‘
ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാനയോടുള്ള വണക്കത്തിന് യേശു ക്രിസ്തുവിന്റെ മനുഷ്യാവതാരത്തോളം പഴക്കമുണ്ട്. മുഖ്യ ദൂതനായ ഗബ്രിയേൽ മാലാഖ മംഗളവാർത്ത അറിയിച്ചപ്പോൾ ദൈവപുത്രനായ മിശിഹാ കർത്താവെന്ന വിശുദ്ധ കുർബാനയെ ആത്മനാ ഹൃദയത്തിൽ സ്വീകരിച്ചു, തന്റെ ഉദരമാകുന്ന സക്രാരിയിൽ സംവഹിച്ച പരിശുദ്ധ കന്യകാമാതാവും, രക്ഷകനായ യേശുവിന് ഭൂമിയിലെ സംരക്ഷകനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ യൌസേപ്പു പിതാവും ആണ് ദമ്പതികളുടെ വിശുദ്ധ ജീവിതത്തിന്,വിശുദ്ധ കുർബാനയുടെ പ്രധാന്യം എത്രമാത്രം വിലപ്പെട്ടതാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ആദ്യ ദമ്പതികൾ.
വിശുദ്ധ കുർബാന എന്നാൽ യേശുക്രിസ്തു തന്നെയാണ്. യേശു ക്രിസ്തു എന്ന വിശുദ്ധ കുർബാന തന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ, സക്കേവൂസിനുണ്ടായ മാനസ്സാന്തരവും, ക്രിസ്തുവിനെ ശുശ്രൂഷിച്ചു പരിചരിച്ച പാപിനിയായ സ്ത്രീക്ക് വന്ന മാറ്റവും , ക്രിസ്തു തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ അപ്പസ്തോലന്മാർക്കുണ്ടായ തീക്ഷ്ണതയും എല്ലാം സുവിശേഷത്തിലെ വിവിധ അധ്യായങ്ങളിൽ നമ്മൾ കാണുന്നുണ്ട്. തന്റെ അന്ത്യഅത്താഴ വേളയിൽ, അപ്പമെടുത്ത് വാഴ്ത്തി വിഭജിച്ചു ശിഷ്യൻമാർക്ക് നൽകികൊണ്ടു ‘ഇത് എന്റെ ശരീരം ആകുന്നു, നിങ്ങൾ എന്റെ ഓർമ്മക്കായി ഇതു ചെയ്യുവിൻ’എന്ന് അരുളിചെയ്തു വിശുദ്ധ കുർബാന സ്ഥാപിച്ചപ്പോളും, അതിനുതുടർച്ചയായി ഗാഗുൽത്താമലയിൽ കുരിശിൽ സ്വജീവൻ മർത്യരക്ഷക്കായി ബലിയായി നൽകിയപ്പോളും ക്രിസ്തുനാഥൻ നമുക്ക് കാണിച്ചു തന്നത് ഉത്തമ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്ത മാതൃകയാണ്.
പരമ്പരാഗത യഹൂദ പാരമ്പര്യം അനുസരിച്ച് കാഴ്ച്ചയർപ്പണവും ബലിയർപ്പണവും ദൈവത്തോടുള്ള തങ്ങളുടെ നിതാന്ത സ്നേഹത്തിന്റെയും അവിടുത്തോടുള്ള അളവറ്റ നന്ദി പ്രകാശിപ്പിക്കലിന്റെയും വിശ്വസ്തതയുടെയും ഒക്കെ പ്രതീകമായിരുന്നു. പഴയ നിയമത്തിൽ തന്റെ പ്രിയപുത്രനെ ബലിയർപ്പിക്കാൻ പൂർവ്വ പിതാവായ അബ്രഹാം മോറിയാ മലയിലേക്കു പോയത് ദൈവത്തോടുള്ള അനുസരണത്തെയും സ്നേഹത്തെയും പ്രതി ആണെങ്കിൽ പുതിയ നിയമത്തിൽ നമ്മൾ കാണുന്നത് മനുഷ്യനോടുള്ള അടങ്ങാത്ത സ്നേഹത്തെ പ്രതി തന്റെ ഏകജാതനെ ബലികഴിക്കാൻ തിരുമനസ്സായ ദൈവപിതാവിനെയും, അസ്തമിക്കാത്ത ദൈവസ്നേഹത്തിന്റ ജീവനുള്ള തിരുശേഷിപ്പായി വിശുദ്ധ കുർബാനയിൽ ഇന്നും എഴുന്നള്ളിയിരിക്കുന്ന യേശുക്രിസ്തുവിനെയും ആണ്. സ്വയം ശൂന്യനായി അപ്പത്തിന്റെ രൂപത്തിൽ വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ഇന്നും ജീവിക്കുന്ന യേശു, തന്റെ മക്കളോട് ഒരു പിതാവിന് തോന്നിയ സമാനതകൾ ഇല്ലാത്ത അചഞ്ചല സ്നേഹത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്.
