കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി വ്യക്തമാക്കി. എവ്ജനി അഫിനിവ്‌സ്‌കി എന്ന സംവിധായകന്‍ ‘ഫ്രാന്‍ചെസ്‌കോ’ എന്ന പേരില്‍ പുറത്തിറക്കുന്ന ഡോക്യു മെന്ററിയില്‍ സ്വവര്‍ഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്.വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസപരമായ പ്രബോധനങ്ങള്‍ ഡോക്യുമെന്ററികളിലൂടെയല്ല സഭ നടത്താറുള്ളത്.
‘എല്‍ജിബിടി’ അവസ്ഥകളിലുള്ളവര്‍ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്‌നേഹവും അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ ഇതിനുമുന്‍പും പഠിപ്പിച്ചിട്ടുള്ളതാണ്. വിശ്വാസ തിരുസംഘം 1975-ല്‍ ലൈംഗിക ധാര്‍മ്മികതയെക്കുറിച്ച് പുറപ്പെടുവിച്ച പ്രബോധനരേഖയിലും സമാനമായ നിലപാടാണ് കത്തോലിക്കാസഭ സ്വീകരിച്ചിട്ടുള്ളത്. സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവര്‍ഗ്ഗ ലൈംഗിക പ്രവൃത്തികളെയും വേര്‍തിരിച്ച് മനസ്സിലാക്കണമെന്നതാണ് സഭയുടെ നിലപാട്.
സ്വവര്‍ഗ്ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു കുടുംബത്തിനു തുല്യമായ നിയമപരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാസഭ കരുതുന്നില്ല, എന്നാല്‍ ഇതിനെ സിവില്‍ ബന്ധമായി വിവിധ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.
ഇപ്രകാരം സിവില്‍ ബന്ധങ്ങളില്‍ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്. കുടുംബത്തെക്കുറിച്ചുള്ള സിനഡിനു ശേഷം പുറപ്പെടുവിച്ച ‘സ്‌നേഹത്തിന്റെ സന്തോഷം’എന്ന (Amoris laetitia) പ്രബോധനരേഖയില്‍ പ്രതിപാദിക്കുന്ന അജപാലന ആഭിമുഖ്യമാണ് ഈ വിഷയത്തില്‍ മാര്‍പാപ്പായുടെ ഔദ്യോഗിക നിലപാട്. ഈ നിലപാടില്‍ മാര്‍പാപ്പ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു കെ. സി. ബി. സി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
ലൈംഗിക ധാര്‍മ്മികതയെക്കുറിച്ച് നാളിതുവരെ സഭ നല്‍കിയിട്ടുള്ള പ്രബോധനത്തെ നിരാകരിക്കുന്ന യാതൊരു നിലപാടും ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചിട്ടില്ലെന്നും വ്യാജവാര്‍ത്തകളില്‍ വാര്‍ത്തകളില്‍ വിശ്വാസികളും പൊതുസമൂഹവും തെറ്റിദ്ധരിക്കപ്പെടരുതെന്നും പ്രസ്താവനയില്‍ പറയുന്നു.