വത്തിക്കാന്‍ സിറ്റി: കോവിഡ് ബാധിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന കര്‍ദിനാള്‍ ബാസെറ്റിയുടെ ക്ഷേമം അന്വേഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണ്‍ ചെയ്തു. പെരുജിയ രൂപതയുടെ ആര്‍ച്ച് ബിഷപ്പും ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമാണ് കര്‍ദിനാള്‍ ബാസെറ്റി. പെരുജിയായുടെ സഹായമെത്രാന്‍ ബിഷപ് മാര്‍ക്കോ സാല്‍വിയെയാണ് മാര്‍പാപ്പ ഫോണ്‍ ചെയ്ത് വിവരം തിരക്കിയത്.
ഒക്ടോബര്‍ 31 നാണ് കര്‍ദിനാള്‍ ബാസെറ്റിയെ കോവിഡിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. 78 കാരനായ ഇദ്ദേഹത്തെ നവംബര്‍ മൂന്നിന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. കര്‍ദിനാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നാണ് ആശുപത്രി വൃന്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ തെറാപ്പി, ഓക്‌സിജന്‍ തെറാപ്പി,വെന്റിലേറ്റര്‍ തെറാപ്പി എന്നിവയാണ് നല്കിവരുന്നത്. തന്റെ പ്രാര്‍ത്ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സഹായമെത്രാന്‍ ബിഷപ് സാല്‍വിയെ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ് കര്‍ദിനാള്‍ ബാസെറ്റി അതിരൂപതയിലെ വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യത്തിന്‌റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്തെഴുതിയിരുന്നു. വളരെ ദുഷ്‌ക്കരമായ ഈ സമയത്ത് ദിവ്യകാരുണ്യത്തില്‍ അഭയം കണ്ടെത്തണമെന്നായിരുന്നു ഓര്‍മ്മപ്പെടുത്തല്‍. വാഴ്ത്തപ്പെട്ട കാര്‍ലോയുടെയും പെരുജിയായിലെ ധന്യന്‍ വിറ്റോറിയ, ദൈവദാസന്‍ മോറെട്ടിന എന്നിവരുടെയും മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ ബാസെറ്റി ആവശ്യപ്പെട്ടിരുന്നതായി ബിഷപ് സാല്‍വി അറിയിച്ചു.