ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയവും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോയും സിപ്പര്‍ കപ്പും ലഭിക്കുന്നതിനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. പാര്‍ക്കിന്‍സണ്‍സ് രോഗിയെന്ന നിലയിലാണ് അദ്ദേഹം സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ടത്.
അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത അവ തിരികെ തരണമെന്ന് പൂനെ കോടതിയില്‍ ഫാ. സ്വാമി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സ്‌ട്രോയും മറ്റും എടുത്തിട്ടില്ലെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്.
ഇതേതുടര്‍ന്ന് ജയിലില്‍ സ്‌ട്രോയും സിപ്പറും തണുപ്പുകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുവാദം തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ നാലിലേക്ക് നീട്ടിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്‌ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി ഫാ. സ്റ്റാന്‍ സ്വാമിയുടെ കാത്തിരിപ്പ് നീളുന്നു.