ജീവിതത്തിലെ ചില നിമിഷങ്ങളില്‍ നാം ചിലരെയൊക്കെ ശപിച്ചുപോകാറുണ്ട്. ഒരു പക്ഷേ നാം അത് മനപ്പൂര്‍വ്വംചെയ്യുന്നതാവണം എന്നില്ല. നമ്മുടെ തന്നെ മനസ്സിന്റെ ക്ഷോഭവും നാം എത്തിനില്ക്കുന്ന സാഹചര്യത്തിന്റെ സമ്മര്‍ദ്ദവും അങ്ങനെ പല പല കാരണങ്ങള്‍ കൊണ്ട് അറിയാതെ സംഭവിച്ചുപോകുന്നതാണ് അത്.
പക്ഷേ നാം ആരെയും ശപിക്കാന്‍ പാടില്ലാത്തതാണ്. ക്രിസ്തു അതാണ് നമ്മെ പഠിപ്പിച്ചുതന്നിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ പേജുകളിലെല്ലാം നാം കാണുന്നതും അനുഗ്രഹങ്ങളാണ്. ദൈവം എല്ലാറ്റിനെയും അനുഗ്രഹിക്കുകയാണ് ചെയ്യുന്നത്. നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് എന്നാണ് പുതിയ നിയമം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും.
ദൈവം അനുഗ്രഹിച്ചവരെ ശപിക്കാന്‍ നമുക്ക് അനുവാദമില്ല. നാം അനുഗ്രഹിക്കപ്പെട്ടവരാണെന്നും ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ ഒരാള്‍ക്കും മറ്റൊരാളെ ശപിക്കാന്‍ കഴിയുകയില്ല. അല്ലെങ്കില്‍ ആലോചിച്ചുനോക്കൂ നാം എന്തുമാത്രം അനുഗ്രഹിക്കപ്പെട്ട അവസ്ഥയിലാണ് ജീവിക്കുന്നതെന്ന്..ഇതൊന്നും നമ്മുടെ കഴിവുകൊണ്ടാണോ.
അല്ല ദൈവം അനുഗ്രഹിച്ചതുകൊണ്ടായിരുന്നു. പീഡിപ്പിച്ചവരെ പോലും അനുഗ്രഹിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത ക്രിസ്തുവിനെ ഓര്‍മ്മിക്കുക. മറ്റുള്ളവര്‍ നമ്മോട് എന്തു ദ്രോഹവും ചെയ്തുകൊള്ളട്ടെ അതിന് ഒരുപക്ഷേ നാം അനര്‍ഹരായിരിക്കും. അനര്‍ഹരായതുകൊണ്ടാണല്ലോ നമ്മുടെ ഈഗോ വേദനിക്കുകയും അതില്‍ നിന്നാണല്ലോ നാം ശപിച്ചുപോകുന്നതും.
അത്തരമൊരു സാഹചര്യം ഇനി ജീവിതത്തില്‍ ഉണ്ടാവുകയാണെങ്കില്‍ ബോധപൂര്‍വ്വം നമുക്ക് നാവിനെയും മനസ്സിനെയും അടക്കിനിര്‍ത്താം. ശപിക്കുന്നതിന് പകരം അനുഗ്രഹിക്കാന്‍ ശ്രമിക്കാം. കാരണം ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണല്ലോ..