കുടുംബസമാധാനം ഇല്ലാതെ വരുമ്പോള്‍ സ്വഭാവികമായും മനസ്സമാധാനവും നഷ്ടപ്പെടും. മനസ്സമാധാനം ഇല്ലാതാകുമ്പോള്‍ കുടുംബത്തിലും അസമാധാനം നിറയും. രണ്ടും പരസ്പരബന്ധിതമാണ്. പല വിധ കാരണങ്ങള്‍ കൊണ്ടാണ് നമ്മുക്ക് സമാധാനം നഷ്ടപ്പെടുന്നത്. അസ്വസ്ഥപൂരിതമായ ചുറ്റുപാടുകളാണ് നമുക്കുള്ളത്. സാമ്പത്തികപ്രതിസന്ധിയും രോഗങ്ങളും ജോലിനഷ്ടങ്ങളും കടബാധ്യതകളും ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചക്കുറവും മക്കളുടെ വഴിതെറ്റലും എല്ലാം നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുന്നുണ്ട്. ഇത്തരം അവസരങ്ങളിലെല്ലാം നമുക്ക് ദൈവത്തില്‍ ശരണം വയ്ക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. കാരണം ദൈവമാണ് നമുക്ക് സമാധാനം നല്കുന്നത്. സമാധാനദാതാവാണ് ദൈവം. അതുകൊണ്ടുതന്നെ നമുക്ക് ദൈവത്തില്‍ ആശ്രയിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അവിടുത്തെ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ മനസ്സില്‍ സമാധാനം നിറയാന്‍ കാരണമാകും.
ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട( യോഹ 14:27) ഈ വചനം നമുക്ക് ഹൃദിസ്ഥമാക്കാം. ജീവിതത്തിലെ ചെറുതും വലുതുമായ അസ്വസ്ഥതകളുടെ അവസരങ്ങളില്‍ ഈ വചനം നമ്മുടെ ഉള്ളില്‍ ശാന്തി നിറയ്ക്കും. ഉറപ്പ്.