ബ്രിട്ടണ്‍: രാജ്യവ്യാപകമായിട്ടുള്ള അനുദിന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് ഇംഗ്ലണ്ടിലെ മെത്രാന്മാര്‍. രാജ്യം രണ്ടാം വട്ടവും ലോക്ക് ഡൗണിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് പ്രാര്‍ത്ഥനയില്‍ ഒരുമിക്കണമെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സും ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കവും സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചത്.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രണ്ടാം വട്ടം പൊതുകുര്‍ബാനകളും റദ്ദ് ചെയ്തിരിക്കുകയാണ്. ഇത്തരം ദുഷ്‌ക്കരമായ സാഹചര്യത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയം ഉപയോഗിക്കാന്‍ അനുവാദം നല്കണമെന്നും മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാദിവസവും വൈകുന്നേരം ആറുമണിക്ക് പ്രാര്‍ത്ഥനയ്ക്കു രൂപം കൊടുത്തത് ഈ സാഹചര്യത്തിലാണ്.
എല്ലാവരും ഈ സമയം ഒരു നിമിഷം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ക്രിസ്തുരാജ തിരുനാള്‍ ദിനമായ നവംബര്‍ 21 ന് ജാഗരണദിനമായും ആചരിക്കും. കൊറോണ വൈറസിന് അന്ത്യം കുറിക്കാന്‍ വേണ്ടിയാണ് ഇത്.
ഇംഗ്ലണ്ടില്‍ നവംബര്‍ അഞ്ചുമുതല്‍ ഡിസംബര്‍ രണ്ടുവരെയാണ് ലോക്ക് ഡൗണ്‍ രണ്ടാമതും പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആദ്യത്തെ ലോക്ക് ഡൗണില്‍ പൊതുകുര്‍ബാനകള്‍ മാര്‍ച്ച് 23 മുതല്‍ ജൂലൈ നാലുവരെ റദ്ദ് ചെയ്തിരിക്കുകയായിരുന്നു.