Sunday, February 16, 2025
spot_img
More

    ജീവിതം ആഘോഷമാക്കിയ പുണ്യവാൻ

                വ്യത്യസ്തമായ കാരണങ്ങളാൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വിശുദ്ധനാണ്‌ അസ്സീസിയിലെ ഫ്രാൻസീസ്‌. അദ്ദേഹത്തിന്റെ ജീവിതത്താൽ പ്രസിദ്ധമായ ഇറ്റലിയിലെ അസ്സീസിയെന്ന ചെറിയ പട്ടണത്തിൽ എത്തിച്ചേരുന്ന എല്ലാവരും അവിടുത്തെ എല്ലാക്കാര്യങ്ങളും കാണാൻ ശ്രമിക്കാറുണ്ട്‌. ഞാൻ അസ്സീസിയിൽ പോയപ്പോളെല്ലാം വി. ഫ്രാൻസീസിന്റെ നാമധേയത്തിലുള്ള പള്ളിയുടെ മുൻപിലുള്ള പുല്പരപ്പിൽ കാണുന്ന ഒരു രൂപം എന്നെ ഒത്തിരി ആകർഷിച്ചിട്ടുണ്ട്‌, കുതിരപ്പുറത്ത്‌ തലകുനിച്ചിരിക്കുന്നത്‌ ഫ്രാൻസീസാണെന്നാണ്‌ ആ ശില്പത്തിൽ നിന്നും മനസിലാക്കാനാകുക. നോർബെർതൊ പ്രോയ്യെത്തി എന്ന ഇറ്റാലിയൻ ശില്പി 2005ൽ പണിതീർത്തതാണ്‌ ഈ ശില്പം. യുദ്ധത്തിന്‌ പോയി തിരികെയെത്തിയ ഫ്രാൻസീസിനെയാണ്‌ അദേഹമതിൽ രൂപപ്പെടുത്തിയിരിക്കുന്നത്‌.

                ഫ്രാൻസീസിന്റെ പരാജയത്തെ സൂചിപ്പിക്കാനാണീ ശില്പം എന്ന്‌ വ്യാഖ്യാനിക്കുന്ന ധാരാളം പേരുണ്ട്‌. അതിനാൽത്തന്നെ എന്തിനാണ്‌ ഇത്തരത്തിലൊരു രൂപം അനേകർ വന്നുചേരുന്ന ഈ ദൈവാലയത്തിന്റെ മുൻപിൽ സ്ഥപിച്ചിരിക്കുന്നത്‌ എന്ന സംശയം പലപ്പോഴും  പലരും എന്നോട്‌ ചോദിച്ചിട്ടുണ്ട്‌. ലോകപ്രസിദ്ധനായ ഫ്രാൻസീസിന്റെ ഈ ശില്പം അവിടെ വരുന്നവരും പോകുന്നവരും കണ്ടിട്ട്‌ എന്ത്‌ പ്രയോജനമാണുള്ളത്‌ എന്ന്‌ ചിന്തിക്കുന്നത്‌ സ്വാഭാവികമാണ്‌. പ്രത്യേകിച്ച്‌ അദ്ദേഹം ജീവിതത്തിൽ തോൽക്കപ്പെട്ടതിന്റെ പ്രതീകമായിട്ടാണ്‌ ഇത്‌ രൂപകൽപന ചെയ്തിരിക്കുന്നതെങ്കിൽ. കാരണം അസ്സീസിയിലെ ജനത്തിന്റെ മുൻപിൽ വിജയം വരിക്കാൻ കഴിയാതെ തിരികെയെത്തിയവനാണ്‌ ഫ്രാൻസീസ്‌. ലോകത്തിന്റേതായ രീതിയിൽ മാത്രം കാര്യങ്ങളെ വിലയിരുത്തുന്നവർക്ക്‌ മനസിലാക്കാനും ഉൾക്കൊള്ളാനും ബുദ്ധിമുട്ടേറിയ കാര്യമാണിത്‌. പൗലോസ്‌ ശ്ളീഹ കോറിന്തോസുകാരോട്‌ പറഞ്ഞതുപോലുള്ള ഒരു ഉത്തരം മാത്രമേ ഇവിടേയും പ്രസക്തമാകുകയുള്ളൂ. (നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ. 1 കോറി.1:18)