യുഗാരംഭം മുതൽ ഉള്ളതും പറുദീസായിൽ പൂർത്തീകരിക്കപ്പെട്ടതുമായ, ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധത്തിന്റ നവീകരണം ആണ് വിശുദ്ധ കുർബാനയുടെ സംസ്ഥാപനത്തിലൂടെ യേശുക്രിസ്തുഅനുവർത്തിച്ചത്.
കാൽവരിയിലെ യാഗവേദിയിൽ ചുടുനിണം നമുക്കായി അവിടുന്നു ചിന്തിയപ്പോളും മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാവുന്നതിൽ ഏറെ അസഹനീയമായ വേദന ശരീരത്തിലും ആത്‌മാവിലും സഹിച്ചപ്പോളും, തികഞ്ഞ മൗനിയായി,സ്നേഹത്തിന്റെ മൂർത്തീഭാവം ആയ യേശുക്രിസ്തു നമ്മോട് പറയാതെ പറഞ്ഞത് ‘പ്രിയരേ, ഇതു നിങ്ങൾക്കായി വിഭജിക്കപെടുന്ന എന്റെ ശരീരവും, നിങ്ങൾക്കായി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ എന്റെ രക്തവും ആണ്, നിങ്ങൾ എന്റെ ഓർമ്മക്കായ് ഇതു ചെയ്യുവിൻ ‘ എന്നാണ്.
കത്തോലിക്കാ വിശ്വാസത്തിൽ, കൗദാശികാധിഷ്ടിതമായ വിശ്വാസ ജീവിതത്തിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെക്കുറിച്ച് കാലാകാലങ്ങളിൽ ഉള്ള മാർപ്പാപ്പമാരുടെ ചാക്രികലേഖനങ്ങളിൽ നിന്നും, സഭയുടെ വിവിധ പഠനങ്ങളിൽ നിന്നും, ഉത്ബോധനങ്ങളിൽ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഭാരതമണ്ണിൽ എന്നല്ല ആഗോള കത്തോലിക്കാ സഭയിൽ ഒന്നാകെ പുതു ചൈതന്യം നിറച്ചു വിശുദ്ധ കുർബാനയുടെ പ്രാധാന്യം സഭാതാനയരിൽ ചൊരിഞ്ഞു, വിശ്വാസികളിൽ നവാനുഭവം നിറച്ച മഹാസംഭവം ആയിരുന്നല്ലോ 1964ൽ മുംബൈയിൽ, പരിശുദ്ധ പിതാവ് പോൾ ആറാമൻ മാർപാപ്പ വിളിച്ചു കൂട്ടിയ ദിവ്യകാരുണ്യ സമ്മേളനം.
സക്രാരിയിൽ അപ്പത്തിന്റെ രൂപത്തിൽ സജീവനായി എഴുന്നള്ളിയിരിക്കുന്ന യേശുവിനോടുള്ള ഭക്തി സഭാമക്കളിൽ കൂടുതൽ ആയി വളർത്താൻ ദിവ്യകാരുണ്യ സമ്മേളനത്തിനു സാധിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമാപനത്തിൽ വിശുദ്ധ കുർബാനയുടെ മാഹാത്മ്യം പ്രഘോഷിച്ച ‘വിശ്വാസത്തിന്റെ മഹാരഹസ്യം’എന്ന ചാക്രിക ലേഖനത്തിലൂടെ പോൾ ആറാമൻ പാപ്പ വിശ്വാസ സമൂഹത്തോട് വിളംബരം ചെയ്തതും വിശുദ്ധ കുർബാനയുടെ മഹത്വത്തെക്കുറിച്ച് ആണ് . ഇതിനു തുടർച്ചയെന്നവണ്ണം 1967കാലഘട്ടത്തിൽ കത്തോലിക്കാ സഭയിൽ വളർന്നുവന്ന കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം വിശുദ്ധ കുർബാന അനുദിന ജീവിതത്തിൽ എത്രത്തോളം വിലപ്പെട്ടതാണെന്ന വസ്തുത അൽമായ മനസ്സുകളിൽ ഊട്ടിയുറപ്പിച്ചു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ‘സഭയും വിശുദ്ധ കുർബാനയും’തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചാക്രികലേഖനം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിശ്വാസജീവിതത്തിന് നവജീവൻ പകർന്നു കൊടുക്കുന്നത് ആയിരുന്നു .
