ബാഴ്‌സലോണ: ദിവ്യകാരുണ്യം സംരക്ഷിക്കാനായി സ്വജീവന്‍ വെടിഞ്ഞ കൗമാരക്കാരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സ്പാനീഷ് സിവില്‍ യുദ്ധത്തില്‍ വച്ചാണ് ജോണ്‍ റോയിഗ് ഡിഗ്ലെ എന്ന പത്തൊമ്പതുകാരന്‍ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെട്ടത്. ദിവ്യകാരുണ്യത്തോട് അദമ്യമായ ഭക്തിയുണ്ടായിരുന്നു ജോണിന്.
ആഭ്യന്തരയുദ്ധത്തില്‍ ദേവാലയങ്ങള്‍ അടച്ചിടുകയും ആക്രമിക്കപ്പെടുകയും അഗ്നിബാധയില്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ഒരു കാലത്ത വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാതെവരികയും എന്നാല്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് വീടുകളില്‍ ദിവ്യകാരുണ്യം എത്തിച്ചുകൊടുക്കാന്‍ വൈദികന്‍ ചുമതലപ്പെടുത്തിയിരുന്നത് ജോണിനെയായിരുന്നു.
ഇത്തരമൊരു യാത്രയ്ക്കിടയിലായിരുന്നു ജോണ്‍ കൊല്ലപ്പെട്ടത്. 1936 സെപ്തംബര്‍ 11 നായിരുന്നു ആ ദുരന്തം. അഞ്ചു വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് ശിരസിലും പതിക്കുകയായിരുന്നു. ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ ഞാനും നിങ്ങളോട് ക്ഷമിക്കുന്നു എന്നായിരുന്നു ജോണിന്റെ അവസാന വാക്കുകള്‍.
ബാഴ്‌സലോണയിലെ സെന്റ് പീറ്റര്‍ ചാപ്പലിാണ് ജോണിന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത്.
ജോണിന്റെ ധീരരക്തസാക്ഷിത്വം എല്ലാവര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് തങ്ങളുടെ ക്രിസ്തീയ ദൈവവിളിക്കനുസരിച്ച് ജീവിക്കാന്‍ വലിയൊരു മാതൃകയാണ് നല്കിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.