്തെക്കാള്‍ മാരകമാണ്. ഞാനും നിങ്ങളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. എനിക്കെന്ത്, കന്യാസ്ത്രീകളെയല്ലേ ഇതാണ് നമ്മുടെ മട്ട്. ഇത്തിരിയൊക്കെ അപമാനവും നിന്ദനങ്ങളും അവര്‍സഹിച്ചോട്ടെ എന്നാണ് വേറെ ചിലരുടെ രീതി.
അവര്‍ക്ക് അവരുടേതായ സഹനങ്ങളുണ്ട്,വേദനകളുണ്ട്. അതിന് പുറമേയ്ക്ക് ഒരാള്‍ അവരുടെ വേദന വര്‍ദ്ധിപ്പിച്ചുകൊടുക്കേണ്ടതില്ല. പ്രത്യേകിച്ച് അസഭ്യം പറഞ്ഞുള്ള വേദനകള്‍. യൂട്യൂബറെ അധിക്ഷേപിച്ച സ്ത്രീകള്‍ അയാളോട് ചോദിക്കുന്ന ചില ചോദ്യങ്ങളിലേതുപോലെ സ്വന്തം വീട്ടിലെ ഒരംഗത്തെക്കുറിച്ച് ഇല്ലാവചനം പറയുമ്പോള്‍ നമുക്ക് പൊള്ളില്ലേ..എന്നിട്ട് എന്തുകൊണ്ടാണ് കന്യാസ്ത്രീമാരെക്കുറിച്ച് ഇ്ല്ലാവചനം പറയുമ്പോള്‍ നമുക്ക് പൊള്ളാത്തത്? അവര്‍ നമ്മുടെ കുടുംബാംഗങ്ങള്‍ തന്നെയല്ലേ? എനിക്കും നിങ്ങള്‍ക്കും നമുക്കോരോരുത്തര്‍ക്കും വേണ്ടി ജീവിക്കുന്നവര്‍..അങ്ങനെയൊരു തുല്യതാ ഭാവമൊന്നും നമ്മില്‍ പലര്‍ക്കുമില്ലെന്ന് തോന്നുന്നു. അല്ലേ?
ഫെമിനിസ്റ്റുകള്‍ക്ക് അവകാശപ്പെട്ട നീതിയും തുല്യതയും ആദരവും അഭിമാനബോധവും ഈ കന്യാസ്ത്രീകള്‍ക്കും നല്കണം. സൗജന്യമല്ല, ദാനവുമല്ല മനുഷ്യത്വത്തോടുള്ള ആദരവിന്റെ ഭാഗമാണ് അത്. അതുകൊണ്ട്
കന്യാസ്ത്രീകളെയും സ്ത്രീകളായി പരിഗണിക്കണമെന്ന് ഇവിടുത്തെ അധികാരികളോടും മാധ്യമങ്ങളോടും അപേക്ഷിക്കുന്നു
വിനായക് നിര്‍മ്മല്‍