യേശുനാഥന്റെ സ്വർഗാരോഹണത്തിനു ശേഷം സെഹിയോൻ ഊട്ടുശാലയിൽ, ദൈവമാതാവിനോടൊപ്പം പ്രാർത്ഥനാനിരതരായിരുന്ന ശിഷ്യഗണം ആയിരുന്നിരിക്കണം ഒരുപക്ഷെ വിശുദ്ധ കുർബാന സ്ഥാപിതമായ ശേഷം ആദ്യമായി ആ ഓർമ്മപ്പെടുത്തൽ ആഘോഷിച്ചത്.ആ പ്രാർത്ഥനാ വേളയിൽ പരിശുദ്ധാത്മാവ് അഗ്നിയാൽ അവരെ അഭിഷേകം ചെയ്തു ആത്‌മാവിൽ പുതിയ സൃഷ്ടികൾ ആക്കി രൂപാന്തരപ്പെടുത്തിയ അനുഭവ സാക്ഷ്യം എത്ര മനോഹരം ആയിട്ടാണ് ബൈബിളിലെ നടപടി പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. മീൻപിടുത്തക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരും സാധാരണ ജീവിതം നയിച്ചിരുന്നവരുമായ ക്രിസ്തു ശിഷ്യൻമാർ തങ്ങളുടെ ജീവിതത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു യഥാർത്ഥമായ വിശുദ്ധ കുർബാന അനുഭവത്തിലൂടെ കടന്നു പോയപ്പോൾ, ലോകമെങ്ങും പോയി ദൈവരാജ്യം പ്രസംഗിക്കാനുള്ള ശക്തിയും കഴിവും അവർക്ക് ലഭിച്ചു എന്നത് ചരിത്രത്തിന്റെ ഏടുകളിൽ ചേർക്കപ്പെട്ടിരിക്കുന്നു.
സഭയിലെ വിശുദ്ധരായവരൊക്കെയും വിശുദ്ധ കുർബാനയെ സ്നേഹിച്ചവർ ആയിരുന്നു. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ജീവചരിത്രം പരിശോധിച്ചാൽ ഏവരിലും ഒന്നായി കാണാവുന്ന സ്വഭാവ സവിശേഷത, വിശുദ്ധരൊക്കെയും അനുതാപത്തോടെയും തികഞ്ഞ ഭക്തിയോടെയും വിശുദ്ധ കുർബാന അർപ്പിക്കുകയും, വിശുദ്ധ കുർബാന തങ്ങളുടെ ആത്മരക്ഷക്കായുള്ള ജീവ ശ്രോതസ്സായി കണ്ടെത്തുകയും ചെയ്തുവെന്നതാണ്. അന്ത്യോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘അമർത്യതക്കുള്ള മരുന്നാണ് ‘വിശുദ്ധ കുർബാന. അതെ, ഭയഭക്ത്യാദരപൂർവ്വം അർപ്പിക്കപ്പെടുന്ന ഓരോ ബലിയും നമ്മുടെയും മറ്റുള്ളവരുടെയും രക്ഷക്ക് കാരണം ആയി തീരുന്നു. “ഏറ്റവും ചെറുതും എളുപ്പവുമായ സ്വർഗത്തിലേക്കുള്ള വഴിയാണ് അടുത്തടുത്ത വിശുദ്ധ കുർബാന സ്വീകരണം “എന്നു സഭാമക്കളെ പഠിപ്പിക്കുകയും അനുദിന ദിവ്യകാരുണ്യ സ്വീകരണത്തെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹത് വ്യക്തി ആയിരുന്നു വിശുദ്ധ പത്താം പിയൂസ് മാർപാപ്പ. വിശുദ്ധ കുർബാന വിശുദ്ധമായ ജീവിതത്തിന് എത്രമാത്രം അത്യന്താപേക്ഷിതം ആണെന്ന സത്യം മനസ്സിലാക്കി ആ സന്ദേശത്തെ പ്രചരിപ്പിച്ചവർ ആയിരുന്നു മിക്ക സഭാ തലവൻമാരും. ത്രിത്വയ്കദൈവ കേന്ദ്രീകൃതമായ ക്രൈസ്തവ ജീവിതത്തിൽ വിശുദ്ധ കുർബാനയുടെ പങ്ക് അവർണ്ണനീയം തന്നെ.
വിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യത്തെകുറിച്ച് ബലിയർപ്പണ വേളയിൽ വൈദികന് സംശയം തോന്നുകയും തത്ക്ഷണം വിശുദ്ധ കുർബാന ശരീരവും രക്തവും ആയി മാറുകയും ഇറ്റലിയിലെ ‘ലാഞ്ചിയാനോയിലെ ദിവ്യകാരുണ്യ അത്‍ഭുതം’ എന്ന പേരിൽ പില്ക്കാലത്തു അറിയപ്പെടുകയും ചെയ്ത എട്ടാം നൂറ്റാണ്ടിലെ സംഭവം വിശുദ്ധ കുർബാനയിൽ യേശു സന്നിഹിതനാണെന്നതിന്റെ ഏറ്റവും വലിയ തെളിവായി ഇന്നും അവശേഷിക്കുന്നു.
പ്രപഞ്ചത്തിൽ സൂര്യചന്ദ്രൻമാരുടെ പ്രകാശം എത്രത്തോളം ആവശ്യം ആണോ അതിലേറെ ലോകത്തിന് വിശുദ്ധ കുർബാന ആവശ്യം ഉണ്ടെന്ന് നമ്മെ പഠിപ്പിച്ച വിശുദ്ധൻ ആണ് വിശുദ്ധ പാദ്രെ പിയോ. അദ്ദേഹം അർപ്പിച്ചിരുന്ന ഓരോ ദിവ്യബലിയും മണിക്കൂറുകൾ ദൈർഖ്യം ഏറിയതായിരുന്നു. വിശുദ്ധ കുർബാന അർപ്പിക്കുന്ന വേളകളിൽ പഞ്ചാക്ഷതാനുഭവങ്ങളിലൂടെ അദ്ദേഹം കടന്നുപോകാറുണ്ടായിരുന്നു. പലപ്പോഴും വിശുദ്ധ കുർബാന മാത്രം ഉൾക്കൊണ്ടുകൊണ്ടു സുകൃതജീവിതം നയിച്ചിരുന്നവർ ആണ് വിശുദ്ധരിൽ ഏറിയ പങ്കും. സഹനത്തിന്റെയും വേദനയുടെയും തീച്ചൂളയിൽ ഉരുകിയപ്പോളും തന്റെ സഹനങ്ങളെ പ്രിയ മണവാളൻ ആയ യേശുക്രിസ്തുവിനു ഒരു ബലിയായി നൽകുവാൻ വിശുദ്ധ അൽഫോൻസാമ്മക്ക് ചൈതന്യം ലഭിച്ചത് അനുദിനം സ്വീകരിച്ച വിശുദ്ധ കുർബാനയിൽ നിന്നാണ്.
പാവങ്ങളുടെ അമ്മയായ കൊൽക്കത്തായിലെ വിശുദ്ധ മദർ തെരേസയുടെ ജീവിത കഥയിൽ പലയിടത്തും പറഞ്ഞിരിക്കുന്ന സംഭവം തന്റെ രോഗികൾക്ക് കൊടുക്കാൻ ആവശ്യമായ മരുന്നോ ഭക്ഷണമോ ഇല്ലാതെ വന്ന അനവധി അവസരങ്ങളിൽ സക്രാരിക്കുമുന്നിൽ ധ്യാനനിമഗ്‌നയായി പ്രാർത്ഥിച്ചപ്പോൾ അത്ഭുതമായി തങ്ങൾക്ക് ആവശ്യമുള്ളിടത്തോളം ഭക്ഷണവും മരുന്നും നൽകി ഭൗതിക കാര്യങ്ങൾ അല്ലലില്ലാതെ നടത്തികൊടുത്ത കുർബാനയിലെ യേശുവിനെകുറിച്ചാണ്.