    സുഖം, സന്തോഷം, നേട്ടം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ മിക്കവരും തങ്ങളുടെ ജീവിതത്തെ മുൻപോട്ട്‌ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്‌. ഫ്രാൻസീസും അത്തരത്തിൽ ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്ത്‌ തിരികെ എത്തിയതിനെ കുതിരപ്പുറത്ത്‌ തലകുനിച്ചിരിക്കുന്ന ശില്പത്തിലൂടെ ഓർമ്മിപ്പിക്കുമ്പോൾ, പറഞ്ഞുതരുന്നത്‌ മാറേണ്ടതായ നമ്മുടെ ചിന്താരീതികളെക്കുറിച്ചുതന്നെയാണ്‌. യുദ്ധത്തിന്‌ പോയി പരാജിതനായെങ്കിലും, ശരിയായ വിജയത്തിന്റേയും സന്തോഷത്തിന്റേതും ഉറവിടം എവിടെയാണെന്ന്‌ അറിഞ്ഞിട്ടാണവൻ അസ്സീസിയിൽ തിരികെയെത്തിയത്‌ എന്നത്‌ മനസിലാക്കുമ്പോൾ കുതിരപ്പുറത്ത്‌ അവൻ തലകുനിച്ചിരിക്കുന്നത്‌ പരാജയത്തിന്റെ അടയാളമായിട്ടല്ല എന്നത്‌ വ്യക്തമാണ്‌. പകരം എല്ലാ സന്തോഷങ്ങൾക്കും കാരണമായ ദൈവമെന്ന യജമാനനെ കണ്ടെത്തുകയും അങ്ങിനെ പുതിയ ബോധ്യങ്ങളാൽ തന്റെ ജീവിതത്തെ നവീകരിക്കുകയും മറ്റൊരു ദിശയിലേക്ക്‌ ചേർത്തുനിർത്തുകയും ചെയ്ത വ്യക്തിയായിട്ടാണ്‌.

                പൊതുവെ മനസിലാക്കിയിരിക്കുന്നതുപോലെ ജീവിതം ആഘോഷിക്കണമെങ്കിൽ അതിനടിസ്ഥാനമായി സന്തോഷമുണ്ടാകണം എന്നറിയാത്തവരായി ആരുമുണ്ടാകില്ല. എവിടെനിന്നാണ്‌ നമുക്ക്‌ ഈ ജീവിതം മുഴുവൻ ആഘോഷമാക്കാനുള്ള സന്തോഷം കണ്ടെത്താനാകുക? ഈ തിരച്ചിലും അന്വേഷണവും എല്ലാം നടത്തി ഉത്തരം കിട്ടാതെ അലയുന്നവർ അനേകരുണ്ട്‌, ചിലപ്പോൾ അതിലൊരാളാകാം നമ്മളും.       നല്ലൊരു ശതമാനം പേരും സന്തോഷം തേടിയുള്ള യാത്രയിൽ എത്തിച്ചേരുന്നത്‌ തെറ്റായ ഇടങ്ങളിലാണ്‌, ഒന്നുകിൽ വഴിതെറ്റി എത്തിച്ചേരുന്നു അല്ലെങ്കിൽ മറ്റുപല കാരണങ്ങളാൽ പുറത്തുകടക്കാനാകാത്തവിധം അകപ്പെട്ടുപോകുന്നു. ധനത്തിലും അധികാരത്തിലും ലൗകീകമായ സുഖങ്ങളിലുമൊക്കെയാണ്‌ ശരിയായ സന്തോഷം എന്ന മിഥ്യാബോധമാണ്‌ അവരെ ഭരിക്കുന്നത്‌.   എന്നാലിതാ ഫ്രാൻസീസ്‌ എക്കാലവും ജീവിതം ആഘോഷമാക്കി മാറ്റാനുള്ള ഇന്ധനം കർത്താവിൽ നിന്നും സായത്തമാക്കിയിരിക്കുന്നു. അതിലവൻ പൂർണമായും വിജയിക്കുകയും ചെയ്യുന്നു.

                ശരിയായ സന്തോഷത്തെക്കുറിച്ച്‌ ഫ്രാൻസീസ്‌ പറയുന്നതിങ്ങനെയാണ്‌:  ജീവിതത്തിൽ വന്നുചേരുന്ന എല്ലാ അനുഭവങ്ങളേയും ക്ഷമയോടെയും സന്തോഷത്തോടെയും ഒപ്പം നമ്മുടെ രക്ഷകനായ കർത്താവിന്റെ സഹനങ്ങളോട്‌ ചേർത്തും അവനോടുള്ള സ്നേഹത്തെ പ്രതിയും സ്വീകരിക്കാൻ സാധിക്കുകയാണെങ്കിൽ, അതിൽ യഥാർത്ഥ സന്തോഷവും യഥാർത്ഥ പുണ്യവും ആത്മാവിന്റെ രക്ഷയും ഉണ്ട്‌. യഥാർത്ഥ സന്തോഷം കണ്ടെത്തുകയും അതിൽനിന്നും ജീവിതത്തെ ആഘോഷിക്കുകയും ചെയ്യുന്നവർ ഈശോ പറഞ്ഞതുപോലെ സമാധാനം സ്ഥാപിക്കുന്നവരും ഭാഗ്യവാന്മാരുമായി മാറും അങ്ങനെ അവർ ദൈവമക്കൾ എന്നും വിളിക്കപ്പെടും (മത്തായി 5, 9).

