നാം അറിയുന്നവരും നമുക്ക് പ്രിയപ്പെട്ടവരും നമ്മെ സ്‌നേഹിച്ചിരുന്നവരും നാം സ്‌നേഹിച്ചിരുന്നവരുമായ അനേകര്‍ ഇക്കാലയളവില്‍ മരണമടഞ്ഞുപോയിട്ടുണ്ട്. അവരുടെ ആത്മാവിന്റെ സ്ഥിതിയെ കുറിച്ച് നമുക്ക് കൃത്യമായി അറിവില്ല.
ചിലര്‍ സ്വര്‍ഗ്ഗത്തിലാവാം. വേറെ ചിലര്‍ നരകത്തിലാവാം. ഇനിയും ചിലര്‍ ശുദ്ധീകരണസ്ഥലത്താകാം. സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് ഇനി നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമില്ല. നരകത്തിലുള്ളവരെ രക്ഷിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുമില്ല.
എന്നാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമുണ്ട്. അവരെ രക്ഷിക്കാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുമുണ്ട്.
അതുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. അത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ടി നാം ത്യാഗങ്ങള്‍ അനുഷ്ഠിക്കണം. പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യണം. വിശുദ്ധ കുര്‍ബാനകളും മറ്റും ചൊല്ലിക്കണം. വിശുദ്ധ കുര്‍ബാന പാപപരിഹാരബലിയാണ്.നമുക്കുവേണ്ടി നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു അര്‍പ്പിച്ച ബലിയാണ് അത്. അത് ഏറെ ഫലദായകമാണ്. അതിനപ്പുറം മറ്റൊരു ബലിയര്‍പ്പിക്കാനുമില്ല. ആരും അര്‍പ്പിച്ചിട്ടുമില്ല.ക്രിസ്തു പത്രോസിന് കൊടുക്കുന്ന അധികാരം നമുക്കോര്‍മ്മയുണ്ടല്ലോ, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കുകയും നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടുമെന്നുമാണല്ലോ അത്.
ക്രിസ്തുവാണ് നമ്മുടെ രക്ഷകന്‍. അവിടുന്നിലൂടെയും അവിടുത്തോടുകൂടിയുമാണ് നാം രക്ഷ പ്രാപിക്കുന്നത്. അതുകൊണ്ട് വിശുദ്ധ ബലികളിലൂടെ നാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. അവരുടെ ആത്മാക്കളുടെ രക്ഷ ഉറപ്പുവരുത്തണം..