ഇരുപതാം നൂറ്റാണ്ടിൽ ദൈവത്തിന്റെ അനന്തമായ കരുണയെക്കുറിച്ച് ലോകത്തെ പഠിപ്പിച്ച വിശുദ്ധ മരിയ ഫൗസ്തീനയും, വേദപാരംഗതയായ ആവിലയിലെ വിശുദ്ധ അമ്മ ത്രേസിയായും ഒക്കെ വിശുദ്ധ കുർബാനക്ക് വിശുദ്ധ ജീവിത്തിലുള്ള പങ്ക് സ്വജീവിതത്തിലൂടെ പ്രഘോഷിച്ചവർ ആയിരുന്നു.
വിഭജിക്കപ്പെട്ടതും പങ്കുവെക്കപ്പെട്ടതും ബലികഴിക്കപ്പെട്ടതുമായ ദിവ്യശരീരം ആയ വിശുദ്ധ കുർബാന, വിശുദ്ധ ജനത്തിന് അതിരുകളില്ലാത്ത ദൈവസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽക്കൂടിയാണ്. മാമോദീസയിലൂടെ ദൈവരാജ്യത്തിൽ ജനിച്ച ഒരു ആത്‌മീയ പൈതൽ കൂദാശകൾ സ്വീകരിച്ചു വളരുമ്പോൾ, അനുതാപപൂർവ്വമുള്ള വിശുദ്ധ കുർബാന ഉൾക്കൊള്ളലിലൂടെ നാം ഹൃദയത്തിൽ യേശുക്രിസ്തുവിനെ പ്രതിഷ്ഠിച്ച് ജീവിതത്തിന്റെ നിയന്താവായി അവിടുത്തെ നിശ്ചയിക്കുകയാണ് ചെയ്യുക. അങ്ങനെ യേശുക്രിസ്തു നമ്മെ നയിക്കുമ്പോൾ നമ്മുടെ ജീവിതം ദൈവോന്മുഖവും വിശുദ്ധവും ആയി തീരുന്നു. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഗാർഹിക സഭയായ കുടുംബത്തിൽ വിശുദ്ധ കുർബാനയുടെ പങ്ക് വളരെ വലുതാണ്. ശരീരത്തിന് പോഷണം ആവശ്യം എന്നപോലെ ആത്‌മാവിന്റെ ഭോജനമാണ് വിശുദ്ധ കുർബാന.
ദമ്പതികൾ വേണ്ടത്ര ഒരുക്കത്തോടെ വിശുദ്ധ കുർബാനസ്വീകരിക്കുമ്പോൾ അവർ തങ്ങളെ തന്നെ ശുദ്ധീകരിച്ച് തങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കുന്നു. ഭയഭക്തി ബഹുമാനത്തോടെ അർപ്പിക്കപ്പെടുന്ന ഓരോ ദിവ്യബലിയും, വേണ്ടത്ര ഒരുക്കത്തോടെ സ്വീകരിക്കപ്പെടുന്ന ഓരോ ദിവ്യകാരുണ്യവും വ്യക്തിയിലും കുടുംബത്തിലും ആത്‌മീയ തലത്തിൽ ഉയർച്ചയും , അനുദിന ജീവിതത്തിൽ വിശുദ്ധീകരണവും വരുത്താൻ ഉതകും.
