അട്ടപ്പാടി: മരിയഭക്തിയുടെ മറവില്‍ ലോകവ്യാപകമായി വിഘടിതഗ്രൂപ്പുകള്‍ കത്തോലിക്കാ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ നാം ജാഗരൂകരായിരിക്കണമെന്നും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍.
നാം ജീവിക്കുന്ന ഈ കാലഘട്ടം വളരെ സങ്കീര്‍ണ്ണമായ ഒന്നാണെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, തിരുസഭ, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവയ്‌ക്കെതിരെ സംഘടിതമായ രീതിയില്‍ അബദ്ധപ്രബോധനങ്ങളും അസത്യപ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും അച്ചന്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.
വിശ്വാസസംരക്ഷണത്തിന് വേണ്ടി നമ്മള്‍ ഒത്തൊരുമിച്ച്പ്രവര്‍ത്തിക്കണം. പരിശുദ്ധ അമ്മയോടുള്ള ജനുവിനായ ഭക്തിയ്ക്ക് കുറവുസംഭവിക്കരുത്. ജപമാല പ്രാര്‍ത്ഥനകള്‍ ചൊല്ലി നാം അമ്മയോടുള്ള ഭക്തിയില്‍ വളരണം. വിഘടിത ഗ്രൂപ്പുകളുടെ കുതന്ത്രങ്ങളില്‍ നാം പെടരുത്. അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.
2020 ഓഗസ്റ്റ് 21 ന് ഫ്രാന്‍സിസ് മാര്‍പാപ്പ പൊന്തിഫിക്കല്‍ മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റിന് എഴുതിയ കത്തില്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്കിയിരുന്നു. സുവിശേഷമൂല്യങ്ങള്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇണങ്ങാത്ത രീതിയില്‍ ദൈവമാതാവിനോടുള്ള ഭക്തി കൈകാര്യം ചെയ്യുന്നതിനെതിരെയായിരുന്നു പാപ്പായുടെ മുന്നറിയിപ്പ്.
മരിയഭക്തിയുടെ വക്താക്കളെന്ന വ്യാജേനയാണ് വിഘടിതഗ്രൂപ്പുകള്‍ സഭയ്ക്കും പാപ്പായ്ക്കും എതിരായുള്ള കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.