അതെ, അതിശയകരവും അവിശ്വസനീയവുമായ ഒരു ജീവിതമാണ് ദൈവാസിയായ ഫ്‌ളോറിപെസ് ദെ ജീസസിന്റേത്. ലോല എന്ന പേരിലാണ് ബ്രസീലിലെ ഈ അല്മായ വനിത പൊതുവെ അറിയപ്പെടുന്നത്. അറുപത് വര്‍ഷം ദിവ്യകാരുണ്യം മാത്രമായിരുന്നു ലോലയുടെ ഭക്ഷണം. പതിനാറാം വയസില്‍ മരത്തില്‍ നിന്ന് വീണതുമുതല്ക്കായിരുന്നു ലോലയുടെ ജീവിതം മാറിമറിഞ്ഞത്. അതിന് ശേഷം ലോല ഭക്ഷണം കഴിച്ചിട്ടേയില്ല.
വിശപ്പോ ദാഹമോ അനുഭവപ്പെട്ടില്ല. ഉറങ്ങിയിട്ടുമില്ല. ഫലപ്രദമായ ഒരു ചികിത്സയും ലോലക്കു ലഭിച്ചതുമില്ല, ചികിത്സ ഫലിച്ചതുമില്ല. ഇതിന് ശേഷമാണ് ദിവ്യകാരുണ്യവുമായി ലോല അടുത്ത ബന്ധം സ്ഥാപിച്ചത്. തുടര്‍ന്നുള്ള അറുപത് വര്‍ഷം ലോല ഭക്ഷിച്ചത് ദിവ്യകാരുണ്യം മാത്രമായിരുന്നു. കിടക്കപോലും ഉപേക്ഷിച്ചായിരുന്നു കിടപ്പ്.
ലോലയുടെ പുണ്യജീവിതം അറിഞ്ഞ അനേകര്‍ അവളെ സന്ദര്‍ശിക്കാനെത്തിത്തുടങ്ങി. സന്ദര്‍ശകബുക്കിലെ കണക്കുപ്രകാരം 1950 ലെ ഒരു മാസം അവളെ സന്ദര്‍ശിക്കാനെത്തിയത് 32,980 പേരായിരുന്നു. കുമ്പസാരിക്കുക, വിശുദ്ധ കുര്‍ബാന സ്വീകരിക്കുക. ആദ്യ വെള്ളിയാഴ്ച തിരുഹൃദയത്തോടുള്ള വണക്കം നടത്തുക എന്നിവയായിരുന്നു സന്ദര്‍ശകരോട് ലോല നിര്‍ദ്ദേശിച്ചിരുന്ന കാര്യങ്ങള്‍. വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിലും നിശ്ശബ്ദതയിലുമായിരുന്നു ലോല ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത്.
1999 ഏപ്രിലിലാണ് ലോല നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 12000 ആളുകളാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുത്തത്. 22 വൈദികര്‍ ശുശ്രൂഷകളില്‍ കാര്‍മ്മികരായി. 2005 ല്‍ ദൈവദാസിയായി പ്രഖ്യാപിച്ചു.