                അസ്സീസിയിലെ ഫ്രാൻസീസ്‌ തന്റെ ജീവിതത്തിലൂടെ പകർന്നേകിയ സാക്ഷ്യം വളരെ ശക്തമായതായിരുന്നു. വിദ്വേഷവും പകയും നിറഞ്ഞുനിൽക്കുന്ന ഇടങ്ങളിൽ സമാധാനത്തിനായാണ്‌ അവൻ നിലകൊണ്ടത്‌. അതുപോലെ ദൈവത്തിന്റെ കരവിരുതായ പ്രകൃതിയോടുണ്ടായിരുന്ന അവന്റെ മനോഭാവം സൂര്യകീർത്തനത്തിലൂടെ ഫ്രാൻസീസ്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌. മറ്റ്‌ മതങ്ങളിലും സംസ്കാരങ്ങളിലും ഉള്ളതായ നന്മയെ അംഗീകരിക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരു ഹൃദയവും അവനിലുണ്ടായിരുന്നു.

                ഇന്ന്‌, അസ്സിസിയിലെ ഫ്രാൻസീസിന്റെ ആദർശങ്ങളെ മനസിലാക്കിക്കൊണ്ട്‌, സന്യാസത്തിന്റേയും പൗരോഹിത്യത്തിന്റേയുമൊക്കെ ജീവിതം നയിക്കുന്ന അനേകർ ലോകത്തുണ്ട്‌. പക്ഷേ, ക്രിസ്തുവിൽ ജീവിതം ആഘോഷിച്ച ഫ്രാൻസീസിൽ നിന്നും ഏറെ അകന്നാണ്‌ ഞങ്ങൾ കഴിയുന്നത്‌ എന്ന്‌ ഒരു ഫ്രാൻസീസ്കനെന്ന നിലയിൽത്തന്നെ എനിക്ക്‌ പറയാൻ കഴിയും. കൃത്യമായി പറഞ്ഞാൽ ഈ യാത്രയിൽ എവിടെയൊക്കയോ ലക്ഷ്യം തെറ്റി എന്നുതന്നെ. ലക്ഷ്യം തെറ്റുമ്പോൾ ആദർശവും ആത്മീയതയും നഷ്ടമാകും എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടല്ലോ.

    `ഫ്രാൻസീസ്‌ എന്റെ ആലയം പുതുക്കിപണിയുക..` സാൻഡാമിയാനോ ദൈവാലയത്തിൽ നിന്നും കേട്ട ഈ ക്രൂശിതമൊഴികൾ ഈ കാലഘട്ടത്തിൽ പലരീതിയിലായി ഈശോ നമ്മോട്‌ പറയുന്നുണ്ട്‌. അസ്സീസിയിലെ ഫ്രാൻസീസ്‌ അന്നത്‌ കേൾക്കുകയും പ്രത്യുത്തരമേകുകയും ചെയ്തപ്പോൾ വന്നുചേർന്ന നന്മകൾ ഇന്നും ലോകം മറന്നിട്ടില്ല എന്നുമാത്രമല്ല, അതിന്റെ തുടർച്ചകൾ പലയിടങ്ങളിലും കാണപ്പെടുന്നുമുണ്ട്‌. അവിടങ്ങളിലെല്ലാം യഥാർത്ഥത്തിൽ ജീവിതം ആഘോഷിക്കപ്പെടുന്നുണ്ട്‌ എന്നതും നല്ല വാർത്തയാണ്‌. ഫ്രാൻസീസിനെപ്പോലെ കർത്താവിന്റെ മൊഴികൾ കേൾക്കാൻ കഴിയും വിധത്തിൽ നമ്മുടെ കാതുകളും ഹൃദയങ്ങളും തുറക്കപ്പെട്ടിരുന്നെങ്കിൽ നമ്മുടേയും ജീവിതത്തിൽ ശരിയായ സന്തോഷവും സമാധാനവും നിറഞ്ഞു കവിഞ്ഞേനെ. അങ്ങനെ അധികാരക്കൊതിയില്ലാത്ത, സമ്പത്തിനോടുള്ള ആർത്തിയില്ലാത്ത, നേട്ടങ്ങൾക്കായുള്ള പരക്കംപാച്ചിലുകളില്ലാത്ത ശാന്തത നിറഞ്ഞു നിൽക്കുന്ന ഒരു നല്ല ലോകമായി മാറിയേനെ.

     ഈ വലിയ സാധ്യതയിലേക്ക്‌ എത്തിച്ചേരാൻ ക്രിസ്തുവാകുന്ന യജമാനനിൽ യഥാർത്ഥ സന്തോഷം കണ്ടെത്തി ജീവിതം ആഘോഷിച്ചു കാണിച്ചുതന്ന അസ്സീസിയിലെ ഫ്രാൻസീസ്‌ നമുക്കായി മാധ്യസ്ഥം വഹിക്കട്ടെ. എല്ലാവർക്കും വി. ഫ്രാൻസീസ്‌ അസ്സീസിയുടെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവം നേരുന്നു.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!