വിശുദ്ധ കുർബാനയെക്കുറിച്ച് എഴുതുമ്പോൾ എങ്ങനെയാണ് വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നത് എന്നുകൂടി ചിന്തിക്കുന്നത് പ്രസക്തമാണ്. അനുതാപം നിറഞ്ഞ ഹൃദയത്തോടെയാണ് നാം ബലിയർപ്പിക്കേണ്ടതെന്ന് തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. “നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്‍റെ സഹോദരന് നിന്നോടു എന്തെങ്കിലും വിരോധമുണ്ടെന്ന് തോന്നിയാല്‍ ബലി വസ്തു അവിടെ വച്ചിട്ട് സഹോദരനുമായി രമ്യപ്പെട്ടതിനു ശേഷം ബലിയര്‍പ്പിക്കുക”(മത്തായി 5 : 22-23). ബലഹീനനും പാപിയുമായ മനുഷ്യൻ, ദൈവസന്നിധിയിൽ എളിമയോടെ പ്രാർത്ഥിച്ച ചുങ്കക്കാരനെപ്പോലെ ആകുമ്പോൾ അവന്റെ ബലിയിൽ ദൈവം സംപ്രീതനാകുകയും, വിശുദ്ധ കുർബാനയിലൂടെ അവന്റെ ഹൃദയത്തിൽ എഴുന്നള്ളുകയും ചെയ്യുന്നു. വിശുദ്ധ കുർബാനയർപ്പണം ദൈവത്തിനുള്ള മനുഷ്യന്റെ കൃതജ്ഞതാബലി കൂടിയാണ്. അങ്ങനെ ദൈവം നൽകിയ നിരവധിയായ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം ദിവ്യബലിയിൽ സഹകാരിയാകുമ്പോൾ തനിക്കു വേണ്ടിയും ലോകം മുഴുവനുംവേണ്ടിയും മരിച്ചുപോയ ആത്‌മാക്കൾക്കു വേണ്ടിയും, സ്വർഗ്ഗവാസികളോടും വൈദികനോടും ഒന്നുചേർന്ന് ഏവരും മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു. അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമ്മുടെ ഹൃദയത്തിൽ എഴുന്നള്ളിവരുന്ന യേശു നമ്മോടു സംവദിക്കുകയും, നമ്മെ നയിക്കുകയും ചെയ്യുന്നത് ദൈവരാജ്യത്തിലേക്ക് ആയിരിക്കും.
ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന ശാരീരികവും, മാനസികവും, ആത്‌മീയവും ആയ ബുദ്ധിമുട്ടുകളെയും, പ്രതിസന്ധികളെയും, പ്രലോഭനങ്ങളെയും സമചിത്തതയോടെ നേരിടുവാനും, സഹനങ്ങളെ സസന്തോഷം സ്വീകരിക്കുവാനും ദിവ്യകാരുണ്യ നാഥൻ നമ്മെ സഹായിക്കുന്നു.
വിശുദ്ധ കുർബാന ഒരുക്കത്തോടെ നമ്മൾ സ്വീകരിക്കുമ്പോൾ അത് കേവലം ഒരു ആചാരാനുഷ്ഠാനം ആയി തീരാതെ ഒരു അനുഭവം ആയി മാറുകയാണ്. സ്വയം മുറിക്കപ്പെട്ട യേശുവിനെ പോലെ നമുക്കും അപ്പോൾ മുറിക്കപ്പെടാൻ സാധിക്കും. കുടുംബത്തിൽ നമ്മുടെ ഇഷ്ടങ്ങൾ മാറ്റിവെക്കപ്പെടേണ്ടി വരുമ്പോൾ, ദമ്പതികളിൽ ഒരാൾ മറ്റേയാൾക്കു വിധേയപ്പെടുമ്പോൾ, താഴ്ന്നു കൊടുക്കേണ്ടി വരുമ്പോൾ, നിസ്വാർത്ഥമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുമ്പോൾ, കുട്ടികളെ ക്രിസ്തീയ ചൈതന്യത്തിൽ വളർത്തുമ്പോൾ, അയൽക്കാരനോടുള്ള കടമകൾ നിറവേറ്റുമ്പോൾ എല്ലാം ദമ്പതികൾ കുടുംബജീവിതത്തിൽ സ്വയം മുറിക്കപ്പെടുകയും യേശുവിനെപ്പോലെ ശൂന്യരാവുകയും എളിമപ്പെടുകയും ആണ് ചെയ്യുക . അങ്ങനെ അവർ തങ്ങളുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും യഥാർത്ഥ വിശുദ്ധ കുർബാന അനുഭവം കൊണ്ടു വരുന്നു.
ഇങ്ങനെ വിശുദ്ധിയോടെ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ദമ്പതികൾ തങ്ങളുടെ കുടുംബങ്ങളെയും, തങ്ങൾ ആയിരിക്കുന്ന സമൂഹത്തെയും ഒന്നടങ്കം വിശുദ്ധീകരിക്കുന്നു.
