ലണ്ടന്‍: കോവിഡ് 19 വര്‍ദ്ധിച്ച തോതില്‍ രണ്ടാംവട്ടവും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജയില്‍വാസികളെ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ അടിയന്തിരനടപടികള്‍ ഉണ്ടാകണമെന്ന് ബിഷപ് റിച്ചാര്‍ഡ് മോത് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ജയില്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മെത്രാനാണ് ഇദ്ദേഹം.
ജയില്‍വാസികളുടെ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ജസ്റ്റീസ് സെക്രട്ടറി റോബര്‍ട്ട് ബക്ക്‌ലാന്‍ഡിനാണ് ഇദ്ദേഹം കത്തെഴുതിയിരിക്കുന്നത്. കോവിഡ് വ്യാപനമുണ്ടായ വര്‍ഷാരംഭത്തില്‍ തന്നെ ഇക്കാര്യത്തിനായി ബിഷപ് റിച്ചാര്‍ഡ് കത്തെഴുതിയിരുന്നു. രോഗികളായ ജയില്‍വാസികളെയും അതുപോലെ ഗര്‍ഭിണികള്‍, പ്രസവം നടന്നവര്‍ തുടങ്ങിയവരെ വിട്ടയ്ക്കണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജയില്‍ പോലെ നിരവധി ആളുകള്‍ കൂട്ടമായി താമസിക്കുന്നിടങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ താലക്കാലിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ജയില്‍വാസികളെ വിട്ടയ്ക്കണമെന്നാണ് അദ്ദേഹം ഇത്തവണ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ടുണ്ടായ ജയില്‍മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ജയില്‍ അധികാരികള്‍ പുലര്‍ത്തിപ്പോരുന്ന ശ്രമങ്ങളെ ബിഷപ് അഭിനന്ദിക്കുകയും ചെയ്തു.