വ്യക്തിപരമായി വിശുദ്ധ കുർബാനയോടുള്ള ഭക്തി ചെറുപ്പംമുതലേ ഞാൻ ശീലിച്ചു വന്നിട്ടുള്ള ഒന്നാണ്. പഠനകാലങ്ങളിൽ സക്രാരിയിലെ വിശുദ്ധ കുർബാനക്കു മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു പഠിച്ചപ്പോൾ എഴുതിയ പരീക്ഷകൾ എല്ലാം ഉന്നത നിലയിൽ വിജയിച്ചതും, ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പോലും പഠിക്കാൻ സാധിച്ചതും ഒക്കെ എന്റെ വേറിട്ട അനുഭവസാക്ഷ്യം. ജീവിതത്തിലെ വിഷമം നിറഞ്ഞ കാലങ്ങളിൽ അൾത്താരക്കു മുന്നിൽ നിന്നു പ്രാർത്ഥിച്ചപ്പോൾ എല്ലാം ആശ്വാസം ലഭിച്ചതും, തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഇന്നും സാധിക്കുന്നതും വിശുദ്ധ കുർബാനയിലെ ഈശോയോടും അവിടുത്തെ വത്സലമാതാവിനോടും ഞാൻ സഹായം അഭ്യർത്ഥിക്കുന്നതുകൊണ്ടും കൂടിയാണ്.
വിശുദ്ധ കുർബാനയുടെ മുന്നിൽ നിശബ്ദനായി ഏകാഗ്രതയോടെ പ്രാർത്ഥിച്ചപ്പോൾ എല്ലാം മനസ്സിലെ പ്രയാസങ്ങളുടെ കെട്ടുകൾ അഴിയപ്പെട്ടതും, സഹായം ആവശ്യമായിരുന്ന സന്ദർഭങ്ങളിൽ സഹായം ലഭിച്ചതും എന്റെ ജീവിതാനുഭവം.
വർഷങ്ങൾ ആയി എല്ലാ ദിവസവും ഒരിക്കലും മുടങ്ങാതെ, ജോലി ആരംഭിക്കും മുൻപ് സക്രാരിയിലെ യേശുവിനെ സന്ദർശിച്ചു പ്രാർത്ഥിച്ചിട്ട് ദിവസം തുടങ്ങുമ്പോൾ ആ ദിവസത്തേക്ക് വേണ്ടുന്ന ആത്‌മീയ ഊർജ്ജം സംഭരിക്കുന്നതോടൊപ്പം, ഞാൻ അനുഭവിക്കുന്നത്, ചെയ്യുന്ന ജോലിയിൽ പരിപൂർണ സന്തോഷവും സഹപ്രവർത്തകരോടും എന്റെ ശുശ്രൂഷണത്തിൻ കീഴിൽ വരുന്ന രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും ആത്മാർത്ഥമായി ഇടപെടാൻ കഴിയുന്നു എന്നതുമാണ്.
പലവിധ മഹാവ്യാധികളാലും, മാറാരോഗങ്ങളാലും, പ്രകൃതിക്ഷോഭത്താലും മനുഷ്യൻ കഷ്ടപ്പെടുന്ന ഈ കാലത്ത് വിശ്വാസികൾ വിശുദ്ധ കുർബാനയിലെ യേശു സാന്നിധ്യം മനസ്സിലാക്കി, തങ്ങളെ തന്നെ വിശുദ്ധീകരിച്ച്, ഹൃദയത്തിൽ യേശുവിനെ പ്രതിഷ്ഠിച്ച് വിശുദ്ധ ജനങ്ങൾ ആയി മാറട്ടെ. ദമ്പതികളുടെ, വിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായ വിശുദ്ധീകരണം വഴി നമ്മുടെ കുടുംബങ്ങളും സമൂഹവും ആദ്യമക്രൈസ്‌തവ സമൂഹത്തിന്റെ തീക്ഷ്ണതയിൽ രൂപാന്തരപ്പെടട്ടേ എന്നതാണ് എന്റെ പ്രാർത്ഥന. ഗാഗുൽത്തായിൽ അർപ്പിക്കപ്പെട്ട ശ്രേഷ്ഠബലിയിൽ സർവ്വാത്മന പങ്കാളികൾ ആയി നമ്മുടെ ജീവിതം നമുക്കും വിശുദ്ധീകരിക്കാം.
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനുഎന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ’.
സുജിത് തോമസ്